20 April 2024, Saturday

അമര്‍നാഥ്: മേഘവിസ്ഫോടനമല്ലെന്ന് കാലാവസ്ഥാ വകുപ്പ്: ഡോപ്ലർ റഡാർ പ്രവര്‍ത്തനം നിലച്ചിട്ട് രണ്ടുവര്‍ഷം

Janayugom Webdesk
July 9, 2022 9:42 pm

അമര്‍നാഥിലുണ്ടായത് മേഘവിസ്ഫോടനമല്ലെന്നും പ്രാദേശികമായി കനത്ത മഴയെ തുടര്‍ന്നുണ്ടായ പ്രളയമാണെന്നുമാണ് കേന്ദ്ര കാലാവസ്ഥാ വകുപ്പ്(ഐഎംഡി) പ്രാഥമിക നിഗമനം. സംഭവത്തില്‍ 16 പേര്‍ മരിക്കുകയും 40 ലധികം പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്.
പ്രാദേശികമായി രണ്ട് മണിക്കൂറില്‍ രേഖപ്പെടുത്തിയ 31 മില്ലിമീറ്റര്‍ മഴയെ മേഘവിസ്ഫോടനമായി കണക്കാക്കാന്‍ കഴിയില്ലെന്ന് കാലാവസ്ഥാ വകുപ്പ് പറയുന്നു. ഒരു മണിക്കൂറില്‍ 100 മില്ലിമീറ്റര്‍ മഴ പെയ്യുന്നതിനെയാണ് മേഘവിസ്ഫോടനമെന്ന് പറയാന്‍ കഴിയുക എന്നും കാലാവസ്ഥാ വകുപ്പിലെ ശാസ്ത്ര‍ജ്ഞര്‍ പറഞ്ഞു. ചുരുങ്ങിയ സമയം കൊണ്ട് വലിയ മഴയുണ്ടാകുന്നതിനാല്‍ വെള്ളപ്പൊക്കവും ഉരുള്‍പൊട്ടലും അനുബന്ധമായി ഉണ്ടാകുന്നു.
അതേസമയം ബനിഹാളിലെ ഡോപ്ലർ റഡാർ പ്രവർത്തനക്ഷമമായിരുന്നെങ്കിൽ അമർനാഥ് ദുരന്തം ഒഴിവാക്കാമായിരുന്നു എന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. 100 ​​കിലോമീറ്റർ പരിധിയില്‍ മേഘങ്ങളെയും മഴയെയുംകുറിച്ച് കൂടുതൽ കൃത്യമായ വിലയിരുത്തൽ നൽകുന്ന ഉപകരണമാണ് ഡോപ്ലർ റഡാർ.
അമര്‍നാഥ് വഴിയില്‍ ഐഎംഡിയുടെ രണ്ട് ഓട്ടോമാറ്റിക് സ്റ്റേഷനുകള്‍ ഉണ്ടെങ്കിലും ഇവയില്‍ നിന്നും കാലാവസ്ഥയുടെ തല്‍സമയ വിവരങ്ങള്‍ മാത്രമാണ് ലഭിക്കുക. ദീര്‍ഘകാല ഉപയോഗത്തിന് മാത്രമേ ഇവയില്‍ നിന്നുള്ള കണക്കുകള്‍ ഉപകരിക്കൂവെന്ന് വിദഗ്ധര്‍ പറയുന്നു. വരാനിരിക്കുന്ന മഴയുടെ സ്വഭാവത്തെക്കുറിച്ചുള്ള ഒരു സൂചനയും ഇത്തരം കേന്ദ്രങ്ങളില്‍ നിന്നും ഉണ്ടാകാറില്ല.
ദുര്‍ബലമായ മഴ എന്നായിരുന്നു ഐഎംഡിയുടെ കാലാവസ്ഥാ പ്രവചനം. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മൂന്ന് സെന്റിമീറ്ററിലേറെ മഴ പെയ്തിറങ്ങി മിന്നല്‍ പ്രളയം സൃഷ്ടിക്കപ്പെടുകയായിരുന്നു. അമർനാഥ് ഗുഹാക്ഷേത്രത്തിന് സമീപമുള്ള ഉയർന്ന പർവതനിരകളിൽ പെയ്ത മഴയാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന് ഐഎംഡി ഡയറക്ടർ ജനറൽ മൃത്യുഞ്ജയ് മോഹപാത്ര പറഞ്ഞു.

Eng­lish Sum­ma­ry: Amar­nath: Mete­o­ro­log­i­cal depart­ment says it is not a cloudburst

You may like this video also

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.