Tuesday
26 Mar 2019

ബിജെപിയ്‌ക്കെതിരെ എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും ഒറ്റക്കെട്ടായി അണിനിരക്കണം: ബിനോയ് വിശ്വം

By: Web Desk | Sunday 7 October 2018 11:25 AM IST


KKD General- Binoy Viswam
പി വി സാമി പുരസ്‌കാര സമര്‍പ്പണത്തോടനുബന്ധിച്ച് ‘2019 -ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ വഴിത്തിരിവാകുമോ’ എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ബിനോയ് വിശ്വം എം പി സംസാരിക്കുന്നു

കോഴിക്കോട്: വര്‍ഗ്ഗീയ അജണ്ടയുമായി ഭരണം നടത്തുന്ന ബി ജെ പി സര്‍ക്കാരിനെ താഴെയിറക്കാന്‍ കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള എല്ലാ മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികളും ഒന്നിച്ച് അണിനിരക്കണമെന്ന് സി പി ഐ ദേശീയ സെക്രട്ടേറിയറ്റ് അംഗം ബിനോയ് വിശ്വം എം പി പറഞ്ഞു. പി വി സാമി അവാര്‍ഡ് സമര്‍പ്പണത്തോടനുബന്ധിച്ച് ‘2019 -ഇന്ത്യന്‍ ജനാധിപത്യത്തിന് പുതിയ വഴിത്തിരിവാകുമോ’ എന്ന വിഷയത്തില്‍ കോഴിക്കോട് ടാഗോര്‍ ഹാളില്‍ നടന്ന സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വരുന്ന തെരഞ്ഞെടുപ്പില്‍ എങ്ങിനെയെങ്കിലും അധികാരം നിലനിര്‍ത്തുന്നതിന് എല്ലാവരേയും കൂട്ടുപിടിക്കാനാണ് ബി ജെ പിയുടെ പരിശ്രമം.

അതിനായി കോടികളുടെ അഴിമതിപ്പണം ഒഴുക്കുകയാണ്. മോദി ഭരണത്തിനു കീഴില്‍ രാജ്യത്തിന്റെ സമസ്ത മേഖലയും തകര്‍ച്ചയിലായി. തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ പാലിക്കാനുള്ളതല്ലെന്നാണ് ബി ജെ പി സര്‍ക്കാര്‍ തെളിയിക്കുന്നത്. ബോഫോഴ്‌സ് ഇടപാടില്‍ രാജീവ് ഗാന്ധിക്കെതിരെ പോര്‍മുഖം തുറന്ന ബി ജെ പി റഫേല്‍ ഇടപാടില്‍ ഒളിച്ചുകളി നടത്തുകയാണ്. അഴിമതിയില്‍ മുങ്ങി പ്രതിച്ഛായ നഷ്ടപ്പെട്ട നരേന്ദ്ര മോദിയെ വെള്ളപൂശാനാണ് ബി ജെ പിയും സംഘപരിവാറും ശ്രമിക്കുന്നത്.

ബി ജെ പി സര്‍ക്കാര്‍ അനുകരിക്കുന്നത് ഇന്ത്യന്‍ മാതൃകകളല്ല. ബി ജെ പിയ്ക്ക് രാഷ്ട്രീയ മേല്‍ക്കോയ്മ ഉണ്ടാക്കുന്നതിന് എല്ലാ രംഗത്തും കൈകടത്തുകയാണ്. രാജ്യത്തെങ്ങും സംഘപരിവാര്‍ ശക്തികള്‍ ഗാന്ധി ഘാതകന്‍ ഗോഡ്‌സയെ വാഴ്ത്തുകയാണ്. മോഹന്‍ ഭാഗവതിന്റെ കല്പനകള്‍ക്ക് പിറകെപോകാനാണ് മോദി ഭരണകൂടം തിടുക്കം കൂട്ടുന്നത്. ബി ജെ പിയുടെ ഹിന്ദുത്വമല്ല ഹിന്ദു മതം. വൈവിധ്യങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയ്ത്തവരായി ബി ജെ പി മാറി. ഇന്ത്യന്‍ ജനാധിപത്യത്തിന്റെ അടിത്തറയായ മതേതതരത്വത്തെ ഇളക്കിമാറ്റാനാണ് ബി ജെ പി സര്‍ക്കാരിന്റെ ശ്രമം. ഇതിനെതിരെ വിശാല ജനകീയ ഐക്യം ശക്തിപ്പെട്ടേ മതിയാകൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സെമിനാറില്‍ എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ വിഷയം അവതരിപ്പിച്ചു. ബി ജെ പി സംസ്ഥാന പ്രസിഡന്റ് അഡ്വ. പി എസ് ശ്രീധരന്‍പിള്ള, എം ഷഹീര്‍സിംഗ്, ഡോ. ജയ്കിഷ് ജയരാജ് എന്നിവരും സംസാരിച്ചു.

Related News