പത്രപ്രവര്‍ത്തനത്തിലെ ആളൂര്‍ പെരുമ

Web Desk
Posted on March 02, 2018, 8:59 pm

ഷാജി ഇടപ്പള്ളി

മലപ്പുറം: സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രം പേറുന്ന വിപ്ലവ വീഥിയിലെ മലപ്പുറത്തിന്റെ പെരുമയെഴുതി ശ്രദ്ധേയനായ ആളൂര്‍ പ്രഭാകരനെന്ന പത്രപ്രവര്‍ത്തകന്റെ ത്യാഗനിര്‍ഭരമായ ജീവിതാനുഭവങ്ങള്‍ പുതു പത്രപ്രവര്‍ത്തക തലമുറക്ക് ആവേശം പകരുന്നതാണ്. കഷ്ടപ്പാടുകളും പട്ടിണിയും സഹിച്ച് പ്രതിസന്ധികളെ അതിജീവിച്ച ഒരു ജീവിത കഥയാണ് 71 കാരനായ പ്രഭാകരന്റേത്. ജനയുഗത്തിന്റെ ആരംഭ നാളുകള്‍ മുതല്‍ ഇടക്കാലത്ത് പത്രം നിര്‍ത്തിവച്ച കാലഘട്ടം വരെ ജനയുഗത്തിന്റെ ലേഖകനായി പ്രവര്‍ത്തിച്ചതിന്റെ അനുഭവം ഓര്‍ക്കുമ്പോള്‍ ഇപ്പോഴും വികാരധീനനവാകുയാണ് അദ്ദേഹം.
സ്വതന്ത്ര്യ സമര സേനാനിയും കവിയുമായിരുന്ന മലപ്പുറം ആതവനാട് പുളിക്കത്തൊടി ശങ്കുണ്ണി നായരുടെ മകനായ പ്രഭാകരന്‍ വിദ്യാഭ്യാസ കാലം മുതല്‍ കവിതകള്‍ ആനുകാലികങ്ങളില്‍ എഴുതുമായിരുന്നു. ബാലസംഘത്തിന്റെയും വായനശാലയുടെയും വിവിധ ക്ലബുകളുടെയും പ്രവര്‍ത്തനത്തില്‍ സജീവമായിരുന്നു, ഹൈസ്‌കൂള്‍ പഠനത്തിനു ശേഷം കെ എ കേരളീയന്റെ നേതൃത്വത്തില്‍ പ്രസിദ്ധീകരിച്ചിരുന്ന കൃഷിക്കാരന്‍ മാസികയുടെ സഹായിയായതോടെയാണ് പ്രഭാകരന്റെ പത്രപ്രവര്‍ത്തക ജീവിതം തുടങ്ങുന്നത്.

തുടര്‍ന്ന് നവജീവന്‍ മാസികയുടെ പത്രാധിപസമിതിയില്‍ അംഗമായും പ്രവര്‍ത്തിച്ചു. പിന്നെ കൊല്ലത്ത് ജനയുഗം ആരംഭിച്ചപ്പോള്‍ ജനയുഗത്തില്‍ ജോലിക്കാരനായി. 1969ല്‍ മലപ്പുറം ജില്ല രൂപീകരിച്ചതിനുശേഷം ജനയുഗത്തിന്റെ ജില്ലാ ലേഖകനായി. മലപ്പുറം പ്രസ്സ് ക്ലബ്ബിന്റെ സ്ഥാപക പ്രസിഡന്റാണ്. അടിയന്തിരാവസ്ഥ കാലയളവില്‍ രണ്ടു മാസക്കാലം ജയില്‍വാസവും അനുഭവിക്കേണ്ടി വന്നു. കമ്മ്യൂണിസ്റ്റ് പാര്‍ടിയോടുള്ള ആദരവ് മൂലം ഏറെ കഷ്ടപ്പാടുകള്‍ സഹിച്ചാണ് വാര്‍ത്തകള്‍ ശേഖരിച്ചിരുന്നതും അത് കൊല്ലത്തെ ഓഫീസിലേക്ക് പ്രസിദ്ധീകരണത്തിനായ് അയച്ചിരുന്നതെന്നും പ്രഭാകരന്‍ പറയുന്നു.
എഐവൈഎഫ് പ്രവര്‍ത്തനത്തിലൂടെ ആദ്യജില്ലാ സെക്രട്ടറിയായും പിന്നീട് സി പഐ കു റ്റിപ്പുറം മണ്ഡലം സെക്രട്ടറിയായും ജില്ലാ കൗണ്‍സില്‍ അംഗമായും പ്രവര്‍ത്തിച്ചിട്ടുണ്ട്. യുവകലാസാഹിതി സ്ഥാപക ജില്ലാ സെക്രട്ടറി, ഇതിനിടയില്‍ ആതവനാട് ഗ്രാമപഞ്ചായത്തിലേക്ക് രണ്ടു വട്ടം മത്സരിച്ചു വിജയിച്ചു. ക്ഷേമകാര്യം സ്റ്റാന്റിങ് കമ്മറ്റി ചെയര്‍മാനുമായി. പിന്നീട് ലീഗിന്റെ കുത്തകയായ മണ്ഡലത്തില്‍ ജില്ലാ കൗണ്‍സിലിലേക്ക് മത്സരിക്കുകയും മികച്ച ഭൂരിപക്ഷത്തില്‍ വിജയിക്കുകയും ചെയ്തു. സാഹിത്യ അക്കാദമിയുടെ മികച്ച ഗ്രന്ഥശാലാ പ്രവര്‍ത്തകനുള്ള പുരസ്‌കാരം, സര്‍ക്കാരിന്റെ മികച്ച പത്രപ്രവര്‍ത്താനുള്ള പുരസ്‌കാരം തുടങ്ങിയ നിരവധി അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. മലബാര്‍ ദേവസ്വം ബോര്‍ഡ് മെമ്പര്‍, കോഴിക്കോട് യൂണിവേഴ്‌സിറ്റി സെനറ്റ് മെമ്പര്‍ എന്നീ നിലകളിലും പ്രവര്‍ത്തിച്ചു. സിപിഐ സംസ്ഥാന സമ്മേളനത്തിന്റെ മുന്നോടിയായി തയ്യാറാക്കി ജനയുഗത്തില്‍ പ്രസിദ്ധീകരിച്ച വിപ്ലവവീഥിയിലെ മലപ്പുറം പെരുമയെന്ന പരമ്പര ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. പ്രഭാത് ബുക്‌സ് ഇത് പുസ്തകമായി പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൂടാതെ പ്രഭാത ഗീതങ്ങള്‍ എന്ന കവിതാ സമാഹാരം പ്രസീദ്ധീകരിച്ചിട്ടുണ്ട് പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായും നിരവധി ചരിത്രപരമായ ലേഖനങ്ങള്‍ എഴുതുവാനുള്ള ഒരുക്കത്തിലാണ് അദ്ദേഹം.