ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ട ദളിത് യുവാവിന്റെ പിതാവ് ജീവനൊടുക്കി

Web Desk
Posted on August 16, 2019, 2:05 pm

അല്‍വാര്‍: രാജസ്ഥാനിലെ ആല്‍വാറില്‍ ആള്‍ക്കൂട്ട ആക്രമണത്തിനിരയായി കൊല്ലപ്പെട്ട യുവാവിന്റെ പിതാവ് ആത്മഹത്യ ചെയ്തു. കൊലപാതക കേസ് അന്വേഷത്തിലെ പൊലീസ് അനാസ്ഥയും പ്രതികളുടെ ഭീഷണിയുമാണ് അത്മഹത്യക്ക് കാരണമെന്ന് കുടുംബാംഗങ്ങള്‍ ആരോപിച്ചു.
ഇന്നലെ വൈകീട്ടാണ് രാജസ്ഥാനിലെ ആല്‍വാര്‍ സ്വദേശിയായ രതി റാം ജാദവ് കീടനാശിനി കഴിച്ച് ആത്മഹത്യ ചെയ്തത്. ആള്‍ക്കൂട്ട ആക്രമണത്തില്‍ മകന്‍ കൊല്ലപ്പെട്ട കേസില്‍ പൊലീസ് സുതാര്യമായ അന്വേഷണം നടത്തുന്നില്ലെന്ന പരാതി രതി റാമിനുണ്ടായിരുന്നതായി കുടുംബം പറയുന്നു. പ്രതികളില്‍ നിന്നും കടുത്ത ഭീഷണി ഉണ്ടായിരുന്നതായും അന്വേണത്തിന്റെ ഭാഗമായി പൊലീസ് ക്രൂരമായി പെരുമാറിയെന്നും ബന്ധുക്കള്‍ അറിയിച്ചു.
കഴിഞ്ഞ മാസമാണ് രതി റാമിന്റെ മകന്‍ ഹരിഷ് ആള്‍ക്കൂട്ട കൊലപാതകത്തിന് ഇരയായത്. ആല്‍വാറിലെ ചോംപാന്‍കിയില്‍ വച്ച് ബൈക്കില്‍ വരവെ ഹരീഷ് കാല്‍നട യാത്രികയെ ഇടിച്ചിട്ടു എന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനമുണ്ടായത്. കഴിഞ്ഞദിവസം ഏറെ കോളിളക്കമുണ്ടാക്കിയ പെഹ്‌ലു ഖാന്‍ കൊലപാതകത്തില്‍ എല്ലാ പ്രതികളെയും ആല്‍വാര്‍ കോടതി വെറുതെവിട്ടിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ജാദവ് ജീവനൊടുക്കിയത്.