Friday
22 Nov 2019

അഴിമതി ആരോപണം അിസ്ഥാന രഹിതമെന്ന് കെസിഎ; നിയമ നടപടി സ്വീകരിക്കും

By: Web Desk | Friday 18 October 2019 4:44 PM IST


കൊച്ചി: കെസിഎ പ്രസിഡന്റ് ജയേഷ് ജോര്‍ജിനെതിരെയുള്ള അഴിമതി ആരോപണം തള്ളി കേരള ക്രിക്കറ്റ് അസോസിയേഷന്‍. ക്ലീന്‍ ക്രിക്കറ്റ് സേവ് ക്രിക്കറ്റ് ഫോറം എന്ന പേരില്‍ കഴിഞ്ഞ ദിവസം വാര്‍ത്തസമ്മേളനം നടത്തിയ വ്യക്തികളെ അഴിമതി നടത്തിയതിനും, സംഘടന വിരുദ്ധ പ്രവര്‍ത്തനം നടത്തിയതിനും കേരള ക്രിക്കറ്റ് അസോസിയേഷന്‍ പുറത്താക്കിയിട്ടുള്ളതാണ്. ജയേഷ് ജോര്‍ജിന്റെ നേതൃത്വത്തിലാണ് കേരള ക്രിക്കറ്റ് അസോസിയേഷന്‍ ലോധ കമ്മിറ്റി ശുപാര്‍ശകള്‍ നടപ്പിലാക്കിയതും, അഴിമതി നടത്തിയവരെ പുറത്താക്കിയതും.

ലോധ കമ്മിറ്റി റിപ്പോര്‍ട്ട് നടപ്പിലാക്കിയത് കാരണം കെസിഎയില്‍ നിന്ന് പുറത്ത് പോകേണ്ടി വന്ന ഭാരവാഹിയാണ് മുന്‍ പ്രസിഡന്റ് ആയ റോങ്ക്‌ലിന്‍ ജോണ്‍. തൃശ്ശൂര്‍ ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ സെക്രട്ടറിയായിരുന്ന പ്രമോദ് അഴിമതി നടത്തി എന്ന് ഹൈകോടതിയുടെയും ജില്ലാ കോടതിയുടെയും നിര്‍ദേശപ്രകാരം കേരള ക്രിക്കറ്റ് അസോസിയേഷന്‍ നിയമിച്ച ആര്‍ബിട്രേറ്റര്‍ കണ്ടെത്തിയതിന്റെ അടിസ്ഥാനത്തില്‍ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടതാണ്. കേരള ക്രിക്കറ്റ് അസോസിയേഷന്‍ മുന്‍ ഭാരവാഹി ആയ റോങ്ക്‌ലിന്‍ ജോണ്‍ കെസിഎ ഭാരവാഹി ആയിരിക്കെ കോട്ടയം ജില്ലാ സെക്രട്ടറിയുടെ ദിനബത്ത വ്യാജമായി എഴുതി കൊടുത്തതിന്റെ പേരില്‍ സംഘടനയില്‍ നിന്നും പുറത്താക്കപ്പെട്ട് അന്വേഷണം നേരിടുയാളാണ്. സന്തോഷ് കരുണാകരന്‍ കേരളക്രിക്കറ്റ് സീനിയര്‍ ടീം ക്യാപ്റ്റനെതിരെ കഴിഞ്ഞ വര്‍ഷം ഒപ്പ് ശേഖരണം നടത്താന്‍ പ്രേരിപ്പിച്ചതിന് അന്വേഷണം നേരിട്ട് വരികയാണ്. ഇട്ടി ചെറിയാനെ സാമ്പത്തിക തിരിമറി നടത്തിയതിനു എസ്ബിടി ജോലിയില്‍ നിന്നും പുറത്താക്കിയതാണ്.

ജയേഷ് ജോര്‍ജ് ബിസിസിഐ ജോയിന്റ് സെക്രട്ടറി പദവിയില്‍ എത്തിയത് കേരള ക്രിക്കറ്റ് അസോസിയേഷന് വലിയ നേട്ടമാണ്. അതിന്റെ നിറം കെടുത്താനുള്ള ശ്രമമായി മാത്രമേ കേരള ക്രിക്കറ്റ് അസോസിയേഷന്‍ ഇതിനെ കാണുന്നുള്ളൂവെന്നും വാര്‍ത്ത സമ്മേളനം നടത്തിയവര്‍ക്കെതിരെ നിയമ നടപടികള്‍ക്ക് നിര്‍ദേശം നല്‍കിയതായും കേരള ക്രിക്കറ്റ് അസോസിയേഷന്‍ സെക്രട്ടറി ശ്രീജിത്ത് വി നായര്‍ അറിയിച്ചു.

