കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്‍റെ വികസനത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കണം

Web Desk
Posted on July 24, 2019, 3:36 pm

തിരുവനന്തപുരം: കക്ഷി രാഷ്ട്രീയത്തിന് അതീതമായി കേരളത്തിന്റെ വികസന കാര്യത്തില്‍ എല്ലാ വിഭാഗം ജനങ്ങളും ഒരുമിച്ച് നില്‍ക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു. കേരളത്തിന്റെ വികസമെന്നത് നാടിന്റെ ഭാവിയും വരും തലമുറയുമായി ബന്ധപ്പെട്ട വിഷയമാണ്. സര്‍ക്കാരിനോട് ഏതെങ്കിലും തരത്തില്‍ വിരോധമുണ്ടെങ്കിലും കേരളത്തിന്റെ വികസനത്തിന് അത് തടസമായിക്കൂടെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേരളത്തിന്റെ വികസനങ്ങളെ പിന്നോട്ടടിക്കുന്നതും സമൂഹത്തെയാകെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള നിരവധി വസ്തുതാവരിദ്ധമായ പ്രചാരണങ്ങള്‍ നടന്നുവരികയാണ്. അതിലൊന്നാണ് നിസാന്‍ കമ്പനി കേരളം വിട്ടുന്നുവെന്ന പ്രചാരണം. വികസനത്തിന്റെ ഭാഗമായി നിക്ഷേപം പുതിയ മേഖലകളിലേക്ക് ആകര്‍ഷിക്കുന്നതിന് സര്‍ക്കാര്‍ നല്ല മുന്‍ഗണനയാണ് നല്‍കുന്നത്. അതിന്റെ ഭാഗമായാണ് നിസാന്‍ കമ്പനിയുടെ വരവിനെ സര്‍ക്കാരും നാടും സ്വാഗതം ചെയ്തത്. കമ്പനിയുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായ തോതില്‍ ആരംഭിക്കുന്നതിന് അവര്‍ ചില ആവശ്യങ്ങള്‍ അവര്‍ മുന്നോട്ടുവെയ്ക്കുകയും സര്‍ക്കാര്‍ നടത്തിയ ചര്‍ച്ചയുടെ ഭാഗമായി കമ്പനി പ്രവര്‍ത്തനം ആരംഭിക്കുകയും ചെയ്തു.

നിസാന്‍ കമ്പനിക്ക് വിവിധ ആവശ്യങ്ങള്‍ക്ക് സര്‍ക്കാരുമായി ബന്ധപ്പെടാന്‍ ഒരു പ്രത്യേക സംവിധാനം വേണമെന്ന പ്രധാന ആവശ്യം, വ്യവസായ വാണിജ്യവകുപ്പ് ഡയറക്ടര്‍ കെ ബിജു ഐഎഎസിനെ ഇതിനായി പ്രത്യേകമായി നിയോഗിച്ചതിലൂടെ പരിഹരിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് ഏത് വിഷയത്തിലും നിസാന് ഇദ്ദേഹത്തെ ബന്ധപ്പെടാം. അതോടൊപ്പം, കമ്പനി വിപുലീകരണത്തിനായി ടെക്‌നോപാര്‍ക്കിന് പുറമേ കിന്‍ഫ്രയിലും സ്ഥലം വേണമെന്ന ആവശ്യം അംഗീകരിക്കുയും ഇതിന്റെ ഏകോപനത്തിന് കെ ബിജുവിനെ ചുമതലപ്പെടുത്തുകയും ചെയ്തു. ഇന്‍ഫോസിസിന്റെ പക്കലുള്ള സ്ഥലം നിസാന്‍ നിലവില്‍ ഉപയോഗിക്കുന്നുണ്ട്. ഈ കരാറില്‍ സ്റ്റാമ്പ് ട്യൂട്ടിയിലും രജിസ്‌ട്രേഷന്‍ ഫീസിലും ഇളവ് അനുവദിക്കുകയും ആറ്റിപ്ര വില്ലേജിലെ കാമ്പസ് രണ്ടിലെ സ്ഥലം നല്‍കാനുള്ള നടപടിയും കൈക്കൊണ്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിസാന്‍ പോലുള്ള അന്താരാഷ്ട്ര സ്ഥാപനങ്ങള്‍ സംസ്ഥാനത്തെ ഒരു പ്രദേശത്ത് വരുമ്പോള്‍ അവിടെയുള്ള പശ്ചാത്തല സൗകര്യങ്ങള്‍ക്കും സേവനമേഖലകള്‍ക്കും വലിയ മുന്നേറ്റമാണുണ്ടാവുക. ഐടി, ടൂറിസം, വ്യവസായം തുടങ്ങിയ മേഖലകളില്‍ തിരുവനന്തപുരത്തെ മുന്‍നിരയില്‍ കൊണ്ടുവരാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. അതിന് ഉതകുന്ന ഹോട്ടലുകള്‍, അന്താരാഷ്ട്ര നിലവാരമുള്ള ആശുപത്രികള്‍, മികച്ച സ്‌കൂള്‍, പാര്‍പ്പിട സൗകര്യങ്ങള്‍, വിനോദ കേന്ദ്രങ്ങള്‍, ഗതാഗതസംവിധാനം, മാലിന്യ സംസ്‌ക്കരണം എന്നിങ്ങനെ യുള്ള കാര്യങ്ങളും കമ്പനിയുടെ ആവശ്യത്തില്‍പ്പെട്ടതാണ്. ഇക്കാര്യം ഗൗരവമായി പരിശോധിക്കുന്നതിനും പരിഗണിക്കുന്നതിനും ഒരു ടാസ്‌ക് ഫോഴ്‌സിനെ നിയമിച്ചുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

കമ്പനി തുടക്കത്തില്‍ ഉന്നയിച്ചിരുന്ന വിമാനത്താവള കണക്ടിവിട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ സിവില്‍ ഏവിയേഷന്‍ സെക്രട്ടറിയുമായി ചര്‍ച്ചചെയ്തു. പാര്‍ലമെന്റ് സെഷനുശേഷം അദ്ദേഹം പങ്കെടുത്തുകൊണ്ട് തിരുവനന്തപുരത്തുവെച്ച് വിമാനത്താവള കമ്പനികളുടെ യോഗം ചേരും. അതിന്റെ തീയതി നിശ്ചയിക്കുന്നതിന് ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

നിസാന്‍ കമ്പനി അവരുടെ ചില പ്രശ്‌നങ്ങള്‍ സര്‍ക്കാരിനെ അറിയിക്കുയും അതില്‍ യുക്തമായ തീരുമാനം കൈക്കൊള്ളുകയും ചെയ്തു. അവരുടെ പ്രവര്‍ത്തനം കൂടുതല്‍ വ്യാപിപ്പിക്കാന്‍ തയ്യാറാകുമ്പോള്‍ നിസാന്‍ കേരളത്തില്‍ നിന്നും പോകാന്‍ തയ്യാറാവുകയാണെന്ന അങ്ങേയറ്റം നിര്‍ഭാഗ്യകരവും നിഷേധാത്മകവുമായ പ്രചാരണം അടിസ്ഥാന രഹിതമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.