Janayugom Online
കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ 30 ാം വാര്‍ഷിക സമ്മേളനം മന്ത്രി വി എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

കാര്‍ഷിക സര്‍വകലാശാലയില്‍ മുഴുവന്‍ ഒഴിവുകളും നികത്തും: കൃഷി മന്ത്രി

Web Desk
Posted on February 23, 2019, 7:22 pm

തൃശൂര്‍: കാര്‍ഷിക സര്‍വകാലാശാല ക്ലാസ് 4 തസ്തികയിലെ മുഴുവന്‍ ഒഴിവുകളും നിലവിലുള്ള റാങ്ക് ലിസ്റ്റില്‍ നിന്ന് നികത്തുമെന്ന് കൃഷി മന്ത്രി അഡ്വ. വി എസ് സുനില്‍കുമാര്‍. കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്റെ 30 ാം വാര്‍ഷിക സമ്മേളനം, മണ്ണുത്തി കമ്മ്യൂണിക്കേഷന്‍ സെന്റെറില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സര്‍വ്വകലാശാലയില്‍ ഫാം സ്റ്റാഫുകളുടെ നിയമനം ഉടന്‍ നടത്തുവാനുള്ള നടപടി സര്‍ക്കാരില്‍ നിന്നുണ്ടാകുമെന്നും ഫാം സ്റ്റാഫുകളുടെയും മറ്റും പ്രോമോഷന്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.
സി അച്യുതമേനോന്‍, എം എന്‍ ഗോവിന്ദന്‍, കൃഷ്ണന്‍ കണിയാംപറമ്പില്‍ തുടങ്ങിയ നേതാക്കള്‍ ഒരുപാട് പ്രവര്‍ത്തനങ്ങള്‍ നടത്തി മുന്നോട്ട് നയിച്ച കാര്‍ഷിക സര്‍വകലാശാല ഇനിയുമേറേ പൊതു സമ്മതി നേടി മുന്നോട്ട് പോകേണ്ടതുണ്ട്.

അതിനാവശ്യമായ എല്ലാ സഹായങ്ങളും ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടാകണമെന്നും അദ്ദേഹം ഉറപ്പു നല്‍കി. ഒല്ലൂര്‍ എംഎല്‍എ യും സര്‍വ്വകലാശാല ഭരണസമിതി അംഗവുമായ അഡ്വ. കെ രാജന്‍ അധ്യക്ഷത വഹിച്ചു. സിപിഐ ഒല്ലൂര്‍ മണ്ഡലം സെക്രട്ടറി ടി ആര്‍ രാധാകൃഷ്ണന്‍, സര്‍വകലാശാല ഭരണ സമിതി അംഗം കെ അരവിന്ദാക്ഷന്‍, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി ടീച്ചേഴ്‌സ് അസോസിയേഷന്‍ പ്രസിഡന്റ് ഡോ. ഡി ഗിരിജ, ജോയിന്റ് കൗണ്‍സില്‍ ജില്ലാ സെക്രട്ടറി ടി ഹരികുമാര്‍, കെജിഒഎഫ് ട്രഷറര്‍ ഡോ. വി എം ഹാരിസ്, കെഎയുഎല്‍എ ജനറല്‍ സെക്രട്ടറി കുഞ്ഞുണ്ണി മേനോന്‍, എഐഎസ്എഫ് കാര്‍ഷിക സര്‍വ്വകലാശാല യൂണിറ്റ് സെക്രട്ടറി ആകാശ് പി ജെ, കെവിഎഎസ്‌യു എംപ്ലോയീസ് ഫെഡറേഷന്‍ ജനറല്‍ സെക്രട്ടറി പി സുരേഷ് ബാബു, കേരള അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി എംപ്ലോയീസ് ഫെഡറേഷന്‍ വൈസ് പ്രസിഡന്റ് പി വി സുരേന്ദ്രന്‍ തുടങ്ങിയവര്‍ സംസാരിച്ചു.
ഭാരവാഹികളായി വി ഒ ജോയ് (ജനറല്‍ സെക്രട്ടറി), പി ബി അനില്‍കുമാര്‍ (പ്രസിഡന്റ്), ടി സി മോഹനചന്ദ്രന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞടുത്തു.