ആലുവ സ്വർണ കവർച്ച കേസ്; ഇടനിലക്കാരായ രണ്ട് പേർ പിടിയിൽ

Web Desk

കൊച്ചി

Posted on January 17, 2020, 9:30 am

ആലുവ സ്വർണ കവർച്ച കേസിൽ വഴിത്തിരിവ്. സ്വർണം വിറ്റഴിച്ചതിന് ഇടനിലക്കാരായ രണ്ട് പേർ ക്രൈംബ്രാഞ്ചിന്റെ പിടിയിലായി. ചങ്ങനാശ്ശേരി സ്വദേശി ദീപക്, തൊടുപുഴ സ്വദേശി അജ്മൽ എന്നിവരാണ് പിടിയിലായത്.

കഴിഞ്ഞ മെയ് പത്തിന് പുലര്‍ച്ചെ ആലുവ എടയാറിലെ സ്വര്‍ണ ശുദ്ധീകരണശാലയിലേക്ക് കൊണ്ടുപോകുകയായിരുന്ന മലർ രൂപത്തിൽ ഉള്ള 20 കിലോ സ്വര്‍ണം വാഹനം ആക്രമിച്ച് പ്രതികൾ തട്ടിയെടുക്കുകയായിരുന്നു. കവർച്ച ചെയ്ത 20 കിലോ സ്വർണത്തിൽ രണ്ട് കിലോ സ്വർണം കോട്ടയത്തെ ജ്വല്ലറിയിൽ വിറ്റഴിച്ചെന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. നേരത്തെ മുഖ്യ പ്രതികളായ അഞ്ചുപേർ പിടിയിലായെങ്കിലും സ്വർണം കണ്ടെത്താനായിരുന്നില്ല.

ഏകദേശം ആറ് കോടി രൂപ വിലമതിക്കുന്ന സ്വർണമായിരുന്നു കൊള്ളയടിക്കപ്പെട്ടത്. കേസന്വേഷിച്ച ലോക്കൽ പൊലീസിന് പ്രതികളെ മുഴുവൻ പിടികൂടാൻ കഴിഞ്ഞെങ്കിലും സ്വർണം കണ്ടെത്താൻ സാധിച്ചില്ല. ഇതോടെ അന്വേഷണം ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. കൃത്യമായ ആസൂത്രണത്തോടെയായിരുന്നു കവര്‍ച്ചയെന്നാണ് പ്രതികളില്‍ നിന്നും കിട്ടിയ വിവരം. ഇതിനിടയില്‍ ഇടനിലക്കാര്‍ പിടിയിലായതോടെ കേസില്‍ നിർണ്ണായക വഴിത്തിരിവാണ് ഉണ്ടായിരിക്കുന്നത്.

YOU MAY ALSO LIKE