Tuesday
26 Mar 2019

അലോക് വര്‍മ്മ രാജിവച്ചു

By: Web Desk | Friday 11 January 2019 3:23 PM IST


സ്വന്തം ലേഖകന്‍

ന്യൂഡല്‍ഹി: സിബിഐ മുന്‍ ഡയറക്ടര്‍ അലോക് വര്‍മ്മ കേന്ദ്ര സര്‍വീസില്‍ നിന്ന് രാജിവച്ചു. കേന്ദ്ര സര്‍ക്കാരിന്റെ പുറത്താക്കല്‍ തീരുമാനം സുപ്രീംകോടതി റദ്ദാക്കിയതിനെ തുടര്‍ന്ന് ബുധനാഴ്ച ചുമതലയേറ്റ വര്‍മ്മയെ പ്രധാനമന്ത്രി അധ്യക്ഷനായ സെലക്ഷന്‍ കമ്മിറ്റി വ്യാഴാഴ്ച നീക്കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. അതേസമയം നാഗേശ്വര്‍ റാവുവിനെ സിബിഐ ഇടക്കാല ഡയറക്ടറായി നിയമിച്ച തീരുമാനത്തെ ചോദ്യം ചെയ്ത് സുപ്രീം കോടതിയെ സമീപിക്കുമെന്ന് പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

സ്വയം വിരമിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് കേന്ദ്ര പേഴ്‌സണല്‍ മന്ത്രാലയ സെക്രട്ടറി സി ചന്ദ്രമൗലിക്ക് വര്‍മ്മ കത്ത് നല്‍കി. ഫയര്‍ സര്‍വീസ്, സിവില്‍ ഡിഫന്‍സ് ആന്‍ഡ് ഹോം ഗാര്‍ഡ്‌സിന്റെ ഡയറക്ടര്‍ ജനറല്‍ സ്ഥാനം ഏറ്റെടുക്കാന്‍ തയാറല്ലെന്നു അറിയിച്ച അദ്ദേഹം തന്നെ രാജിവയ്ക്കാന്‍ അനുവദിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഫയര്‍ സര്‍വീസസ് ഡി ജി പദവി ഏറ്റെടുക്കാന്‍ തന്റെ പ്രായപരിധി തടസമാണെന്നും അതിനാല്‍ തന്നെ സ്വയം വിരമിക്കാന്‍ അനുവദിക്കണമെന്നും കത്തില്‍ വ്യക്തമാക്കുന്നുണ്ട്. ഇത് ഒരു രാജിക്കത്തിന് സമാനമാണെന്നാണ് ഉന്നതവൃത്തങ്ങള്‍ നല്‍കുന്ന സൂചന. സെലക്ഷന്‍ കമ്മിറ്റി യോഗത്തില്‍ തന്റെ ഭാഗം വിശദീകരിക്കാനുള്ള അവസരം നല്‍കിയില്ലെന്ന് അലോക് വര്‍മ്മ കത്തില്‍ സൂചിപ്പിച്ചു.

അലോക് വര്‍മ്മ രാജിവയ്ക്കുന്നതോടെ കേന്ദ്രസര്‍ക്കാരിന് കൂടുതല്‍ തിരിച്ചടിയാകുമെന്നാണ് സൂചന. കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട പല രഹസ്യങ്ങളും ഇദ്ദേഹം മാധ്യമങ്ങളെ കണ്ട് വെളിപ്പെടുത്തുമെന്ന സൂചനയുമുണ്ട്. ഇതിനിടെ റഫാല്‍ ഇടപാടിന്റെ പേരിലാണ് അലോക് വര്‍മ്മയെ മാറ്റാന്‍ മോഡി ധൃതി കാട്ടുന്നതെന്നും വര്‍മ്മയ്ക്ക് വിശദീകരണത്തിന് അവസരം നല്‍കാത്തതെന്നുമുള്ള പ്രതിപക്ഷത്തിന്റെ ആരോപണം ശക്തമായി തന്നെ നിലനില്‍ക്കുന്നുണ്ട്.

റഫാല്‍ മാത്രമല്ല, കേന്ദ്രസര്‍ക്കാരും മുന്‍ ന്യായാധിപന്മാരും അടക്കം പ്രതിക്കൂട്ടിലാകുന്ന മറ്റു ആറ് പരാതികള്‍ കൂടി അലോക് വര്‍മ്മയുടെ പരിഗണനയിലുണ്ടെന്നതായിരുന്നു പുറത്താക്കലിന് വഴിവച്ചതായി നിരീക്ഷിക്കപ്പെടുന്നത്. അഴിമതി ആരോപണങ്ങളുടെയും കൃത്യവിലോപത്തിന്റെയും പേരിലാണ് വര്‍മ്മയെ മാറ്റിയതെന്നാണ് ഔദ്യോഗിക വൃത്തങ്ങള്‍ കഴിഞ്ഞദിവസം അദ്ദേഹത്തെ പുറത്താക്കിയതിന് കാരണമായി അറിയിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ വസതിയില്‍ ചേര്‍ന്ന സമിതിയുടെ യോഗമാണ് വര്‍മ്മയെ മാറ്റിയത്. രണ്ട് മണിക്കൂര്‍ നീണ്ട യോഗം അലോക് വര്‍മ്മയ്‌ക്കെതിരായ കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്തിരുന്നു. പ്രധാനമന്ത്രിയും സമിതിയില്‍ ചീഫ് ജസ്റ്റിസിന്റെ പ്രതിനിധിയായ ജസ്റ്റിസ് എ കെ സിക്രിയും സി വി സി നിഗമനങ്ങള്‍ ശരിവച്ചപ്പോള്‍ മൂന്നാമത്തെ അംഗമായ ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് മല്ലികാര്‍ജുന്‍ ഖാര്‍ഗെ എതിര്‍ത്തു. തീരുമാനം മാറ്റിവയ്ക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിക്കപ്പെട്ടു.

