Web Desk

കൊച്ചി

May 28, 2021, 9:09 am

ലക്ഷദ്വീപില്‍ നാളെ വീണ്ടും സർവ്വകക്ഷിയോഗം; ദ്വീപ് എംപി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തും

Janayugom Online

ലക്ഷദ്വീപ് വിഷയത്തില്‍ നാളെ വീണ്ടും സർവ്വകക്ഷിയോഗം ചേരും. കഴിഞ്ഞ ദിവസം നടന്ന യോഗത്തില്‍ സിപിഐ , സിപിഐ(എം), എൻസിപി, കോൺഗ്രസ് അടക്കമുള്ള രാഷ്ട്രീയ പാർട്ടികളും പങ്കെടുത്തിരുന്നു. ദ്വീപിലെ ബിജെപി നേതാക്കാളെയടക്കം ഉൾപ്പെടുത്തി സ്റ്റിയറിംഗ് കമ്മിറ്റി രൂപീകരിക്കാനാണ് നീക്കം. ലക്ഷദ്വീപ് എംപി മുഹമ്മദ് ഫൈസൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്യും.

ലക്ഷദ്വീപിലെ വിവാദ ഉത്തരവുകളെ ന്യായീകരിച്ച് രംഗത്തെത്തിയ ദ്വീപ് കളക്റ്റർ അഷ്ക്കറലിക്കെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. മാധ്യമങ്ങളിൽ വ്യാജ പ്രസ്ഥാവനകൾ നടത്തിയെന്ന് ആരോപിച്ച് കിൽത്താൻ ദ്വീപിൽ കളക്ടറുടെ കോലം യൂത്ത് കോൺഗ്രസ് പ്രവർത്തകർ കത്തിച്ചു. കളക്ടറും നിലപാട് വ്യക്തമാക്കിയതോടെ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേലിന്റെ വിവാദ ഉത്തരവുകൾക്കെതിരെ ഒറ്റക്കെട്ടായി നിയമ പോരാട്ടത്തിന് ഇറങ്ങണമെന്നാണ് പൊതുഅഭിപ്രായം.

ലക്ഷദ്വീപ് കളക്ടർ അസ്ക്കർ അലിക്കെതിരെ കൊച്ചിയിൽ സിപിഐയുടെയും ഇടത് യുവജന സംഘടനകളുടെ പ്രതിഷേധം നടന്നിരുന്നു. എറണാകുളം പ്രസ് ക്ലബിൽ വാര്‍ത്താസമ്മേളനത്തിനെത്തിയ കളക്ടറെ സിപിഐ‑എഐവൈഎഫ് പ്രവർത്തകർ കരിങ്കൊടി കാട്ടി.

ലക്ഷദ്വീപിൽ അഡ്മിനിസ്ട്രേറ്റർ പ്രഫുൽ പട്ടേൽ നടപ്പിലാക്കുന്ന ജനവിരുദ്ധ നയങ്ങൾ ക്കെതിരെയായിരുന്നു പ്രതിഷേധം. പ്രസ് ക്ലബ് റോഡിൽ എത്തിയ കളക്ടറെ പൊലീസ് വലയം ഭേദിച്ച പ്രവർത്തകർ കരിങ്കൊടികാട്ടി.

സിപിഐ ജില്ലാ എക്സിക്യൂട്ടീവ് അംഗം ടി സി സൻജിത്ത്, എഐവൈഎഫ് ജില്ലാ ജോയിന്റ് സെക്രട്ടറി വി എസ് സുനിൽകുമാർ എന്നിവർ നേതൃത്വം നൽകി. സിപിഐ‑എഐവൈഎഫ് പ്രതിഷേധത്തിന് പുറമേ ഡിവൈഎഫ്ഐ, യൂത്തു കോൺഗ്രസ് പ്രവർത്തകരും കരിങ്കൊടിയുമായി പ്രതിഷേധത്തിനെത്തി.

Eng­lish sum­ma­ry: All par­ty meet­ing in lakshadeep

You may also like this video: