24 April 2024, Wednesday

യാഥാസ്ഥിതികതയ്ക്കു മറുപടി ബദല്‍ സംസ്കാരം

Janayugom Webdesk
March 31, 2022 5:05 am

പുരോഗമന, നവോത്ഥാന മൂല്യങ്ങൾക്ക് ഒപ്പം നിഴൽപോലെ യാഥാസ്ഥിതികത്വവും കേരളത്തിന്റെ സാമൂഹ്യ യാഥാർത്ഥ്യത്തിന്റെ ഭാഗമായി നിലനിന്നിരുന്നു എന്നത് അനിഷേധ്യ ചരിത്രവസ്തുതയാണ്. മതത്തിന്റെയും വിശ്വാസത്തിന്റെയും ആചാരങ്ങളുടെയും ഒക്കെപ്പേരിൽ അവസരം കിട്ടുമ്പോഴൊക്കെ തല ഉയർത്താനും രംഗം കീഴടക്കാനും പിന്തിരിപ്പൻ ശക്തികളും പ്രവണതകളും എല്ലാക്കാലത്തും ശ്രമിച്ചിട്ടുമുണ്ട്. തികച്ചും പുരോഗമനപരമായ സുപ്രീം കോടതി വിധിക്കെതിരെ സംസ്ഥാനത്ത് വർഗീയവാദികളും കപട മതേതര ശക്തികളും കേരള സമൂഹത്തെ ജാമ്യത്തടവിൽ ആക്കിയതും, അതുവഴി രാഷ്ട്രീയ മുതലെടുപ്പ് നടത്തിയതും, പ്രബുദ്ധ കേരളം താമസംവിനാ ആ സാമൂഹിക പ്രതിസന്ധിയെ മറികടന്നതും സമീപകാല ചരിത്രമാണ്. കണ്ണിലെണ്ണയൊഴിച്ച്, ജാഗ്രതയോടെ നിലകൊണ്ടില്ലെങ്കിൽ കേരളം കൈവരിച്ച നവോത്ഥന നേട്ടങ്ങളും പുരോഗതിയും ഏതുസമയവും വെല്ലുവിളിക്കപ്പെട്ടേക്കാമെന്ന അവസ്ഥയാണ് ഇന്നും നിലനിൽക്കുന്നത്. രാജ്യത്താകെ വീശിയടിക്കുന്ന വലതുപക്ഷ യാഥാസ്ഥിതികത്വവും ഭൂരിപക്ഷ‑ന്യൂനപക്ഷ ഭേദമന്യേയുള്ള തീവ്ര മത വർഗീയതയും കേരളത്തിലും കാലുറപ്പിക്കാൻ കഠിനശ്രമമാണ് നടത്തിപ്പോരുന്നത്. നിസാരമെന്നോ, നിരുപദ്രവമെന്നോ തോന്നിയേക്കാവുന്ന വിഷയങ്ങളെയും സംഭവങ്ങളെയും ഊതിപ്പെരുപ്പിച്ച് സമൂഹത്തിൽ അസമാധാനവും അക്രമങ്ങളും അഴിച്ചുവിട്ട് രാഷ്ട്രീയ മുതലെടുപ്പിനായി പതിയിരിക്കുകയാണ് തീവ്ര യാഥാസ്ഥിതിക വർഗീയശക്തികൾ. കഴിഞ്ഞ ദിവസങ്ങളിൽ പാലക്കാടും ഇരിങ്ങാലക്കുടയിലും ഉണ്ടായ രണ്ടു സംഭവങ്ങൾ അത്തരം അപായ സാധ്യതകളിലേക്കാണ് വിരൽചൂണ്ടുന്നത്. പാലക്കാട് മോഹിനിയാട്ട നൃത്തപരിപാടി തടസപ്പെടുത്താൻ നടന്ന ശ്രമവും, ഇരിങ്ങാലക്കുടയിൽ ക്ഷണിക്കപ്പെട്ട നർത്തകിക്ക് ഭരതനാട്യം അവതരിപ്പിക്കാൻ അവസരം നിഷേധിച്ചതുമാണ് അവ.


