February 5, 2023 Sunday

അൽഫോൺസ മധുരം ലഭിക്കാതെ ലോകരാജ്യങ്ങളിലെ മാമ്പഴപ്രേമികൾ

Janayugom Webdesk
ന്യൂഡൽഹി
April 25, 2020 8:46 pm

കൊറോണ വ്യാപനത്തിനിടെ അൽഫോൺസ മാങ്ങ കിട്ടാതെ വിവിധ ലോകരാജ്യങ്ങളിലെ മാമ്പഴ കൊതിയൻമാർ. ഇന്ത്യയിലെ കൊങ്കൺ മേഖലയിലെ ജില്ലകളായ രത്നഗിരി, സിന്ധുദുർഗ് എന്നിവിടങ്ങളിലാണ് അൽഫോൺസ മാമ്പഴം കൂടുതലായി ലഭിക്കുന്നത്. ഗൾഫ് ഉൾപ്പെടെയുള്ള വിദേശരാജ്യങ്ങളിൽ ഇവിടെ നിന്നാണ് അൽഫോൺസ മാങ്ങകൾ കയറ്റുമതി ചെയ്തിരുന്നത്. എന്നാൽ കൊറോണയെ തുടർന്നുള്ള ലോക്ഡൗണിൽ ഗതാഗത സംവിധാനങ്ങൾ റദ്ദാക്കിയതാണ് പ്രതിസന്ധിക്കുള്ള കാരണം. ഈ മേഖലയിലെ മാമ്പഴ കർഷകരേയും ഇപ്പോഴത്തെ പ്രതിസന്ധി രൂക്ഷമായി ബാധിച്ചതായി ദി പ്രിന്റ് റിപ്പോർട്ട് ചെയ്യുന്നു.

മാമ്പഴം കയറ്റുമതി ചെയ്യുന്നതിന് ശുചിത്വ, ഗുണനിലവാര പരിശോധനകളും സർട്ടിഫിക്കറ്റും അനിവാര്യമാണ്. യൂറോപ്യൻ യൂണിയൻ, ജപ്പാൻ, ഓസ്ട്രേലിയ, യുഎസ്, ഗൾഫ് രാജ്യങ്ങൾ എന്നിവിടങ്ങളിലേയ്ക്കാണ് അൽഫോൺസ മാമ്പഴം കൂടുതലായി കയറ്റി അയക്കുന്നത്. 60 മാമ്പഴത്തിന് 3000 രൂപയാണ് ലഭിച്ചിരുന്നത്. ചിലപ്പോൾ 8500 രൂപ വരെ ലഭിച്ചിരുന്നു. എന്നാൽ ലോക്ഡൗൺ ആരംഭിച്ചപ്പോൾ 800 രൂപയായി താഴ്ന്നു. ഇപ്പോൾ ആയിരം രൂപയായി വർധിച്ചതായി മാമ്പഴ കർഷകനായ ഹനീഫ് സെയ്ത് പറയുന്നു.

മുംബൈയിലെ വാഷിയിൽ എത്തിച്ചാണ് വിദേശങ്ങളിലേയ്ക്ക് കയറ്റി അയച്ചിരുന്നത്. ഇതുവരെയുള്ള കണക്കുകൾ പ്രകാരം 18000 ട്രക്ക് മാങ്ങകളാണ് വഴിയിൽ കുടുങ്ങിയത്. ഇതിൽ ഭൂരിഭാഗവും നശിച്ചതായും കർഷകർ പറയുന്നു. പ്രതിവർഷം മഹാരാഷ്ട്രയിലെ മാമ്പഴ കമ്പോളത്തിൽ 250 മുതൽ 300 കോടി രൂപയുടെ വ്യാപാരമാണ് നടക്കുന്നത്. എന്നാൽ ഇക്കുറി അതൊക്കെ തകർന്ന് ഇല്ലാതായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.