റാഞ്ചി: ഝാര്‍ഖണ്ഡില്‍ ആള്‍ക്കൂട്ടാക്രമണത്തെ തുടര്‍ന്ന് കൊല്ലപ്പെട്ട തബ്രിസ് അന്‍സാരി കേസില്‍ അറസ്റ്റിലായ മുഴുവന്‍ പ്രതികള്‍ക്കും ജാമ്യം അനുവദിച്ചു. ഭീംസെന്‍ മണ്ഡല്, ചാമു നായക്, മഹേഷ് മഹാലി, സത്യനാരായണ്‍ നായക്, മദന്‍ നായക്, വിക്രം മണ്ഡല് എന്നിവര്‍ക്കാണ് ജാമ്യം അനുവദിച്ചത്. എഫ്ഐആറില്‍ പ്രതികളുടെ പേര് രേഖപ്പെടുത്തിയിട്ടില്ലെന്ന് അഡ്വ. എകെ സഹാനി കോടതിയെ ബോധിപ്പിച്ചതിനെ തുടര്‍ന്നാണ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആര് മുഖോപാധ്യായ് ജാമ്യം അനുവദിച്ചത്. ചോദ്യം ചെയ്യലില്‍ മുഖ്യ പ്രതി പപ്പു മണ്ഡലുമായുള്ള ബന്ധം സ്ഥാപിക്കാന്‍ പോലും പൊലീസിന് സാധിച്ചിട്ടില്ലെന്ന് പ്രതിഭാഗം വക്കീല്‍ വാദിച്ചു.
ജൂണ്‍ 25 മുതല്‍ പ്രതികൾ ജയിലിലാണ്. അന്‍സാരിയും രണ്ട് സുഹൃത്തുക്കളും മോഷണത്തിന് ശ്രമിച്ചുവെന്നാരോപിച്ചാണ് ആള്‍ക്കൂട്ടം പിടികൂടി കെട്ടിയിട്ട് മര്‍ദിച്ചത്. തബ്രിസ് അന്‍സാരിയെ നിര്‍ബന്ധിച്ച് ജയ് ശ്രീറാം വിളിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് പൊലീസെത്തി അന്‍സാരിയെ സ്റ്റേഷനിലേക്ക് കൊണ്ടുപോയി. ജയിലില്‍ വെച്ച് ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് ആശുപത്രിയിലേയ്ക്ക് മാറ്റി എങ്കിലും ജൂണ്‍ 22 ന് അന്‍സാരി മരണപ്പെടുകയായിരുന്നു.
പൊലീസിന്റെ അനാസ്ഥയും അന്‍സാരിയുടെ മരണത്തിന് കാരണമായെന്ന് ബന്ധുക്കള്‍ ആരോപിച്ചിരുന്നു. കേസില്‍ 13 പേരെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യം കൊലപാതകക്കുറ്റമായ 302 വകുപ്പ് ചുമത്തിയെങ്കിലും പിന്നീട് മനപൂര്‍വമല്ലാത്ത നരഹത്യയായ 304 വകുപ്പിലേക്ക് മാറ്റി. പിന്നീട് കടുത്ത പ്രതിഷേധത്തെ തുടര്‍ന്ന് വീണ്ടും കൊലക്കുറ്റം ചുമത്തുകയായിരുന്നു.
you may also like this video;
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.