11 October 2024, Friday
KSFE Galaxy Chits Banner 2

Related news

October 2, 2024
February 8, 2024
June 25, 2023
March 25, 2023
January 4, 2023
December 29, 2022
December 5, 2022
October 28, 2022
April 13, 2022
December 17, 2021

നിർബന്ധിത മതപരിവർത്തനം ആരോപിക്കുന്നത് മതപരിവർത്തന നിരോധന നിയമത്തിന് വേണ്ടിയെന്ന് റിപ്പോർട്ട്

Janayugom Webdesk
ബംഗളുരു
December 17, 2021 10:16 pm

കർണാടകയിൽ തീവ്ര വലതുപക്ഷ സംഘടനകൾ ആരോപിക്കുന്ന നിർബന്ധിത ക്രിസ്ത്യൻ മതപരിവർത്തനം എന്നത് സംശയാസ്പദമാണെന്നും ഇത് നിർബന്ധിത മതപരിവർത്ത നിരോധന നിയമം നടപ്പാക്കാനുള്ള ബിജെപി സർക്കാരിന്റെ തിടുക്കത്തെയാണ് തുറന്നുകാട്ടുന്നതെന്നും റിപ്പോർട്ട്. ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെ വർധിച്ചു വരുന്ന ആക്രമണങ്ങളും ഇതേ ലക്ഷ്യത്തെ മുൻകൂട്ടികണ്ടുകൊണ്ടാണെന്ന് പീപ്പിൾസ് യൂണിയൻ ഫോർ സിവിൽ ലിബർട്ടീസി (പിയുസിഎൽ)ന്റെ റിപ്പോർട്ട് സൂചിപ്പിക്കുന്നു.

ജനുവരി മുതൽ നവംബർ വരെയുള്ള കാലയളവിൽ ക്രിസ്ത്യൻ ആരാധനാലയങ്ങൾക്കു നേരെ 39 ആക്രമണങ്ങളാണ് സംസ്ഥാനത്ത് നടന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ സർവേയിൽ നിർബന്ധിത മതപരിവർത്തനം എന്നത് ക്രിസ്ത്യൻ പള്ളികൾക്കു നേരെ ആക്രമണം നടത്താൻ ഹിന്ദുത്വവാദികൾ മെനഞ്ഞെടുത്ത ഒരു കാരണം മാത്രമാണെന്ന് പിയുസിഎല്‍ ചൂണ്ടിക്കാട്ടുന്നു. ഈ ആക്രമണങ്ങൾ നടത്തുന്നതിന് ഹിന്ദുത്വ സംഘടനകൾ ഒരു മാതൃക തന്നെ രൂപീകരിച്ചിരുന്നു.

10 ഘട്ടങ്ങളിലൂടെയാണ് ഇവർ ആക്രമണങ്ങളുടെ പദ്ധതി തയാറാക്കിയിരുന്നത്. ആക്രമണം നടത്തുന്നതിന് ആളുകളെ കൂട്ടുക എന്നതാണ് ആദ്യഘട്ടം. തുടർന്ന് നിർബന്ധിത മതപരിവർത്തനം നടക്കുന്നതായി പൊലീസിന് വിവരം നൽകും. പള്ളികൾ തകർക്കുകയും ആളുകളെ മർദ്ദിക്കുകയും ഇതിന്റെ വീഡിയോകൾ പകർത്തി ഹിന്ദുക്കളുടെ വിജയമായി പ്രചരിപ്പിക്കുകയും ചെയ്യുന്നുവെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. കന്നഡ ഭാഷയിലുള്ള ചില പത്രങ്ങളും, സമൂഹ മാധ്യമ ചാനലുകളും ഈ ആക്രമണങ്ങൾക്ക് പ്രോത്സാഹനം നൽകുന്നതായും പിയുഎസിഎൽ പറയുന്നു.

മതപരിവർത്തന നിരോധന നിയമം ഇല്ലെങ്കിൽ പോലും ക്രിസ്ത്യൻ ന്യൂനപക്ഷങ്ങൾക്കെതിരായ ആക്രമണം ആഴ്ചതോറും നടക്കുന്ന സംഭവങ്ങളാണ്. ഇത്തരം ഒരു ബില്‍ കൊണ്ടുവരുന്നത് ക്രിസ്ത്യന്‍ വിഭാഗത്തെ കൂടുതല്‍ അപകടത്തിലാക്കും. ഈ ബിൽ ഹിന്ദുത്വ വാദികൾക്ക് ആക്രമണം നടത്താൻ ലൈസൻസ് നൽകുന്നതു പോലെയാകുമെന്നും റിപ്പോർട്ട് സൂചിപ്പിക്കുന്നു.

