8 October 2024, Tuesday
KSFE Galaxy Chits Banner 2

Related news

October 7, 2024
September 22, 2024
September 19, 2024
September 18, 2024
September 17, 2024
September 17, 2024
August 31, 2024
August 26, 2024
August 26, 2024
August 26, 2024

ബിജെപിയെ എതിര്‍ത്ത് സഖ്യകക്ഷികള്‍; വെട്ടിലായി മോഡി സര്‍ക്കാര്‍

Janayugom Webdesk
ന്യൂഡല്‍ഹി
August 26, 2024 11:03 pm

വിവാദവിഷയങ്ങളിലെല്ലാം മൂന്നാം മോഡി സര്‍ക്കാരിനെ വെട്ടിലാക്കി സഖ്യകക്ഷികള്‍. ജാതി സെന്‍സസ് വിഷയത്തില്‍ ചിരാഗ് പാസ്വാന്റെ എല്‍ജെപി ഇന്ത്യ സഖ്യത്തിനൊപ്പം ചേര്‍ന്നു. അതിനിടെ ഇസ്രയേലിന് ആയുധങ്ങളും വെടിക്കോപ്പുകളും വിതരണം ചെയ്യുന്നത് നിർത്തണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ജനതാദൾ യുണൈറ്റഡും രംഗത്തെത്തി. ബിജെപി നേതൃത്വം കൊടുക്കുന്ന എന്‍ഡിഎ സര്‍ക്കാറിലെ പ്രധാന ഘടക കക്ഷികളാണ് ജെഡിയുവും എല്‍ജെപിയും. ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സിന്റെ സെക്രട്ടറി ജനറൽ, മുഹമ്മദ് മക്രം ബലാവിയുമായി ഡല്‍ഹിയില്‍ വച്ച് പ്രതിപക്ഷ പാര്‍ട്ടികള്‍ ഞായറാഴ്ച കൂടിക്കാഴ്ച നടത്തിയിരുന്നു. പശ്ചിമേഷ്യയിൽ സമാധാനം നിലനിര്‍ത്താനും പലസ്തീനെ പിന്തുണയ്ക്കുന്നതിനും വേണ്ടി പാർലമെന്ററി പ്രവര്‍ത്തനങ്ങളെ ആഗോള തലത്തില്‍ ഏകോപിപ്പിക്കുന്ന സ്വതന്ത്ര സ്ഥാപനമാണ് ലീഗ് ഓഫ് പാർലമെന്റേറിയന്‍സ് ഫോർ അൽ ഖുദ്‌സ്.

സ്വതന്ത്ര രാജ്യമെന്ന പലസ്തീന്റെ ആവശ്യത്തെ ആദ്യ നാളുകൾ മുതൽ തന്നെ ജെഡിയുപിന്തുണച്ചിരുന്നുവെന്ന് ജനറല്‍ സെക്രട്ടറി കെ സി ത്യാഗി പറഞ്ഞു. ഗാസയില്‍ പ്രായമായവരെയും സ്ത്രീകളെയും കുട്ടികളെയും കൊല്ലുന്നത് അവസാനിപ്പിക്കണമെന്നും ഇസ്രയേലിനെയും പലസ്തീനെയും സംബന്ധിച്ച യുഎൻ പ്രമേയങ്ങൾ മാനിക്കപ്പെടണമെന്നും ത്യാഗി വ്യക്തമാക്കി, ഇസ്രയേലിന് ആയുധം നൽകരുതെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടുന്ന പ്രസ്താവനയും സംയുക്തയോഗം പുറത്തിറക്കി. ഹൈദരാബാദിൽ നിർമ്മിച്ച ഹെർമിസ് ഡ്രോണുകൾ ഇന്ത്യ, ഇസ്രയേലിന് കൈമാറുന്നുവെന്ന റിപ്പോര്‍ട്ടുകള്‍ അടുത്തിടെ പുറത്തുവന്നിരുന്നു. ഇസ്രയേലിന്റെ എൽബിറ്റ് സിസ്റ്റംസും അഡാനി ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭത്തിന്റെ ഭാഗമായിരുന്നു ഇടപാട്. ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടെടുക്കുന്ന മോഡി സര്‍ക്കാരിന് കനത്ത പ്രഹരമാണ് ജെഡിയുവിന്റെ നിലപാട്. 

അതിനിടെ രാജ്യത്തെ മുഴുവന്‍ സംസ്ഥാനങ്ങളിലും ജാതി സെന്‍സസ് നടത്തണമെന്ന പ്രതിപക്ഷ ഇന്ത്യ സഖ്യത്തിന്റെ ആവശ്യത്തോടൊപ്പം എന്‍ഡിഎ ഘടകകക്ഷിയായ ലോക് ജനശക്തി പാര്‍ട്ടി (എല്‍ജെപി) ചേര്‍ന്നത് എന്‍ഡിഎയ്ക്ക് മറ്റൊരു തിരിച്ചടിയായി. ദേശവ്യാപകമായി ജാതി സെന്‍സസ് നടത്തി പട്ടികജാതി, പിന്നാക്ക, ആദിവാസി വിഭാഗത്തെ സമൂഹത്തിന്റെ മുഖ്യധാരയില്‍ എത്തിക്കണമെന്ന ആവശ്യം അംഗീകരിക്കുന്നതായി പാര്‍ട്ടി അധ്യക്ഷനും നിലവില്‍ കേന്ദ്രഭക്ഷ്യ സംസ്കരണ വകുപ്പ് മന്ത്രിയുമായ ചിരാഗ് പസ്വാന്‍ പറഞ്ഞു. കേന്ദ്ര സര്‍ക്കാര്‍ വകുപ്പുകളില്‍ സംവരണം അട്ടിമറിച്ച് ലാറ്ററല്‍ എന്‍ട്രി വഴി ഉന്നത ഉദ്യോഗസ്ഥരെ നിയമിക്കാനുള്ള മോഡി സര്‍ക്കാരിന്റെ വിവാദ നീക്കത്തിനെതിരെയും എല്‍ജെപി കടുത്ത വിയോജിപ്പ് പ്രകടിപ്പിച്ചിരുന്നു. ജനതാദള്‍ യുണൈറ്റഡും ജാതി സെന്‍സസ് നടത്തണമെന്ന് നിരന്തരം ആവശ്യമുന്നയിക്കുന്നു. വിവാദ വിഷയങ്ങളില്‍ ഘടകകക്ഷികള്‍ ബിജെപി നിലപാടിനെ എതിര്‍ത്ത് രംഗത്ത് വരുന്നത് മോഡി ഭരണത്തിന്റെ മുന്നോട്ടുള്ള പോക്കിനെ പ്രതികൂലമായി ബാധിക്കുന്ന നിലയിലേക്ക് മാറിയിട്ടുണ്ട്. വിവാദമായ വഖഫ് ഭേദഗതി ബില്ലിലും ബ്രോഡ്കാസ്റ്റ് ബില്ലിലും പ്രതിപക്ഷത്തിന്റെയും ഘടക കക്ഷികളുടെയും ഏതിര്‍പ്പിന് പിന്നാലെ മോഡി സര്‍ക്കാരിന് പിന്തിരിയേണ്ടി വന്നിരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.