അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകം: ആറുപ്രതികളെയും വെറുതെവിട്ടു

Web Desk
Posted on August 14, 2019, 6:43 pm

അല്‍വാര്‍: രാജ്യത്തെ നടുക്കിയ അല്‍വാര്‍ ആള്‍ക്കൂട്ട കൊലപാതകത്തില്‍ ആറ് പ്രതികളെയും രാജസ്ഥാന്‍ കോടതി വെറുതെവിട്ടു. സംശയത്തിന്റെ ആനുകൂല്യം നല്‍കിയാണ് പ്രതികളെ വെറുതെവിട്ടത്.
2017 ഏപ്രില്‍ ഒന്നിനായിരുന്നു അല്‍വാറില്‍ ഗോരക്ഷാ ഗുണ്ടകളുടെ മര്‍ദ്ദനമേറ്റ് പെഹ്‌ലു ഖാന്‍ എന്ന ക്ഷീരകര്‍ഷകന്‍ കൊല്ലപ്പെട്ടത്. ജയ്പൂരില്‍ നിന്നും കന്നുകാലികളെ വാങ്ങി ഹരിയാന അതിര്‍ത്തിയിലുള്ള ഗ്രാമത്തിലേക്ക് കൊണ്ടുപോകുമ്പോഴായിരുന്നു ആക്രമണമുണ്ടായത്. പെഹ്‌ലു ഖാനെ മര്‍ദ്ദിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ ഇന്റര്‍നെറ്റില്‍ പ്രചരിച്ചിരുന്നു. ഇവയില്‍ നിന്നാണ് അക്രമികളെ തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്തത്.
പെഹ് ലു ഖാന്റെ മരണമൊഴിയില്‍ പറഞ്ഞിട്ടുള്ള ആറുപേരെയാണ് രാജസ്ഥാന്‍ കോടതി ഇപ്പോള്‍ വെറുതെവിട്ടിരിക്കുന്നത്. ആകെ ഒമ്പതുപേര്‍ക്കെതിരെയായിരുന്നു കേസെടുത്തത്. ഇവരില്‍ മൂന്നുപേര്‍ പ്രായപൂര്‍ത്തിയാകാത്തവരാണ്. ഇവരൊഴിച്ചുള്ള ആറുപ്രതികളെയും വെറുതെവിട്ടു
എന്‍ഡിടിവി നടത്തിയ സ്റ്റിങ് ഓപ്പറേഷനില്‍ അന്നത്തെ കൊലപാതക സംഭവം വിവരിച്ചുനല്‍കിയ വിപിന്‍ യാദവ് എന്നയാളും വിട്ടയച്ചവരില്‍ ഉള്‍പ്പെടുന്നു. ഇവര്‍ക്ക് നേരത്തെ ക്ലീന്‍ ചിറ്റ് നല്‍കിയ പൊലീസിന്റെ നടപടി ഏറെ പ്രതിഷേധത്തിന് കാരണമായിരുന്നു.