കേരള ക്രിക്കറ്റ് അസോസിയേഷൻ ഭാരവാഹികൾക്കെതിരെ ഗുരുതര ആരോപണങ്ങളുമായി കെ സി എ ഓംബുഡ്സ്മാൻ ജസ്റ്റിസ് കെ രാംകുമാർ രംഗത്തുവന്നിരുന്നു. ഇതിനുപിന്നാലെ കെ സി എ ഭാരവാഹികൾക്കെതിരെ ഹൈക്കോടതിയിൽ സത്യവാങ്മൂലവും സമർപ്പിച്ചിരുന്നു. മൂന്നുവർഷത്തേക്ക് എന്ന പേരിൽ തന്നെ നിയമിച്ച കെ സി എ രണ്ടുവർഷം കഴിയുമ്പോൾ സേവനം അവസാനിപ്പിച്ചു .രണ്ട് കേസുകളിൽ ഭാരവാഹികൾക്കെതിരെ നടപടി എടുത്തതിനെ തുടർന്നാണ് തന്നെ ഒഴിവാക്കിയത് .ബി സി സി ഐ സെക്രട്ടറി ജയേഷ് ജോർജിനെതിരായ കേസ് പരിഗണിക്കാനിരിക്കെ ഒഴിവാക്കൽ നടപ്പാക്കി .പകരം ഓംബുഡ്‌സമാനായി നിയമിച്ചയാൾ രണ്ടാം ശനിയാഴ്ച ഉത്തരവാദിത്തം ഏറ്റെടുക്കാൻ ശ്രമിച്ചു .തന്റെ ഓഫീസിലെ താഴ് തകർത്താണ് കെ സി എ ഭാരവാഹികൾ ഓഫീസിൽ കടന്നത്. ഹൈക്കോടതിക്ക്‌ താല്പര്യമുണ്ടെങ്കിൽ തുടരാൻ തയ്യാറാണെന്നും രാംകുമാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്നു.

കേരള ക്രിക്കറ്റ് അസോസിയേഷനില്‍ നടന്ന കോടികളുടെ ക്രമക്കേടുകളും അഴിമതികളും സംബന്ധിച്ച പരാതികളിലെ അന്വേഷണം നീട്ടിക്കൊണ്ടുപോകാന്‍ ഭാരവാഹികള്‍ ശ്രമിക്കുകയാണെന്ന് ക്‌ളീന്‍ ക്രിക്കറ്റ് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ കഴിഞ്ഞദിവസം ആരോപിച്ചിരുന്നു. ക്രിക്കറ്റ് ഓംബുഡ്‌സ്മാന്റെ കാലാവധി അവസാനിപ്പിച്ചതും ഓഫീസ് പൂട്ടിയതും അഴിമതികള്‍ മറച്ചുവയ്ക്കാനാണ്. ഇതിനതിരെ നിയമനടപടികള്‍ സ്വീകരിക്കുകയും പ്രതിഷേധിക്കുകയും ചെയ്യുമെന്ന് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.

കെ.സി.എയിലെ ക്രമക്കേടുകള്‍ സംബന്ധിച്ച് ഓംബുഡ്‌സ്മാനായിരുന്ന ജസ്റ്റിസ് രാംകുമാറിന് നിരവധി പരാതികള്‍ നല്‍കിയിരുന്നു. പരാതിയില്‍ അന്വേഷണം അവസാനഘട്ടത്തില്‍ നില്‍ക്കുമ്പോഴാണ് ജസ്റ്റിസ് രാംകുമാറിനെ നീക്കം ചെയ്യാന്‍ പൊതുയോഗം തീരുമാനിച്ചത്. ഈ മാസം 11 ന് ചേര്‍ന്ന പൊതുയോഗത്തിലാണ് ആരോപണ വിധേയര്‍ ഉള്‍പ്പെടെ ഓംബുഡ്‌സ്മാനെ നീക്കാന്‍ തീരുമാനിച്ചത്. യോഗത്തിന്റെ പിറ്റേന്ന് കലൂര്‍ സ്റ്റേഡിയത്തിലെ ഓംബുഡ്‌സ്മാന്റെ ഓഫീസ് പ്രവര്‍ത്തനം നടക്കാത്ത രീതിയിലാക്കി. അറ്റകുറ്റപ്പണിയെന്ന പേരിലാണ് പൂട്ടാന്‍ ശ്രമിച്ചത്. പുതിയ ഓംബുഡ്‌സ്മാന്റെ മുന്നിലും പരാതികള്‍ തുടരും.