മതപരിവര്‍ത്തനമില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി

 

കര്‍ണാടകയില്‍ പണവും മറ്റും വാഗ്ദാനം ചെയ്ത് പാവപ്പെട്ടവരെ നിര്‍ബന്ധിത മതപരിവര്‍ത്തനത്തിനു വിധേയരാക്കുന്നുവെന്ന ബിജെപി എംഎൽഎയുടെ ആരോപണം അന്വേഷിച്ച് തെറ്റെന്ന് റിപ്പോര്‍ട്ട് നല്‍കിയ ഉദ്യോഗസ്ഥനെ സ്ഥലംമാറ്റി. തന്റെ മാതാവിനെ പണം വാഗ്ദാനം ചെയ്ത് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് വിധേയയാക്കിയെന്ന് ബിജെപി എംഎല്‍എ ഗൂളിഹട്ടി ശേഖർ ആരോപിച്ചതോടെയാണ് കര്‍ണാടകയിലെ ഹൊസദുര്‍ഗയില്‍ തഹസില്‍ദാറായ വൈ തിപ്പേസ്വാമി അതുസംബന്ധിച്ച അന്വേഷണം നടത്തിയത്. ഒക്ടോബറില്‍ ഉദ്യോഗസ്ഥരുടെ സഹായത്തോടെ നടത്തിയ സര്‍വേയില്‍ ആരോപണങ്ങള്‍ തെറ്റാണെന്ന് തെളിഞ്ഞു.

ചിത്രദുര്‍ഗ ജില്ലയില്‍ പട്ടികജാതി, പട്ടികവർഗ, മറ്റ് പിന്നാക്ക സമുദായങ്ങളിൽ നിന്നുള്ളവരെയും നിർബന്ധിച്ച് ക്രിസ്ത്യൻ മതത്തിലേക്ക് പരിവര്‍ത്തനം നടത്തുന്നുവെന്ന് ബിജെപി എംഎൽഎ ആരോപിച്ചിരുന്നു. ഇതേക്കുറിച്ചും അന്വേഷിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനെ തുടര്‍ന്നാണ് ഹൊസദുര്‍ഗ തഹസില്‍ദാര്‍ വൈ തിപ്പേസ്വാമിയെ സ്ഥലം മാറ്റിയത്.

എന്നാല്‍ സ്ഥലം മാറ്റത്തില്‍ മറ്റ് കാരണങ്ങള്‍ ഒന്നുമില്ലെന്നും, പതിവ് സ്ഥലം മാറ്റമാണെന്നുമാണ് സര്‍ക്കാര്‍ വ്യക്തമാക്കുന്നത്. രണ്ട് വര്‍ഷമായി അദ്ദേഹം ഹൊസദുര്‍ഗയില്‍ തഹസില്‍ദാരായിട്ട് ജോലി ചെയ്യുന്നു. എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് ഇപ്പോഴത്തെ സ്ഥലം മാറ്റം. മത പരിവര്‍ത്തനം സംബന്ധിച്ച റിപ്പോര്‍ട്ടുമായി അദ്ദേഹത്തിന്റെ സ്ഥലം മാറ്റത്തിന് യാതൊരുവിധ ബന്ധവുമില്ലെന്ന് ചിത്രദുര്‍ഗയിലെ ഡെപ്യൂട്ടി കമ്മിഷണര്‍ കവിത എസ് മണ്ണിക്കേരി പറഞ്ഞു. എന്നാൽ രണ്ട് വര്‍ഷമായി തഹസില്‍ദാറായി ജോലി ചെയ്യുന്ന ഉദ്യോഗസ്ഥന്‍ സ്ഥലംമാറ്റത്തിനുവേണ്ടി അപേക്ഷ നല്‍കിയിരുന്നില്ല.

 

Eng­lish Sum­ma­ry: Alleged forced con­ver­sion is report­ed to be in favor of the Pro­hi­bi­tion of Con­ver­sion Act

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.