സിബിഐ തലപ്പത്തെ ആഭ്യന്തര പ്രശ്‌നങ്ങള്‍ പരസ്യമായ തമ്മിലടിയിലേക്കു നീങ്ങിയതോടെയാണ് കേന്ദ്രം സിബിഐ ഡയറക്ടറര്‍ സ്ഥാനത്തു നിന്ന് വര്‍മ്മയെ നീക്കിയത്. സിബിഐ സ്‌പെഷല്‍ ഡയറക്ടറും മോഡി സര്‍ക്കാരിന്റെ അടുപ്പക്കാരനുമായ രാകേഷ് അസ്താനയോടും നിര്‍ബന്ധിത അവധിയില്‍ പ്രവേശിക്കാന്‍ നിര്‍ദേശിച്ചിരുന്നു.
ഇതിനെതിരെ അലോക് വര്‍മ്മ സമര്‍പ്പിച്ച ഹര്‍ജിയില്‍ ചൊവ്വാഴ്ച സുപ്രീംകോടതി അദ്ദേഹത്തെ നയപരമായ തീരുമാനങ്ങളെടുക്കരുതെന്ന വ്യവസ്ഥകളോടെ തിരിച്ചെടുക്കുകയായിരുന്നു. സിവിസി റിപ്പോര്‍ട്ട് പരിഗണിച്ച് സെലക്ഷന്‍ കമ്മിറ്റി ഒരാഴ്ചയ്ക്കകം അന്തിമ തീരുമാനം എടുക്കണമെന്നും ചീഫ്ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വിധിച്ചിരുന്നു.
എന്നാല്‍ സുപ്രീംകോടതി ഉത്തരവ് പ്രകാരം ബുധനാഴ്ച ഡയറക്ടര്‍ പദവിയില്‍ തിരിച്ചെത്തിയ അലോക് വര്‍മ്മ അന്നുതന്നെ പത്ത് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റം റദ്ദാക്കുകയും മറ്റ് അഞ്ച് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. വര്‍മ്മയ്ക്ക് പകരം ഇടക്കാല ഡയറക്ടറായി നിയമിതനായ എം നാഗേശ്വര റാവു നടത്തിയ സ്ഥലംമാറ്റങ്ങളാണ് അദ്ദേഹം തിരുത്തിയത്.
അതേസമയം സി ബി ഐയുടെ താല്‍കാലിക ഡയറക്ടറായി വീണ്ടും ചുമതലയേറ്റ എം നാഗേശ്വര റാവു അലോക് വര്‍മ്മ നടത്തിയ സ്ഥലംമാറ്റങ്ങള്‍ റദ്ദാക്കുകയും ഉദ്യോഗസ്ഥരെ പുന:സ്ഥാപിക്കുകയും ചെയ്തു. കൂടാതെ ആറ് ജോയിന്റ് ഡയറക്ടര്‍മാരെയും സിബിഐ വക്താവിനെയും സ്ഥലംമാറ്റിയിട്ടുണ്ട്.

ആരോപണങ്ങള്‍ അടിസ്ഥാനരഹിതം: അലോക് വര്‍മ്മ

തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് മുന്‍ സിബിഐ ഡയറക്ടര്‍ അലോക് വര്‍മ്മ. സിബിഐയില്‍ പുറമേ നിന്നുള്ള സ്വാധീനമുണ്ടായി. തന്നോടു ശത്രുതയുള്ള ഒരു ഉദ്യോഗസ്ഥന്റെ പരാതിയിലാണ് തനിക്കെതിരെ നടപടിയെടുത്തത്. തന്റെ നിലപാട് വിശദീകരിക്കാന്‍ അവസരം ലഭിച്ചില്ലെന്നും അലോക് വര്‍മ്മ പറഞ്ഞു.

രാജ്യത്തെ ഏറ്റവും വിശ്വാസ്യതയുള്ള ഏജന്‍സിയാണ് സിബിഐ. ഈ ഏജന്‍സിയില്‍ പുറമേ നിന്നുള്ള ഇടപെടല്‍ ഉണ്ടാകരുതെന്ന് താന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ അത്തരത്തിലുള്ള ഇടപെടലുകള്‍ ഉണ്ടായെന്ന് അലോക് കൂട്ടിച്ചേര്‍ത്തു.

സിബിഐയുടെ വിശ്വാസ്യത സംരക്ഷിക്കാനുള്ള ശ്രമങ്ങളാണ് താന്‍ നടത്തിയത്. എന്നാല്‍ അതിനെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ ഉണ്ടായി. തനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ അടിസ്ഥാനരഹിതമായിരുന്നു. ആരോപണമുന്നയിച്ച ഉദ്യോഗസ്ഥന് തന്നോട് ശത്രുതയുണ്ടായിരുന്നതായി എല്ലാവര്‍ക്കും അറിയുന്ന കാര്യമാണ്. തന്റെ വിശദീകരണം പോലും കേള്‍ക്കാതെയായിരുന്നു ഇതെന്നും അലോക് വ്യക്തമാക്കി.