അഴിമതികളും ക്രമക്കേടുകളും കണ്ടെത്തി പരാതി നല്‍കുന്നവരെ പിന്തിരിപ്പിക്കാന്‍ സംഘടിതനീക്കം നടക്കുന്നുണ്ട്. മുന്‍ പ്രസിഡന്റ് ടി.സി. മാത്യുവിനെ പ്രാഥമികാംഗത്വത്തില്‍ നിന്ന് പുറത്താക്കിയെങ്കിലും അഴിമതി ഇല്ലാതായിട്ടില്ല. ക്രമക്കേട് നടത്തിയ വന്‍തുക ഈടാക്കാന്‍ ക്രമിനില്‍ നടപടികള്‍ സ്വീകരിക്കണമെന്ന ഉത്തരവ് നടപ്പാക്കാന്‍ നടപടി സ്വീകരിച്ചിട്ടില്ല. ജയേഷ് ജോര്‍ജ് വിവിധ പദവികള്‍ വഹിച്ച 2013 മുതല്‍ 2018 വര രണ്ടര കോടിയോളം രൂപയോളം തിരിമറി നടത്തിയതിന്റെ രേഖകള്‍ തങ്ങളുടെ പക്കലുണ്ടെന്ന് മൂവ്‌മെന്റ് പ്രവര്‍ത്തകര്‍ പറഞ്ഞു. കെ.സി.എയുടെ ഫേസ്ബുക്ക് പേജ് കൈകാര്യം ചെയ്യുന്നതിനെന്ന പേരില്‍ കരാറുകളും രേഖകളുമില്ലാതെ സ്വകാര്യ സ്ഥാപനത്തിന് ലക്ഷങ്ങള്‍ കൈമാറി. ഇത് ഒരു ഭാരവാഹിയുടെ ബിനാമി സ്ഥാപനമാണെന്നാണ് സൂചന.

സ്വകാര്യകാര്‍ വയനാട്ടില്‍ അപകടത്തില്‍പ്പെട്ടപ്പോള്‍ അറ്റകുറ്റപ്പണിക്ക് ചെലവായ 1,88,950 രൂപ കെ.സി.എയുടെ ഔദ്യോഗികവാഹനം അപകടത്തിലായെന്ന് രേഖയുണ്ടാക്കി നല്‍കി. ഇന്‍ഷ്വന്‍സ് കമ്പനിയില്‍ നിന്ന് ഇതുസംബന്ധിച്ച രേഖകള്‍ തങ്ങള്‍ക്ക് ലഭിച്ചിട്ടുണ്ട്.

അണ്ടര്‍ 17 ലോകകപ്പ് ഫുട്ബാള്‍ നടത്താന്‍ 2017 ല്‍ കലൂര്‍ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം കൈമാറിയ കാലത്തും സ്റ്റേഡിയം പരിപാലനമെന്ന പേരില്‍ പണം ചെലവഴിച്ചതായി കാണിച്ച് ക്രമക്കേട് നടത്തി. കരാര്‍ സ്ഥാപനങ്ങള്‍ക്ക് വന്‍തുക വായ്പകളായി അനുവദിച്ചു. സമ്മാനങ്ങള്‍ വാങ്ങാനെന്ന പേരില്‍ തുക എഴുതിയെടുത്ത് വില കൂടിയ മൊബൈല്‍ ഫോണുകള്‍ വാങ്ങി.

പിച്ച് നിര്‍മ്മാണത്തിന് കളിമണ്ണും അനുബന്ധ വസ്തുക്കളും വാങ്ങിയതിലും ക്രമക്കേട് നടന്നു. പരാതികള്‍ നല്‍കിയെങ്കിലും കമ്മറ്റിയില്‍ വയ്ക്കുകയോ നടപടികള്‍ സ്വീകരിക്കുകയോ ചെയ്തിട്ടില്ല. ഇല്ലാത്ത ഇടക്കൊച്ചി സ്റ്റേഡിയത്തിന്റെ പേരിലും വൗച്ചറുകളും രസീതികളുമില്ലാതെ പണം ചെലവഴിച്ചു. 2011 മുതല്‍ 2017 വരെയുള്ള കണക്കുകള്‍ പൊതുയോഗം പാസാക്കിയിട്ടില്ല.

സുപ്രീം കോടതി ഉത്തരവു പ്രകാരം നിയോഗിച്ച ജസ്റ്റിസ് ലോധ കമ്മിറ്റിയുടെ നിര്‍ദ്ദേശപ്രകാരം ക്രിക്കറ്റ് അഡ്വൈസറി കമ്മിറ്റി രൂപീകരിക്കാനോ ഭരണഘടനാ പ്രകാരം യോഗ്യതയുള്ള സെലക്ടര്‍മാരെ നിയമിക്കാനോ സി.ഇ.ഒ തുടങ്ങിയ ഉദ്യോഗസ്ഥരെ നിയമിക്കാനോ തയ്യാറായിട്ടില്ല. ഭാരവാഹികള്‍ക്ക് വിശ്വസ്തരായവരെ നിയമിക്കുകയാണ് ചെയ്യുന്നത്.

YOU MAY LIKE THIS VIDEO ALSO