Web Desk

ആലപ്പുഴ

February 14, 2021, 3:40 pm

എൽഡിഎഫിലെ എല്ലാ കക്ഷികളും ഇപ്പോഴും മുന്നണിയിലുണ്ട്; പാലായില്‍ വിജയം ഉറപ്പാണെന്നും കാനം രാജേന്ദ്രൻ

Janayugom Online

എൽഡിഎഫിലെ എല്ലാ കക്ഷികളും ഇപ്പോഴും മുന്നണിയിലുണ്ടെന്നും മാണി സി കാപ്പൻ പുതിയ പാർട്ടിയുണ്ടാക്കിയാണ് യുഡിഎഫിലേയ്ക്ക് പോയതെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. സിപിഐ നേതാവ് ആർ സുഗതന്റെ 50-ാം ചരമവാർഷിക ദിനാചരണത്തിന്റെ ഭാഗമായി നടന്ന സമ്മേളനം ഉദ്ഘാടനം ചെയ്യാനായി ആലപ്പുഴയിൽ എത്തിയ അദ്ദേഹം മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കുകയായിരുന്നു. എൻ സി പി ഇപ്പോഴും എൽ ഡി എഫിൽ ഉറച്ച് നിൽക്കുകയാണ്. മാണി സി കാപ്പന് പുതിയ പാർട്ടി ഉണ്ടാക്കാനുള്ള സ്വതന്ത്ര്യമുണ്ട്. കഴിഞ്ഞ ഉപതെരഞ്ഞെടുപ്പിൽ പാലയിൽ ഒറ്റയ്ക്ക് മത്സരിച്ചാണ് എൽഡിഎഫ് വിജയിച്ചത്. അന്ന് എതിർത്ത പാർട്ടിയും ഇപ്പോൾ എൽഡിഎഫിനൊപ്പം ആയതിനാൽ വിജയം ഉറപ്പാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സങ്കൽപ്പങ്ങളിൽ നിന്നാണ് യു ഡി എഫ് നേതൃത്വം സംസ്ഥാന സർക്കാരിനെതിരെ പല പ്രചരണവും നടത്തുന്നതെന്ന് ആര്‍ സുഗതന്‍ അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. ജനങ്ങളുടെ പ്രശ്നങ്ങൾ മനസ്സിലാക്കി പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലേത്. പി എസ് സി നിയമനത്തിൽ സർവ്വകാല റെക്കോർഡും സ്ഥാപിക്കുവാൻ സംസ്ഥാന സർക്കാരിന് കഴിഞ്ഞു. 47,000 പുതിയ തസ്തിക സർക്കാർ കൊണ്ടുവന്നു. 1,57000 പേർക്ക് നിയമന ഉത്തരവ് നൽകിയതിനോടൊപ്പം 4443 റാങ്ക് ലിസ്റ്റുകളും പ്രസിദ്ധീകരിച്ചു. എന്നാൽ യു ഡി എഫ് സർക്കാരിന്റെ കാലത്ത് തസ്തിക പോലും മരവിപ്പിച്ചിരുന്നു. കഴിഞ്ഞ നാല് വർഷത്തിലേറെയായി തൊഴിലിന് വേണ്ടി സമരം ചെയ്യാത്തവർ ഇപ്പോള്‍ സജീവമാകുന്നത് മറ്റ് ഉദ്ദേശത്തോടെയാണെന്ന് ജനങ്ങൾക്ക് അറിയാമെന്നും കാനം പറഞ്ഞു.

സംസ്ഥാനങ്ങളുടെ താൽപ്പര്യം സംരക്ഷിക്കുന്നതിൽ കേന്ദ്രസർക്കാർ പരാജയമാണ്. പെട്രോൾ, ഡീസൽ വില കുത്തനെ വർധിപ്പിച്ചതിലൂടെ ലഭിക്കുന്ന കൊള്ളമുതൽ എത്തുന്നത് കേന്ദ്രസർക്കാരിന്റെ കയ്യിലാണ്. പല സംസ്ഥാനങ്ങളിലും കേരളത്തിലെപ്പോലെ തദ്ദേശ സ്ഥാപനങ്ങളുടെ അധികാരവും ആവശ്യമായ പണവും താഴെ തട്ടിലേയ്ക്ക് വരുന്നില്ല. കേന്ദ്രസർക്കാർ പ്രോത്സാഹിപ്പിക്കുന്നത് ഇത്തരം നയങ്ങളാണ്. എന്നാൽ പരമിതമായ സാമ്പത്തിക സംവിധാനത്തിലും ജനങ്ങളെ പരമാവധി സഹായിക്കുവാനാണ് സർക്കാർ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തിരുവിതാംകൂര്‍ കയര്‍ഫാക്ടറി വര്‍ക്കേഴ്സ് യൂണിയന്‍ (എഐടിയുസി) ജനറല്‍ സെക്രട്ടറി പി വി സത്യനേശന്‍ അധ്യക്ഷനായി. സിപിഐ മണ്ഡലം സെക്രട്ടറി ഇ കെ ജയന്‍ സ്വാഗതം പറഞ്ഞു. സിപിഐ ജില്ലാ സെക്രട്ടറി ടി ജെ ആ‍ഞ്ചലോസ്, സംസ്ഥാന കൗണ്‍സില്‍ അംഗങ്ങളായ എ ശിവരാജന്‍, ദീപ്തി അജയകുമാര്‍, ജില്ലാ അസിസ്റ്റന്റ് സെക്രട്ടറി ജി കൃഷ്ണപ്രസാദ്, ജില്ലാ എക്സിക്യൂട്ടീവ് അംഗങ്ങളായ പി ജ്യോതിസ്, വി മോഹന്‍ദാസ്, നേതാക്കളായ വി പി ചിദംബരന്‍, ആര്‍ സുരേഷ്, വി ജെ ആന്റണി, ബി ആര്‍ പ്രകാശ്, ടി സി സോമിനി, കെ എസ് വാസന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. കെ എല്‍ ബെന്നി നന്ദി പറഞ്ഞു.

Eng­lish sum­ma­ry: Kanam Rajen­dran on LDF
You may also like this video: