Monday
18 Feb 2019

മുൻകൂർ ജാമ്യം തേടി അമല

By: Web Desk | Wednesday 20 December 2017 12:51 PM IST

നടി അമല പോൾ ഹൈക്കോടതിയിൽ മുൻകൂർ ജാമ്യ ഹർജി സമർപ്പിച്ചു. പോണ്ടിച്ചേരിയിൽ വാഹനം രജിസ്റ്റർ ചെയ്ത് സർക്കാരിന് നികുതിയിനത്തിൽ വൻ തുക വെട്ടിച്ച കേസില്‍ അറസ്റ്റ് ഒഴിവാക്കാനാണ് അമല മുന്‍കൂര്‍ ജാമ്യത്തിന് കോടതിയെ സമീപിച്ചിരിക്കുന്നത്.

സമാനമായ കേസില്‍ നടന്‍ ഫഹദ് ഫാസില്‍ ആലപ്പുഴ സെഷന്‍സ് കോടതിയിലും മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കി.

പോണ്ടിച്ചേരിയിലെ വ്യാജമേല്‍വിലാസത്തില്‍ വാഹനങ്ങള്‍ റജിസ്റ്റര്‍ ചെയ്ത് നികുതി വെട്ടിച്ച കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് അമല പോളിനും നടന്‍ ഹഫദ് ഫാസിലിനും ക്രൈം ബ്രാഞ്ച് നോട്ടിസ് നല്‍കിയിരുന്നു.

കേസുമായി ബന്ധപ്പെട്ട് മൊഴിയെടുക്കുന്നതിനായി തിരുവനന്തപുരത്തെ പൊലീസ് ആസ്ഥാനത്തുള്ള ക്രൈം ബ്രാഞ്ച് ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ടാണ് ഇവര്‍ക്ക് നോട്ടിസ് നല്‍കിയിരുന്നത്.

എന്നാല്‍ ഇരുവരും ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. ക്രൈം ബ്രാഞ്ചിന് മുന്നില്‍ ഹാജരാകുന്നതിന് കൂടുതല്‍ സമയം വേണമെന്ന് അവര്‍ അഭിഭാഷകന്‍ മുഖേന ആവശ്യപ്പെട്ടു. ഷൂട്ടിങ് തിരക്കുകള്‍ ചൂണ്ടിക്കാട്ടിയാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നതിന് അമലാ പോള്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടത്.

അമലപോളും, ഫഹദും, സുരേഷ്‌ഗോപിയും ആഡംബര കാറുകള്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് പോണ്ടിച്ചേരിയിലെ വ്യാജ മേല്‍വിലാസത്തിലാണെന്നും അതുവഴി ലക്ഷങ്ങള്‍ നികുതി വെട്ടിച്ചെന്നും ക്രൈം ബ്രാഞ്ച് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.