Web Desk

കോഴിക്കോട്

January 23, 2020, 7:43 pm

അലനും താഹയും സിപിഎമ്മുകാര്‍; യു എ പി എ ചുമത്തിയത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് പി മോഹനന്‍

Janayugom Online

കോഴിക്കോട് പന്തീരാങ്കാവില്‍ മാവോയിസ്റ്റ് ബന്ധമാരോപിച്ച് യുഎപിഎ ചുമത്തപ്പെട്ട അലന്‍ ഷുഹൈബും താഹ ഫസലും സിപിഎം അംഗങ്ങള്‍ തന്നെയാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി മോഹനന്‍. രണ്ടു പേരും മാവോയിസത്തിന്റെ വലയില്‍ പെട്ടിട്ടുണ്ടെങ്കില്‍ അവരെ തിരുത്തിയെടുക്കുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രി പറയുന്നത് പൊലീസ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്. സര്‍ക്കാരിന് അങ്ങനെയേ ചെയ്യാനാകൂ. അലന്‍ ഷുഹൈബും താഹ ഫസലും കുട്ടികളാണ്. എന്തെങ്കിലും തെറ്റു പറ്റിയാല്‍ത്തന്നെ തിരുത്തിയെടുക്കേണ്ടത് പാര്‍ട്ടിയുടെ ഉത്തരവാദിത്തമാണ്. പാര്‍ട്ടി ഇതുവരെ അവര്‍ക്കെതിരെ യാതൊരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നും പി മോഹനന്‍ പറഞ്ഞു.

നടപടിയെടുക്കാത്ത കാലത്തോളം അവര്‍ പാര്‍ട്ടി അംഗങ്ങള്‍ തന്നെയാണ്. അലനും താഹയും പാര്‍ട്ടിക്കുള്ളില്‍ നിന്ന് മറ്റൊരു ആശയത്തിനു വേണ്ടി പ്രവര്‍ത്തിച്ചെങ്കില്‍ അംഗീകരിക്കാനാകില്ല. എന്നാല്‍ അങ്ങനെ നടന്നിട്ടുണ്ടെന്ന് അന്വേഷണത്തിലൂടെ തെളിയിക്കേണ്ടതുണ്ട്. ജുഡീഷ്യല്‍ കസ്റ്റഡിയിലായതിനാല്‍ കുട്ടികളുടെ ഭാഗം കേള്‍ക്കാന്‍ തനിക്ക് സാധിച്ചിട്ടില്ല. അവര്‍ നിരപരാധിത്വം തെളിയിച്ച് പുറത്തു വരണമെന്നാണ് പാര്‍ട്ടി ആഗ്രഹിക്കുന്നതെന്നും യുഎപിഎ ചുമത്തിയത് ശരിയായില്ലെന്നു തന്നെയാണ് നിലപാടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇരുവരുടെയും കുടുംബം വൈകാരികമായാണ് പ്രതികരിക്കുന്നത്. അത് സ്വാഭാവികമാണ്. പാര്‍ട്ടി തിരിഞ്ഞു നോക്കിയില്ല എന്ന പരാതി ഗൗരവമായി പരിശോധിക്കും. വിദ്യാര്‍ഥികള്‍ക്ക് മാവോയിസ്റ്റ് ബന്ധമുണ്ടായിരുന്നു എന്ന തരത്തില്‍ പി ജയരാജന്‍ നടത്തിയ പ്രസ്താവനയെ കുറിച്ച് ചോദിച്ചപ്പോള്‍ അത് തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നും അദ്ദേഹത്തിനോട് തന്നെ ചോദിക്കണമെന്നും പി മോഹനന്‍ പറഞ്ഞു.

യുഎപിഎ കേസ് ചുമത്തുമ്പോള്‍ അതില്‍ എന്‍ഐഎയ്ക്ക് ഇടപെടാനുള്ള പുതിയ നിയമ ഭേദഗതിയെ പാര്‍ലമെന്റില്‍ പിന്തുണച്ചവരാണ് കോണ്‍ഗ്രസുകാര്‍. ആ പാര്‍ട്ടിയില്‍ നിന്നുള്ള പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അവിടെ പോയത് നിയമം പാസാക്കിയതിന് പിന്തുണ കൊടുത്തതിന്റെ പാപക്കറ കളയാനാണെന്നും അദ്ദേഹം പറഞ്ഞു.
ഇതിനിടെ ഇടതുപക്ഷ ജനാധിപത്യമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന മനുഷ്യ മഹാശൃംഖലയുമായി ബന്ധപ്പെട്ട് പ്രസ്‌ക്ലബ്ബില്‍ നടത്തിയ പത്രസമ്മേളനത്തിനിടയില്‍ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നിന്ന് അലന്‍താഹ അറസ്റ്റുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഒരു ചോദ്യത്തിന് താന്‍ നല്‍കിയ വിശദീകരണം ചില ചാനലുകള്‍ തെറ്റായി വ്യാഖ്യാനിച്ചതായി പി മോഹനന്‍ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

സര്‍ക്കാരിന് നിയമപരമായ രീതിയിലാണ് പോകാന്‍ കഴിയുക ആ നിലയിലാണ് മുഖ്യമന്ത്രി അതിനെ സംബന്ധിച്ച് പറഞ്ഞത്.’ അതിനെയാണ് മുഖ്യമന്ത്രിക്കെതിരെ പി മോഹനന്‍ എന്നെല്ലാമുള്ള രീതിയില്‍ വാര്‍ത്ത നല്‍കിയത്. യുഎ പിഎ പ്രശ്‌നത്തില്‍ സര്‍ക്കാരിനും പാര്‍ട്ടിക്കും ഒരേ അഭിപ്രായമാണ്. യുഎപിഎ കേസുകള്‍ അതിന്റെ പരിശോധനാസമിതിയുടെ മുമ്പിലെത്തുമ്പോള്‍ ഒഴിവാക്കപ്പെടണമെന്നാണ് പാര്‍ട്ടിയും സര്‍ക്കാരും നേരത്തെതന്നെ വ്യക്തമാക്കിയത്. അലനും താഹയ്ക്കുമെതിരായി ചുമത്തിയ കേസില്‍ ഇതേ നിലപാടാണ് പാര്‍ടി സ്വീകരിച്ചത്. എന്നാല്‍ കേരളത്തിലെ ബി.ജെ.പി നേതാക്കളുടെ സമ്മര്‍ദ്ദം മൂലമാണ് അലന്‍താഹ കേസ് എന്‍.ഐ.എ ഏറ്റെടുത്തത്. കേരളത്തില്‍ യു.എ.പി.എ അനുസരിച്ച് 132 കേസുകള്‍ സി.പി.ഐ(എം) നേതാക്കള്‍ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരായി എടുത്തത് ചെന്നിത്തല ആഭ്യന്തരമന്ത്രിയായിരിക്കുന്ന കാലത്താണ്. ചെന്നിത്തലയുടെ ഇപ്പോഴത്തെ ഇടപെടല്‍ നാടകം തികഞ്ഞ രാഷ്ട്രീയ തട്ടിപ്പ് മാത്രമാെണന്നായിരുന്നു തന്റെ വിശദീകരണം. അതെല്ലാം ഒഴിവാക്കി എന്റെ വാക്കുകളെ വളച്ചൊടിച്ച് വിവാദം സൃഷ്ടിക്കാനുള്ള ചില മാധ്യമങ്ങളുടെ താല്‍പര്യം എല്ലാവര്‍ക്കും മനസ്സിലാകുമെന്നും അദ്ദേഹം വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

you may also like this video