കൊല്ലം: കോവിഡ് കാരണം ചികിത്സ മുടങ്ങിയതിന്റെ വിഷമത്തിലിരുന്ന അശ്വിന് തണലായത് കോളജിലെ പൂര്‍വ്വ വിദ്യാര്‍ത്ഥികളായിരുന്ന സംഘം. കൊല്ലം ജില്ലയിലെ പടിഞ്ഞാറെ കല്ലട പഞ്ചായത്തിൽ ഐത്തോട്ടുവ തീണ്ടാത്തറ വീട്ടിൽ മധുവിന്റെയും സുനിലയുടെയും മകനായ അശ്വിൻ മധുവിനാണ് പുനലൂർ എസ്എൻ കോളജിലെ 1996–98 വർഷത്തെ പ്രീഡിഗ്രി ഇ ബാച്ച് വാട്സാപ്പ് കൂട്ടായ്മ മരുന്നെത്തിച്ച് നൽകിയത്.
സര്‍ക്കാര്‍ ചികിത്സയിലായിരുന്നു സെറിബ്രല്‍ പള്‍സി ബാധിച്ച അശ്വിന് ഇതുവരെ. സസ്ഥാന സർക്കാർ ചികിത്സ പൂർണമായി ഏറ്റെടുത്ത അശ്വിന് കോവിഡ് പ്രതിസന്ധി മൂലം മരുന്നിന്റെ പണം എത്തിക്കാൻ സാമൂഹിക സുരക്ഷാ മിഷന് കഴിഞ്ഞിരുന്നില്ല. ഇതറിഞ്ഞതോടെയാണ് പുനലൂർ എസ്എൻ കോളജിലെ പൂർവ വിദ്യാർത്ഥി കൂട്ടായ്മ അടിയന്തിരമായി പണം സ്വരൂപിക്കുകയും തിരുവനന്തപുരത്ത് നിന്നും മരുന്ന് വാങ്ങി അശ്വിന്റെ വീട്ടിൽ എത്തിക്കുകയും ചെയ്തത്. പത്ത് വയസുണ്ടെങ്കിലും രണ്ട് വയസിൽ താഴെ മാത്രമാണ് അശ്വിന്റെ വളർച്ച. സെറിബ്രൽ പൾസി എന്ന രോഗം. കിടത്തിയാൽ ഒരേ കിടപ്പ്. എഴുന്നേൽക്കുകയോ വർത്തമാനം പറയുകയോ ഇല്ല. പല ചികിത്സകൾ നൽകിയെങ്കിലും തുടർ ചികിത്സകൾക്ക് വഴിയില്ലാതെ ബുദ്ധിമുട്ടുകയയായിരുന്നു ഈ മാതാപിതാക്കൾ.
അശ്വിന് മരുന്നില്ലാത്തതില്‍ ഏറെ വിഷമിച്ച അവന്റെ സഹപാഠികളാണ് ആദ്യം കൈത്താങ്ങായി എത്തിയത്. അവരുടെ ശ്രമങ്ങള്‍ ഏറെ മാധ്യമശ്രദ്ധപിടിച്ചുപറ്റുകയും ചെയ്തിരുന്നു. ഒടുവില്‍ അശ്വിന്റെ അവസ്ഥകാണിച്ച് പടിഞ്ഞാറെ കല്ലട ഗവൺമെന്റ് എൽപിഎസിലെ മൂന്നാം ക്ലാസ് വിദ്യാർത്ഥിൾ ആരോഗ്യ മന്ത്രിക്ക് നേരിട്ട് കത്തും അയച്ചു.
