ബിജെപി നേതാവിന്റെ പരാതിയില്‍ ചുമത്തിയ കേസില്‍ രാജ്യത്ത് ആദ്യമായി മതപരിവര്‍ത്തന നിരോധന നിയമപ്രകാരം ശിക്ഷ. ക്രിസ്ത്യന്‍ സുവിശേഷകരായ മലയാളി ദമ്പതികളെ അഞ്ച് വര്‍ഷം തടവിന് ശിക്ഷിച്ചു. അംബേദ്കര്‍ നഗര്‍ ജില്ലാ സെഷന്‍സ് കോടതിയാണ് തിരുവല്ല പുറമറ്റം സ്വദേശികളായ ജോസ് പാപ്പച്ചന്‍ — ഷീജ പാപ്പച്ചന്‍ ദമ്പതികള്‍ക്ക് അഞ്ചു വര്‍ഷം തടവും 25,000 രൂപ പിഴയും വിധിച്ചത്.
2021ലാണ് ആദിത്യനാഥ് സര്‍ക്കാര്‍ മതപരിവര്‍ത്തന നിരോധന നിയമം പാസാക്കിയത്. ബിജെപി പ്രാദേശിക നേതാവായ ചന്ദ്രിക പ്രസാദിന്റെ പരാതിയില്‍ 2023 ജനുവരി 24നാണ് മലയാളി ദമ്പതികളെ ജലാല്‍പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. എട്ടു മാസത്തോളം റിമാന്റ് തടവുകാരായി ജയിലില്‍ കഴിഞ്ഞു. 2023 സെപ്റ്റംബര്‍ 25ന് അലഹബാദ് ഹൈക്കോടതി ജാമ്യം നല്‍കി. ഇവര്‍ക്ക് വേണ്ടി ജാമ്യം നില്‍ക്കാന്‍ വന്നവര്‍ക്ക് പോലും ഭീഷണി നേരിടേണ്ടി വന്നു. കേസില്‍ അതിവേഗം കുറ്റപത്രം സമര്‍പ്പിക്കുകയും ജില്ലാ സെഷന്‍സ് കോടതിയില്‍ വിചാരണ നടപടികള്‍ ആരംഭിക്കുകയും ചെയ്തു.
ദളിത് വിഭാഗക്കാരെ ക്രിസ്തുമതത്തിലേക്ക് പരിവര്‍ത്തനം ചെയ്തുവെന്നാണ് ദമ്പതികളുടെ പേരിലുള്ള കുറ്റം. സുവിശേഷ പ്രചരണം നടത്തുക, ബൈബിളുകൾ വിതരണം ചെയ്യുക, കുട്ടികളെ വിദ്യാഭ്യാസം നേടുന്നതിന് പ്രോത്സാഹിപ്പിക്കുക, ഗ്രാമവാസികളെ ബോധവല്‍ക്കരിക്കുക തുടങ്ങിയവ മതപരിവർത്തന പ്രേരണയ്ക്ക് തുല്യമല്ലെന്ന് വ്യക്തമാക്കി അലഹബാദ് ഹൈക്കോടതി ജാമ്യം അനുവദിച്ച് 16 മാസത്തിന് ശേഷമാണ് വിചാരണക്കോടതിയുടെ ശിക്ഷ. 22നായിരുന്നു ജഡ്ജി രാം സിങ് വിലാസ് വിധി പ്രസ്താവം നടത്തിയത്. ജോസ് പാപ്പച്ചന്‍ അസുഖബാധിതനായി ആശുപത്രിയിലാണ്. വിധി പ്രഖ്യാപിക്കുമ്പോള്‍ ഷീജ പാപ്പച്ചന്‍ കോടതിയില്‍ ഹാജരായിരുന്നു.
കാര്യമായ മൊഴികളോ തെളിവുകളോ ലഭിക്കാതിരുന്നിട്ടും ഇരുവരുടെയും വാദങ്ങള്‍ കോടതി അംഗീകരിച്ചില്ല. യുപിയിലെ മതപരിവര്‍ത്തന നിരോധന നിയമപ്രകാരം പരാതി നല്‍കാന്‍ ബിജെപി ഭാരവാഹി അര്‍ഹനല്ലെന്ന വാദവും കോടതി മുഖവിലയ്ക്കെടുത്തില്ലെന്ന് ദമ്പതികളുടെ അഭിഭാഷകന്‍ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.