റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം ലഭിച്ചതില്‍ ഭയമുണ്ട്: ആല്‍വിന്‍ ആന്റണി

Web Desk
Posted on March 21, 2019, 6:29 pm

കൊച്ചി: സംവിധായകന്‍ റോഷന്‍ ആന്‍ഡ്രൂസിന് ഇടക്കാല ജാമ്യം ലഭിച്ച സാഹചര്യത്തില്‍ തനിക്കും കുടുംബത്തിനും ഭയമുണ്ടെന്ന് നിര്‍മ്മാതാവ് ആല്‍വിന്‍ ആന്റണി വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. തനിക്കും കുടുംബത്തിനും എതിരെ ഭീഷണി നിലനില്‍ക്കുന്നുണ്ട്. അതിനാല്‍ തങ്ങള്‍ക്ക് എന്ത് സംഭവിച്ചാലും റോഷന്‍ ആന്‍ഡ്രൂസിനെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നും ഇത് തങ്ങളുടെ മരണമൊഴി ആയി കണക്കാക്കണമെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. ചിലപ്പോള്‍ തങ്ങള്‍ക്ക് അപടകങ്ങള്‍ ഉണ്ടാവാന്‍ ഇടയുണ്ടെന്നും ആല്‍വിന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

റോഷന്‍ ആന്‍ഡ്രൂസിന്റെ അസിസ്റ്റന്റ് ഡയറക്ടര്‍ ആയ പെണ്‍കുട്ടിയും ആല്‍വിന്‍ ആന്റണിയുടെ മകന്‍ ആല്‍വിന്‍ ജോണ്‍ ആന്റണിയും തമ്മില്‍ അടുപ്പത്തിലാണെന്ന് ആരോപിച്ചാണ് റോഷന്‍ ആന്റഡ്രൂസും പതിനഞ്ചില്‍ അധികം വരുന്ന ഗുണ്ടകളും ചേര്‍ന്ന് വീട്ടില്‍ കയറി ആല്‍വിന്‍ ആന്റണിയുടെ ഭാര്യ ഏഞ്ചലീനയെയും 12 വയസുകാരി മകളെയും സുഹൃത്തായ ഡോ. ബിനോയിയേയും ആക്രമിച്ചതെന്നും. എന്നാല്‍ ഇവര്‍ തമ്മില്‍ അത്തരം അടുപ്പം ഇല്ലായിരുന്നുവെന്നും നല്ല സൗഹൃദം മാത്രമായിരുന്നു ഉണ്ടായിരുന്നതെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. മകനും പെണ്‍കുട്ടിയുമായുള്ള വാട്‌സാപ്പ് സംഭാഷണങ്ങള്‍ തെളിവായി കൈവശം ഉണ്ടെന്നും ആല്‍വിന്‍ ആന്റണി കൂട്ടിച്ചേര്‍ത്തു.

തനിക്ക് നല്ല ഭയമുണ്ട് എന്നാല്‍ പൊലീസിലും നിയമത്തിലും സര്‍ക്കാരിലും വിശ്വാസമുണ്ട് അതുകൊണ്ടുതന്നെ കേസുമായി മുന്നോട്ടുപോകാനാണ് തീരുമാനം. കേസില്‍ ഒത്തുതീര്‍പ്പിന് തയ്യാറാകാത്തതിനാല്‍ മകനെതിരെ പെണ്‍കുട്ടിയെക്കൊണ്ട് കള്ളക്കേസ് നല്‍കാനുള്ള ശ്രമം നടക്കുന്നുണ്ടെന്നും ആല്‍വിന്‍ ആന്റണി ആരോപിച്ചു. താന്‍ ഉള്‍പ്പെട്ടിട്ടുള്ള സംഘടനകള്‍ എല്ലാം തന്നെ വലിയ രീതിയുള്ള പിന്തുണയാണ് നല്‍കുന്നതെന്നും ആല്‍വിന്‍ ആന്റണി പറഞ്ഞു. ആല്‍വിന്‍ ആന്റണിയുടെ ഭാര്യ ഏഞ്ചലീനയും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.