നെഹ്‌റുട്രോഫി ജലമേളയ്ക്ക് കേരള ബ്ലാസ്റ്റേഴ്‌സും അല്ലു അർജുനും ആവേശം പകരും

Web Desk
Posted on October 30, 2018, 9:50 pm

കുട്ടനാടിന്റെ പ്രളയാനന്തര അതിജീവനത്തിന് കരുത്തുപകരാനായി സംഘടിപ്പിക്കുന്ന നെഹ്‌റുട്രോഫി ജലമേളയ്ക്ക് ഇത്തവണത്തെ ഏറ്റവും വലിയ ആകർഷണം കേരള ബ്ലാസ്റ്റേഴ്‌സ്. ഐ.എസ്.എൽ കേരള ബ്ലാസ്റ്റേഴ്‌സ് ടീം സ്വന്തം ജഴ്‌സിയണിഞ്ഞാണ് പുന്നമടയുടെ ഓളപ്പരപ്പുകളിൽ ആവേശം പകരുക. കേരള ബ്ലാസ്റ്റേഴ്‌സ് ടീം അംഗങ്ങൾ ട്രാക്കിലും പുറത്തുമായി കാണികളെ അഭിവാദ്യം ചെയ്ത് സഞ്ചരിക്കും. ഇവർക്ക് വേണ്ട സൗകര്യങ്ങൾ നെഹ്‌റു ട്രോഫി ബോട്ട് റേസ് കമ്മിറ്റി ഒരുക്കി വരുകയാണ്.

ഇത്തവണത്തെ മുഖ്യാതിഥി ഗവർണർ ആണ്. കേരള ഗവർണർ ജസ്റ്റിസ് പി. സദാശിവം എത്തുമെന്ന് സംഘാടക സമിതിയെ അറിയിച്ചിട്ടുണ്ട്. ഗവർണറുടെ വരവിന് മുന്നോടിയായി പവലിയനിൽ വിഐപി ഗാലറിക്ക് സമീപം സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തും. കേന്ദ്ര ടൂറിസം മന്ത്രി അൽഫോൺസ് കണ്ണന്താനവും നെഹ്‌റു ട്രോഫിയിൽ പങ്കെടുക്കും. വള്ളംകളിക്ക് ആവേശം പകരാൻ സിനിമ താരം അല്ലുഅർജുൻ എത്തുന്നുണ്ട്.

തെലുങ്ക് സിനിമാതാരം അല്ലു അർജുന് കേരളത്തിലും ഏറെ ആരാധകരുണ്ട്. ആര്യ എന്ന സിനിമയിലൂടെ തെലുങ്ക് സിനിമാരംഗത്ത് യുവാക്കളുടെ ഹരമായി മാറിയ അല്ലു തെന്നിന്ത്യയിലെ ഒളിമ്പിക്‌സ് ആയ നെഹ്‌റുട്രോഫിക്ക് എത്തുന്നുവെന്നത് ഏറെ ആവേശം സൃഷ്ടിക്കും. ജില്ലാ കളക്ടർ എസ്. സുഹാസ് , സബ് കലക്ടർ കൃഷ്ണതേജ, ഇറിഗേഷൻ എക്‌സിക്യൂട്ടീവ് എഞ്ചിനീയർ ഹരൻബാബു, മുൻ എംഎൽഎമാരായ സി. കെ. സദാശിവൻ, കെ.കെ. ഷാജു തുടങ്ങിയവർ സംസാരിച്ചു.