കത്ത് കിട്ടിയതോടെ മന്ത്രി നേരിട്ട് വിഷയത്തിൽ ഇടപെട്ടു. സാമൂഹിക സുരക്ഷാ മിഷൻ റീജിയണൽ ഡയറക്ടർ ഡോ. ഡയാന നേരിട്ട് കുട്ടിയെ വീട്ടിലെത്തി സന്ദർശിച്ച് അശ്വിനെ വകുപ്പ് ഏറ്റെടുത്തു എന്നറിയിച്ചു. തുടർന്നാണ് ഈ വർഷം ജനുവരി 14ന് കുഞ്ഞിനെ മാതാപിതാക്കൾ ചികിത്സക്കായി മെഡിക്കൽ കോളജിൽ എത്തിച്ചത്. ഒപ്പം അശ്വിനെ പഠിപ്പിക്കുന്ന ബിആർസിയിലെ ടീച്ചർ ശ്രീലതയും സഹപാഠി നിളയും ആശുപത്രിയിലെത്തി. മന്ത്രിയെ നേരിൽ കണ്ട് നന്ദി പറയാനാണ് അവർ എത്തിയത്. മെഡിക്കൽ കോളജിലെത്തി പിഎംആർ വകുപ്പ് മേധാവി ഡോ. അബ്ദുൾ ഗഫൂറിനെയാണ് ആദ്യം കണ്ടത്. മുൻപ് നടത്തിയ ചികിത്സകളുടെ വിവരങ്ങൾ പരിശോധിച്ച ശേഷം കുഞ്ഞിനെയും അദ്ദേഹം വിശദമായി പരിശോധിച്ചു. അതിന് ശേഷം ഡോ. സക്കറിയയെ ചികിത്സക്കായി ചുമതലപ്പെടുത്തുകയായിരുന്നു. രണ്ടുമാസത്തോളം പിഎംആർസിയിൽ കിടത്തി ചികിത്സിച്ചതോടെ കുഞ്ഞിന് നല്ല മാറ്റങ്ങൾ ഉണ്ടായിരുന്നു. അതിനിടയിലാണ് കോവിഡ് വ്യാപനവും ക്ലിനിക് അടയ്ക്കുന്നതും. ഇതോടെ അശ്വിനുമായി മാതാപിതാക്കൾ വീട്ടിലേക്ക് മടങ്ങി.
ലോക് ഡൗൺ പ്രഖ്യാപിച്ചതോടെ അശ്വിന്റെ അച്ഛന് ജോലിക്ക് പോകാനും കഴിഞ്ഞില്ല. ഇതോടെ, അശ്വിന് മരുന്ന് വാങ്ങാൻ പോലും പണമില്ലാതെയായി. മരുന്നിനുള്ള പണം മാസംതോറും സാമൂഹ്യ സുരക്ഷാ മിഷൻ നൽകുമെന്ന് അറിയിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാൽ പണം നൽകുന്നത് വൈകി. എത്രയും വേഗം പണം ലഭ്യമാക്കുമെന്ന് അധികൃതർ അറിയിച്ചെങ്കിലും മരുന്ന് മുടങ്ങുന്നത് തുടർ ചികിത്സയുടെ ഫലത്തെ ബാധിക്കുമോ എന്ന ആശങ്ക രക്ഷർത്താക്കൾക്കും അധ്യാപകർക്കും ഉണ്ടായിരുന്നു. അശ്വിന് മരുന്ന് മുടങ്ങിയത് അറിഞ്ഞ ബിആർസി ടീച്ചർ വിഷയം സാമൂഹിക പ്രവർത്തകരെ അറിയിക്കുകായിരുന്നു. വിവരം അറിഞ്ഞ പ്രദേശത്തെ എഐവൈഎഫ് നേതാക്കളായ അനന്തു മാതിരംപള്ളിലും കല്ലട രമേഷും വിഷയം ഏറ്റെടുക്കുകയും മരുന്ന് വാങ്ങിക്കൊടുക്കാനായി ശ്രമങ്ങൾ ആരംഭിച്ചു. സൗഹൃദ വാട്സാപ്പ് ഗ്രൂപ്പായ സ്നേഹതീരത്തിൽ അവർ വിഷയം അവതരിപ്പിക്കുകയും പത്തനംതിട്ട പൊലീസ് സഹകരണസംഘം ഭാരവാഹിയും ഡെപ്യൂട്ടി സ്പീക്കറുടെ ഗൺമാനുമായ അനീഷ്, സാമൂഹിക പ്രവർത്തകരായ നിഷ, സജിത എന്നിവർ സഹായിക്കാൻ സന്നദ്ധരാകുകയുമായിരുന്നു. പൊലീസ് അസോസിയേഷൻ അശ്വിന് മരുന്ന് വാങ്ങി നൽകാം എന്ന് അറിയിച്ചെങ്കിലും പത്തനംതിട്ടയിൽ പൊലീസുകാർക്കിടയിൽ കോവിഡ് ബാധിച്ചത് പ്രവർത്തനങ്ങളെ ബാധിച്ചു. ഇതോടെ എസ്എൻ കോളജിലെ പൂർവ വിദ്യാർത്ഥി കൂടിയായ അനീഷ് സംഭവം തങ്ങളുടെ വാട്സാപ്പ് ഗ്രൂപ്പിൽ ചർച്ച ചെയ്തു. ഇതോടെ എസ് എൻ കോളജിലെ പൂർവ വിദ്യാർത്ഥികൾ പണം സമാഹരിക്കുകയും മരുന്ന് വാങ്ങി എഐവൈഎഫ് നേതാക്കളായ അനന്തുവിനെയും രമേഷ് കല്ലടയേയും ഏൽപ്പിക്കുകയും ആയിരുന്നു. ഇരുവരും അശ്വിന്റെ വീട്ടിലെത്തി മരുന്ന് കൈമാറി. കൂലിപ്പണിക്കാരനാണ് മധു. കുഞ്ഞിനെ നോക്കാൻ എപ്പോഴും അമ്മ ഒപ്പം വേണം. മൂത്തത് ഒരു പെൺകുട്ടി. അവൾ ആറാം ക്ലാസിൽ പഠിക്കുന്നു. പിതാവ് ഉൾപ്പെടെ അഞ്ചുപേരുടെ എല്ലാ കാര്യങ്ങൾക്കുമായുള്ളത് മധുവിന്റെ വരുമാനം മാത്രം. ഇതിനിടയിൽ ആശുപത്രികളിൽ നിത്യേന പോകുന്നതിനാൽ പണിക്ക് പോകാനും കഴിയാതെയായി. പല ഡോക്ടർമാരെുടെയും ആശുപത്രികളുടെയും വാതിൽ ഈ കുടുംബം കുഞ്ഞിനെ രക്ഷിക്കാനായി മുട്ടി. എന്ത് ചികിത്സ നൽകണമെന്നോ എങ്ങനെ ചെയ്യണമെന്നോ അറിയാത്ത ഈ പാവങ്ങൾ പിന്നീട് കുഞ്ഞിനെ ആയുർവേദ ചികിത്സ നൽകി.
കൊല്ലം ആയുർവേദ ആശുപത്രിയിൽ മൂന്നു മാസം കൂടുമ്പോൾ കിടത്തി പഞ്ചകർമ്മ ചികിത്സ ചെയ്യണം. ഇടവേളകളിലേക്കുള്ള മരുന്നുകൾ ആഴ്ച്ചയിൽ വാങ്ങണം. പണം ഒരു പ്രശ്നമായതോടെ ചികിത്സ അവിടെയും നിന്നു. പണിതീരാത്ത ഒരു ചെറു വീടിനുള്ളിലെ ചുവരുകളിൽ നോക്കി തന്റെ വിധി എന്തെന്ന് പോലും അറിയാതെ കിടക്കുകയായിരുന്നു അശ്വിൻ. ആ സമയത്താണ് സ്കൂളിലെ സ്പെഷ്യൽ അസംബ്ളിയിൽ അശ്വിനുമായി അവന്റെ അമ്മ എത്തുന്നതും കുട്ടികൾ അവനെ കാണുന്നതും.
Sub: Seniors helps Aswin
You may like this video also