Web Desk

November 25, 2021, 10:12 am

യുപിയില്‍ ബിജെപിയെ പരാജയപ്പെടുത്താന്‍ സഖ്യം; എസ്പിയുമായി ആര്‍എല്‍ഡിയും

Janayugom Online

അടുത്ത വര്‍ഷം നടക്കുന്ന യുപി നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുടെ നില വളരെ പരുങ്ങലിലാകുമെന്ന സാഹചര്യത്തിലാണ് വിവാദ കാര്‍ഷിക നിയമങ്ങള്‍ പിന്‍വലിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ യുപിയില്‍ ബിജെപിയെ വീണ്ടും അധികാരത്തില്‍ എത്താതിരിക്കുവാന്‍ കര്‍ഷകര്‍ രാഷട്രീയഭേദമന്യേ രംഗത്ത് വന്നിട്ടുണ്ട്. സംസ്ഥാനത്തെ പ്രധാന പ്രതിപക്ഷ കക്ഷിയായ സമാജ് വാദി പാര്‍ട്ടി സഖ്യം വിശാലമാക്കി ബിജെപിയെ അധികാരത്തില്‍ എന്നും മാറ്റി യുപിയില്‍ ഭരണ മാറ്റിത്തിന് നേതൃത്വം കൊടുക്കകയാണ്. എന്നാല്‍ ബിജെപിയെ രാഷട്രീയമായി നേരിടാന്‍ ശേഷിയില്ലാത്ത കോണ്‍ഗ്രസിനെ സഖ്യത്തിലേക്ക് ക്ഷണിക്കുന്നുമില്ല. ബീഹാറില്‍ സംഭവിച്ചതുപോലെയായി തീരും അവസ്ഥയെന്നു എസ്പി നേതാക്കള്‍ കണക്കു കൂട്ടുന്നു. ഇത്തവണ ജയന്ത് ചൗധരിയുടെ നേതൃത്വത്തിലുള്ള പാര്‍ട്ടിയായ രാഷട്രീയ ലോക്ദള്‍ (ആര്‍എല്‍ഡി) 35 സീറ്റുകളില്‍ എസ്പിയുമായി സഖ്യത്തില്‍ ചേര്‍ന്ന് മത്സരിക്കും. പടിഞ്ഞാറന്‍ യുപിയില്‍ നിര്‍ണ്ണായക ശക്തിയാണ് ആര്‍എല്‍ഡി. എസ്പിയുടെ അദ്ധ്യക്ഷനും, മുന്‍ യുപി മുഖ്യമന്ത്രിയുമായ അഖിലേഷ് യാദവ് ആര്‍എല്‍ഡി അദ്ധ്യക്ഷന്‍ ജയന്ത് ചൗദരിയെ കഴിഞ്ഞ ദിവസം ലഖ്നൗവില്‍ വെച്ചു കണ്ടിരുന്നു. ജയന്ത് ചൗധരിയും യുപിയിലെ മാറ്റത്തോടൊപ്പമാണ് ഇരുവരുടേയും ഫോട്ടോയ്ക്ക് അഖിലേഷ് അടിക്കുറിപ്പ് നല്‍കിയത്. സമാനമായ അടിക്കുറിപ്പാണ് ജയന്തും നല്‍കിയത്. ഈ ആഴ്ച അവസാനം ഇരുനേതാക്കളും സംയുക്ത പത്ര സമ്മേളനം നടത്തുമെന്ന് ആര്‍എല്‍ഡി സംസ്ഥാന പ്രസിഡന്‍റ് മസൂദ് അഹമ്മദും പറഞ്ഞു.

