കശ്മീരിനെ മറക്കരുത്: വീണ്ടും ഭീഷണിയുമായി അല്‍ഖ്വയ്ദ

Web Desk
Posted on July 10, 2019, 5:00 pm

ഇന്ത്യയ്ക്ക് ഭീഷണിയായി വീണ്ടും അല്‍ ഖ്വായ്ദ. അല്‍ഖ്വായ്ദ ഭീകരനായ അയ്മന്‍ അല്‍ സവാഹിരിയുടേതാണ് സന്ദേശം.

കശ്മീരിനെ മറക്കരുത് എന്ന തലക്കെട്ടോടെ പുറത്ത് വിട്ട സന്ദേശമാണ് പുതിയ ആശയങ്ക ഉയര്‍ത്തുന്നത്. കശ്മീരിലെ ഇന്ത്യന്‍ സൈന്യത്തിന് ശക്തമായ പ്രഹരം ഏല്‍പിക്കുന്നതില്‍ ആകണം മുജാഹീദിനൂകള്‍ ശ്രദ്ധ ചെലുത്തേണ്ടത് എന്നാണ് സന്ദേശത്തില്‍ പറയുന്നത്. കശ്മീരിലെ സര്‍ക്കാരിന് നേര്‍ക്കും ആക്രമണം നടത്തണം. അതുവഴി ഇന്ത്യന്‍ സമ്ബദ് വ്യവസ്ഥ രക്തംചിന്തണം എന്നും സവാഹിരിയുടെ സന്ദേശത്തിലുണ്ട്.
ഇന്ത്യയ്ക്ക് ആള്‍നാശവും ആയുധനാശവും ഉണ്ടാക്കണം എന്നും സവാഹിരി സന്ദേശത്തില്‍ ആഹ്വാനം ചെയ്യുന്നുണ്ട്. ഒരുകൈയ്യില്‍ ഖുറാനും മറുകൈയ്യില്‍ തോക്കും ഏന്തിക്കൊണ്ടാണ് സവാഹിരി വീഡിയോ സന്ദേശം പുറത്ത് വിട്ടിരിക്കുന്നത്.

കശ്മീരിനെ കുറിച്ച് പറയുന്നതിനിടയ്ക്ക്, കഴിഞ്ഞ മെയില്‍ അവിടെ കൊല്ലപ്പെട്ട സാക്കിര്‍ മൂസയുടെ ചിത്രവും സ്‌ക്രീനില്‍ തെളിയുന്നുണ്ട്. എന്നാല്‍ സാക്കിര്‍ മൂസയെ കുറിച്ച് സവാഹിരി പ്രത്യേകമായി ഒന്നും പറഞ്ഞിട്ടില്ല. അല്‍ഖ്വായ്ദയുടെ ഇന്ത്യന്‍ പതിപ്പായ അന്‍സാര്‍ ഗാസ്വത് ഉല്‍ ഹിന്ദിന്റെ സ്ഥാപകന്‍ ആയിരുന്നു സാക്കിര്‍ മൂസ.

പാകിസ്താനെതിരെ വിമര്‍ശനം ഉന്നയിച്ചിട്ടുണ്ട് സവാഹിരി. അമേരിക്കയുടെ കളിപ്പാവ എന്നാണ് പാകിസ്താനെ വിശേഷിപ്പിച്ചിരിക്കുന്നത്. മുജാഹിദീനുകളെ ചൂഷണം ചെയ്യാനാണ് പാകിസ്താന്‍ സൈന്യത്തിനും സര്‍ക്കാരിനും താത്പര്യം എന്നും ആരോപിക്കുന്നുണ്ട്.

കശ്മീരിലെ പോരാട്ടം ലോകമുസ്ലീങ്ങളുടെ ജിഹാദിന്റെ ഭാഗമാണെന്നും സഹാവിരി വീഡിയോയില്‍ പറയുന്നുണ്ട്. മുസ്ലീങ്ങള്‍ കൂടുതല്‍ എത്തുന്ന പള്ളികളിലും മാര്‍ക്കറ്റുകളിലും ഒന്നും സ്‌ഫോടനങ്ങള്‍ നടത്തരുത് എന്നും നിര്‍ദ്ദേശിക്കുന്നുണ്ട്.