Thursday
21 Mar 2019

ആള്‍ദൈവത്തിന്റെ അനുയായികള്‍ കൂട്ടത്തോടെ സിഖ് മതത്തിലേക്ക്‌

By: Web Desk | Monday 20 November 2017 8:57 PM IST


സിര്‍സാ, ഹരിയാന: :

ബലാല്‍സംഗ കേസില്‍ ഇരുപത് വര്‍ഷത്തേക്ക് ജയില്‍ ശിക്ഷയ്ക്ക് വിധിച്ച സ്വയം പ്രഖ്യാപിത ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിങ് ഇന്‍സാന്റെ ദേരാ സച്ചാ സൗദാ സാമ്രാജ്യം ചീട്ടുകൊട്ടാരം പോലെ വീഴുന്നു.

അറുപത്തി ഒന്‍പത് വര്‍ഷം പഴക്കമുള്ള ദേരാ സച്ചാ പ്രതിവര്‍ഷം അറുപതു കോടിയില്‍ കൂടുതല്‍ വരുമാനം ഉണ്ടാക്കിയിരുന്നു. നികുതി അടയ്ക്കുന്നതില്‍ നിന്നും ഈ സ്ഥാപനത്തെ ഒഴിവാക്കിയിരുന്നു. രാജസ്ഥാന്‍, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന ഹരിയാനയിലെ സിര്‍സാ ജില്ലയിലാണ് ഇതിന്റെ ആസ്ഥാനം.

ഷാ മസ്താനയുടെ നേതൃത്വത്തില്‍ 1948 ലാണ് ഈ സ്ഥാപനം ഉയര്‍ന്നു വന്നത്. സിഖ് മതത്തില്‍ നിലനിന്നിരുന്ന വിവേചനങ്ങളില്‍പ്പെട്ടവര്‍ രക്ഷാസങ്കേത്തിനു വേണ്ടി ഈ സ്ഥാപനത്തില്‍ ചേര്‍ന്നു.

1990 ല്‍ ഷാ സത്‌നമിന്റെ കയ്യില്‍ നിന്ന് ദേരയുടെ നിയന്ത്രണം റാം റഹീം സിങ് ഏറ്റെടുത്തതോടെ ദേരയുടെ ആസ്തിയും പ്രതാപവും ഉയര്‍ന്നു.

ഒരു ആത്മീയ സംഘടന എന്ന പേരിലാണ് ദേരാ അറിയപ്പെട്ടിരുന്നത്. എന്നിരുന്നാലും ഭക്തര്‍ക്ക് ദേരയില്‍ ചേരാന്‍ സ്വന്തം മതം ഉപേക്ഷിക്കേണ്ട. ഇത് ഒത്തിരി ഭക്തരെ ദേരയിലേക്ക് ആകര്‍ഷിച്ചു. കൂടാതെ, കുടുംബസമേതം എല്ലാവര്‍ക്കും ഒരുപോലെ പങ്കെടുക്കാമെന്നുള്ള ഒരു കാരണവും ദേരയിലേക്ക് ഒട്ടനവധി ഭക്തരെ സൃഷ്ടിച്ചു.

ദേരയും സിഖ് സ്ഥാപനങ്ങളും തമ്മിലുള്ള ഉരസലിനു മൂര്‍ച്ചകൂടിയത് 2007 ല്‍ റാം റഹീം പത്താം സിഖ് ഗുരു ഗോവിന്ദ് സിങിന്റെ വേഷത്തില്‍ ഭട്ടിണ്ടയിലെ ഒരു ചടങ്ങില്‍ സംബന്ധിച്ചതോടെയാണ്. അക്രമസക്തമായ ഏറ്റുമുട്ടലിലേക്ക് ഇതു നയിക്കുകയും റാം റഹീമിനു വധഭീഷണി ഉടലെടുക്കുകയും ചെയ്തു. തുടര്‍ന്നു ഇയാള്‍ക്കു ഇസഡ് പ്ലസ് സുരക്ഷ നിലവില്‍ വന്നു.

‘പഞ്ചാബിലെ ഗുരുദ്വാരകള്‍ ഉന്നതകുലരായ സിഖുകളുടെ നിയന്ത്രണത്തിലായതില്‍ മജാബി സിഖുകള്‍, റായ് സിഖുകള്‍, ഓധ്, രാംദാസിയ സമുഹങ്ങള്‍ എന്നീ വിഭാങ്ങള്‍ നിരാശരായി ദേരയില്‍ ചേരുകയായിരുന്നു. അവിടെ അവര്‍ തുല്യപരിഗണനയും മാന്യതയും പ്രതീക്ഷിച്ചു’. ദേരയില്‍ കുടുങ്ങരുതെന്നു സിഖുകള്‍ക്കു മുന്നറിയിപ്പു നല്‍കിയിരുന്ന വീരേന്ദര്‍ ദട്ടിയ എന്തുകൊണ്ട് കീഴ്ജാതിക്കാരായ സിഖ് വിഭാഗങ്ങള്‍ ദേരകളില്‍ ആകൃഷ്ടരായി എന്നു വിശദീകരിച്ചു.

സിഖ് അത്യുന്നത സമിതിയായ അകാല്‍ തക്ത്, പോയവരെ മടക്കികൊണ്ടുവരാന്‍ വിപുലമായ പ്രചാരണം തുടങ്ങിയതായി ഈ ഉദ്ധേശത്തിനായി 2004 മുതല്‍ പ്രവര്‍ത്തിക്കുന്ന ശ്രീ ഗുരു ഗ്രന്ത് സാഹിബ് സത്കര്‍ സഭയുടെ തലവന്‍ സുഖ്‌വിന്ദര്‍ സിങ് ഖല്‍സ പറഞ്ഞു.