ഇരു കക്ഷികളും തമ്മിലുള്ള സീറ്റ് വിഭജനം പിന്നീട് പുറത്തുവിടുമെന്നും ആര്‍എല്‍ഡി നേതാക്കള്‍ പറയുന്നു. പാര്‍ട്ടിക്ക് നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ 35 സീറ്റുകള്‍ ലഭിച്ചേക്കുമെന്നു പേരു വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആര്‍എല്‍ഡി നേതാവ് അഭിപ്രായപ്പെട്ടു. 35–40 സീറ്റുകളിലേക്കാണ് ധാരണയായത്. ഞങ്ങള്‍ 45 സീറ്റ് ആവശ്യപ്പെട്ടിരുന്നു. രണ്ടു പാര്‍ട്ടികളുടേയും അദ്ധ്യക്ഷന്‍മാര്‍ തമ്മില്‍ ചര്‍ച്ചചെയ്തതിനെ തുടര്‍ന്ന് 35 സീറ്റുകളില്‍ ധാരണയായിട്ടുണ്ട്. പടിഞ്ഞാറൻ യുപിയിൽ അഞ്ചോ ആറോ എസ്പി സ്ഥാനാർഥികൾ ആർഎൽഡിയുടെ ചിഹ്നത്തിൽ മത്സരിക്കാൻ സാധ്യതയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 2014ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ജയന്ത്മഥുരയിലും, ബാഗ്പത്തിലും അജിത് സിംഗ് പരാജയപ്പെട്ടതിനെ തുടര്‍ന്ന് യുപിയില്‍ ആര്‍എല്‍ഡി തളര്‍ച്ചയിലായിരുന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പിലും പരിതാപകരമായിരുന്നു അവസ്ഥ. 2017ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആര്‍എല്‍ഡിക്ക് ഒരു സീറ്റ് മാത്രമാണ് പാര്‍ട്ടിക്ക് ലഭിച്ചത്. എന്നാല്‍ കേന്ദ്ര സര്‍ക്കാരിന്‍റെ വിവാദകാര്‍ഷിക നിയമങ്ങള്‍ക്കെതിരേ കര്‍ഷകര്‍ നടത്തിയ പ്രക്ഷോഭത്തെ പിന്തുണച്ചതിനാല്‍ പാര്‍ട്ടിക്ക് സംസ്ഥാനത്ത് പുതിയ പ്രതീക്ഷയാണ് കിട്ടിയത്. ബിജെപിക്കും നരേന്ദ്രമോദിക്കുമെനതിരെ സന്ധിയില്ലാ പ്രക്ഷോഭത്തിലായിരുന്നു ആര്‍എല്‍ഡി. കഴിഞ്ഞ കുറച്ച് മാസങ്ങളായി ജയന്ത് സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് റാലികൾ നടത്തിയിരുന്നു. പടിഞ്ഞാറൻ യുപിയിലെ ജാട്ടുകളേയും മുസ്ലീങ്ങളേയും ഒരുമിപ്പിക്കുന്നതിനുള്ള ‘ഭായിചാര സിന്ദാബാദ്’ (ദീർഘായുസ്സ് സാഹോദര്യം) കാമ്പെയ്‌ൻ പോലുള്ള സംരംഭങ്ങളിലൂടെ സമൂഹത്തിലെ വിവിധ വിഭാഗങ്ങളെ ഒന്നിപ്പിക്കാൻ ആർഎൽഡി ശ്രമിച്ചിരുന്നു. എസ്പിയെ സംബന്ധിച്ചടത്തോളം പടിഞ്ഞാറന്‍ യുപിയില്‍ സഖ്യം ഏറെ അനൂകൂലമായി തീരാനാണ് സാധ്യത. പടിഞ്ഞാറന്‍ യുപിയില്‍ ആര്‍എല്‍ഡിയും, കിഴക്കന്‍ജില്ലകളില്‍ രാജ്ഭറിന്‍റെ ജന്‍വാദിപാര്‍ട്ടിയും, യുപിയുടെ മധ്യമേഖലയില്‍ മഹാന്‍ദളും എസ്പിയുടെ സഖ്യത്തിലാണ്.

Eng­lish sum­ma­ry; Alliance to defeat BJP in UP

You may also like this video;