ഇതുകൂടി വായിക്കൂ:   മതനിരപേക്ഷ സംരക്ഷണ സദസ്സുകളില്‍ അണിചേരുക


കേരളത്തിന്റെയും രാജ്യത്തിന്റെയും ക്ലാസിക് കലാരൂപങ്ങളും സംഗീതവും നാടകവും എല്ലാം അവയുടെ വികാസത്തിന്റെ ഘട്ടങ്ങളിൽ ഏറെയും മതങ്ങളുമായി ബന്ധപ്പെട്ടാണ് വളർന്നുവന്നത്. എന്നാൽ മത യാഥാസ്ഥിതികതയ്ക്കും അനാചാരങ്ങൾക്കും അന്ധവിശ്വാസങ്ങൾക്കും എതിരെ വളർന്നുവന്ന നവോത്ഥാന പ്രസഥാനങ്ങൾ അവയെ വലിയൊരളവ് സമൂഹത്തിന്റെയാകെ പൊതു പൈതൃകമാക്കി മാറ്റി. മത, ജാതി യാഥാസ്ഥിതികത അവയെ അവരവരുടെ സ്വകാര്യ സ്വത്താക്കി നിലനിർത്താൻ എക്കാലത്തും ശ്രമിച്ചിട്ടുണ്ട്. അത്തരം ശ്രമങ്ങൾ നൈസർഗികവും അനുഗ്രഹീതവുമായ കഴിവുകളെ നിരാകരിക്കാനും അവയ്ക്ക് അയിത്തം കല്പിച്ചു മതില്‍ക്കെട്ടുകൾക്കു പുറത്തു നിർത്തുന്നതിനു ശ്രമിക്കുകയും, വലിയൊരളവ് അതിൽ വിജയിക്കുകയും ചെയ്തിട്ടുണ്ട്. ഗാനഗന്ധർവ്വൻ യേശുദാസും അന്തരിച്ച കലാമണ്ഡലം ഹെെദരലിയും അവ യിൽ ഏറെ പ്രസിദ്ധങ്ങളായ ഉദാഹരണങ്ങൾ മാത്രം. എന്നാൽ യേശുദാസിനെ ഭക്തിഗാനങ്ങളുടെ കാര്യത്തിലും ഹെെദരലിയെ കഥകളി പദാലാപനത്തിലും ആസ്വാദകരുടെയും ഭക്തരുടെയും ഹൃദയങ്ങളിൽനിന്നും ആർക്കാണ് നിഷ്കാസനം ചെയ്യാനാവുക? ക്ഷേത്രകലകളെയും സംഗീതത്തെയും ക്ഷേത്രങ്ങൾക്കും യാഥാസ്ഥിതികത്വത്തിനും മാത്രമായി വിട്ടുനൽകിയിരുന്നെങ്കിൽ അവയിൽ ഏറെയും വിസ്മൃതിയിലാണ്ട് അന്യംനിന്നു പോകുമായിരുന്നു. വള്ളത്തോളും കലാമണ്ഡലവും അടക്കം മഹദ് വ്യക്തികളും സ്ഥാപനങ്ങളും നമ്മുടെ ക്ലാസിക് കലകളുടെ നവോത്ഥാനത്തിന് നല്‍കിയ സംഭാവനകൾ വിപ്ലവകരമായി മാറിയത് അതിന്റെ സാമൂഹിക ലക്ഷ്യംകൊണ്ട് കൂടിയാണ്. എന്നാൽ ആ പാരമ്പര്യത്തെ ഉയർത്തിപ്പിടിക്കാനും അത് സജീവമായി നിലനിർത്താനും നമുക്ക് എത്രമാത്രം കഴിയുന്നു എന്നതാണ് വെല്ലുവിളി.


ഇതുകൂടി വായിക്കൂ:  ചില നവോത്ഥാന ചിന്തകൾ


അസഹിഷ്ണുതയുടെയും വിദ്വേഷത്തിന്റേതുമായ ഇന്നത്തെ അന്തരീക്ഷത്തിൽ യാഥാസ്ഥിതികത്വത്തിനും കലാരംഗത്തുപോലും പ്രകടമാവുന്ന തീവ്ര വർഗീയതക്കും എതിരെ ചെറുത്തുനിൽപ്പിന്റെ പുതിയ രൂപങ്ങൾ അനിവാര്യമായിരിക്കുന്നു. കഥകളിയടക്കം നമ്മുടെ ക്ലാസിക് കലകൾ ഇന്ന് അന്യംനിന്നു പോകാതെ നിലനിൽക്കുന്നുവെങ്കിൽ അതിന്റെ മുഖ്യ കാരണം കേരളത്തിലെ ജാതി മത ചിന്തകള്‍ക്ക് അതീതമായി കലാസ്വാദകർ രൂപംനൽകിയ കഥകളി ക്ലബ്ബുകളടക്കം നടത്തിയ വലിയ പരിശ്രമങ്ങളാണ്. സിനിമയും ടെലിവിഷനും ഇന്റർനെറ്റ് അധിഷ്ഠിത മാധ്യമങ്ങളും അത്തരം പുരോഗമന സാംസ്കാരിക കൂട്ടായ്മകളെ നമ്മുടെ സാമൂഹിക ഭൂമികയിൽനിന്നും തുടച്ചുമാറ്റി. ക്ഷേത്രഭരണം പിടിച്ചെടുത്തും അനാചാരങ്ങൾക്കുമേൽ ഉടമസ്ഥാവകാശം സ്ഥാപിച്ചും സമൂഹ മാധ്യമങ്ങളിലെ വിദ്വേഷപ്രചരണങ്ങൾക്കു മറുപടിനൽകിയും പരിഹരിക്കാനാവാത്ത പ്രശ്നത്തെ ബദൽ സംസ്കാരംകൊണ്ട് നേരിടുകയാണ് വേണ്ടത്. സമാധാനം തകർത്ത് മുതലെടുപ്പിന് മുതിരു‍ന്നവരെ സമാധാനത്തിൽ അധിഷ്ഠിതമായ ഒരു ബദൽ സംസ്കാരംകൊണ്ട് നേരിടുകവഴിയേ പൊതു കലാ-സാംസ്കാരിക പൈതൃകത്തിനുമേൽ എല്ലാ ജനങ്ങൾക്കുമുള്ള അവകാശം സ്ഥാപിച്ചെടുക്കാനാവു.

You may also like this video;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.