ഗുര്‍മീത് സിങിന്റെ അനുയായികളെ പ്രേമികള്‍ എന്നാണ് വിളിക്കുന്നത്. നൂറുക്കണക്കിനു പ്രേമികള്‍ ഇതിനകം ഗുരുദ്വാരികളിലേക്കു മടങ്ങി വന്നു. ‘സത്യം ഒടുവില്‍ പുറത്തുവന്നതോടെ അവര്‍ മടങ്ങുകയുണ്ടായി. ആ കുടുംബങ്ങളെ മാന്യമായി ഞങ്ങള്‍ സ്വീകരിക്കുന്നു’, ഖല്‍സ പറഞ്ഞു.

ഗുര്‍മീതിന്റെ ഞായറാഴ്ച പ്രഭാഷണങ്ങള്‍ നടന്നിരുന്ന നാമചര്‍ച്ചഘര്‍ ഇപ്പോള്‍ അടഞ്ഞുകിടപ്പാണ്. പിതാജിക്കെതിരെ മാധ്യമങ്ങളിലും ആളുകള്‍ക്കിടയിലും ആരോപണങ്ങള്‍ വരുമ്പോഴും തങ്ങള്‍ കഴിഞ്ഞ ഒമ്പതു വര്‍ഷമായി അവിടെ പൊയ്‌ക്കൊണ്ടിരുന്നു. ‘ഗുര്‍മീത് സ്വാതികനായ ഒരു സന്യാസിയാണെന്നു ഞങ്ങളെ പറഞ്ഞു കബളിപ്പിക്കുകയായരുന്നു. അതൊരു ഗൂഢാലോചനയായരുന്നു’, ദേരയില്‍ വിശ്വസിച്ചിരുന്ന എട്ടംഗ കുടുംബത്തിന്റെ തലവന്‍ രജീന്ദര്‍ സിങ് പറഞ്ഞു.

പഞ്ച്കുളയില്‍ ആഗസ്ത് 25 ന് നടന്ന ആക്രമണത്തിനു സിങ് വിളിക്കപ്പെട്ടിരുന്നു. ഗുര്‍മീതിന്റെ ഒരു സിനിമയ്ക്കായി ആല്‍ക്കൂട്ടം വിളിക്കപ്പെട്ടുവെന്നാണയാള്‍ കരുതിയത്. പക്ഷേ അക്രമം തുടങ്ങിയതോടെ അയാള്‍ ഓടി രക്ഷപ്പെട്ടു. പഞ്ച്കുളയില്‍ എത്താന്‍ താന്‍ പണം സ്വീകരിച്ചിട്ടില്ലെന്നും സിങ് പറഞ്ഞു. റാം റഹീമിന്റെ വളര്‍ത്തുമകള്‍ അന്നു ആളെക്കൂട്ടാന്‍ 1.25 കോടി ചെലവവിച്ചതായി പൊലീസ് ആരോപിച്ചിരുന്നു.

അയാളെ ഇനി ‘പിതാജി’ എന്നു വിളിക്കാനാവില്ല. ഇങ്ങനൊരു ദിവസം വരുമെന്നു കരുതിയില്ല. അയാളുടെ എല്ലാ പ്രഭാഷണങ്ങളും വ്യാജമായിരുന്നു, ഗ്യാന്‍ചന്ദ് എന്ന ഹിന്ദു പിന്നോക്കസമുദായാംഗം പറഞ്ഞു.

മറ്റൊരു ദേര അനുയായി മമതാ റാണി പറയുന്നതു താന്‍ ഭര്‍ത്താവിന്റെയും മകന്റെയും എതിര്‍പ്പിനെ അവഗണിച്ചാണ് നാലു വര്‍ഷം ദേരയില്‍ പോയിരുന്നതെന്നാണ്. റാം റഹീമിനെ താന്‍ ദൈവത്തെപ്പോലെ കണ്ടു. അയാളുടെ വൃത്തികേടുകള്‍ ഞങ്ങളെ ലജ്ജിപ്പിക്കുന്നു. ഞാനിപ്പോള്‍ സ്ഥിരമായ ഗുരുദ്വാരയില്‍ പോകുന്നു- അവര്‍ പറഞ്ഞു.

ദേരയുടെ ഹോട്ടല്‍ ശൃംഖലകള്‍, വര്‍ഷം മുഴുവനുമുള്ള നിര്‍മാണ പ്രവൃത്തികള്‍, സ്‌കൂളുകള്‍ തുടങ്ങിയവയില്‍ ജോലി ചെയ്യുന്നവര്‍ ദേയരയുടെ അനുയായികളാവാന്‍ നിര്‍ബന്ധിതരായിരുന്നു. ‘ദിവസം 18 മണിക്കൂര്‍ വീതം ജോലിക്കു പ്രതിമാസം 15000 കിട്ടിയിരുന്നു’. ഉത്തര്‍പ്രദേശില്‍ നിന്നുള്ള നിര്‍മാണത്തൊഴിലാളി പറഞ്ഞു. ഗുര്‍മീത് ജയിലിലായതോടെ അയാള്‍ ദേര വിട്ടു.

Photo Courtesy: Firstpost