Web Desk

കൊച്ചി

January 18, 2020, 10:12 pm

കുട്ടി ശാസ്ത്രജ്ഞന്മാർ വിരിയിച്ച വിസ്മയക്കാഴ്ച്ചകൾ

Janayugom Online

കുട്ടി ശാസ്ത്രജ്ഞന്മാരുടെ പ്രതിഭയിൽ വിരിഞ്ഞ വിസ്മയങ്ങൾ കണ്ട് കാഴ്ച്ചക്കാരിൽ കൗതുകം. കാഴ്ച്ച പരിമിതിയുള്ളവർക്കായി തടസങ്ങൾ തിരിച്ചറിഞ്ഞ് നിർദ്ദേശം നൽകുന്ന വൈറ്റ് കെയിൻ (വെള്ളവടി) മുതൽ ജലാശയത്തിലെ മാലിന്യങ്ങൾ നീക്കുന്ന യന്ത്രമുൾപ്പെടെ സമൂഹത്തിൽ വലിയ മാറ്റങ്ങളുണ്ടാക്കുവാനുതകുന്ന രീതിയിലുള്ള കണ്ടുപിടിത്തങ്ങളാണ് കുട്ടികൾ അവതരിപ്പിച്ചത്. പൊതുവിദ്യാഭ്യാസ വകുപ്പിന്റെയും കേന്ദ്രശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഇൻസ്പെയർ എക്സിബിഷൻ ആന്റ് കോംപറ്റീഷനിലാണ് കുട്ടി പ്രതിഭകൾ കണ്ടുപിടിത്തങ്ങളുമായി അണിനിരന്നത്. ജില്ലാതല മൽസരത്തിൽ വിജയിച്ചവരാണ് അവരവരുടെ പ്രോജക്ടുമായി എറണാകുളം ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിൽ നടന്ന സംസ്ഥാനതല മൽസരത്തിനെത്തിയത്. ജലാശയത്തിൽ നിന്ന് മാലിന്യം നീക്കം ചെയ്യുന്ന യന്ത്രമാണ് ഏറെ കൗതുകം സൃഷ്ടിച്ചത്. മൊബൈലിൽ ഇതിന്റെ പ്രവർത്തനങ്ങൾ നിയന്ത്രിക്കാം.

‘സ്മാർട്ട് റിവർ ക്ലീനർ’ എന്നാണ് ഉപകരണത്തിന് നൽകിയിരിക്കുന്ന പേര്. പട്ടണക്കാട് എസ്‌സിയുജിവി എച്ച് എസ്എസിലെ പത്താം ക്ലാസുകാരനായ ആദേശ് ആണ് ഉപകരണത്തിന് പിന്നിൽ. കാഴ്ച്ച വൈകല്യമുളളവർക്കുള്ള ആധുനിക വൈറ്റ് കെയിനാണ് പ്രദർശനത്തിൽ വേറിട്ട് നിന്ന മറ്റൊരു കണ്ടുപിടിത്തം. കാഴ്ച്ച പരിമിതിയുള്ളവർക്കായി എല്ലാ സന്നാഹങ്ങളും കുഞ്ഞ് വടിയിലുണ്ട്. തടസമുണ്ടെങ്കിൽ സ്മാർട്ട് ഫോണിലേക്ക് ശബ്ദസന്ദേശമെത്തും. ഏതെങ്കിലും അപകടത്തിൽ അകപ്പെടുകയാണെങ്കിൽ ഒരു സ്വിച്ച് അമർത്തിയാൽ മതി. വേണ്ടപ്പെട്ടവർക്ക് മെസേജ് എത്തും. കോഴിക്കോട് നിന്നെത്തിയ മാളവികയെന്ന വിദ്യാർഥിയാണ് ഈ കണ്ടുപിടിത്തത്തിന് പിന്നിൽ.

എളുപ്പത്തിൽ ഉയരം കണ്ടെത്തുന്നതിനുള്ള തൊപ്പിയും കണ്ടുപിടിത്തങ്ങളിൽ വേറിട്ട് നിന്നു. കോട്ടയം ജില്ലയിലെ കുറുമണ്ണ് സെന്റ് ജോൺസ് ഹൈസ്കൂൾ വിദ്യാർത്ഥിനി ക്രെയ്ഗ ജോയൽ, തിരുവനന്തപുരം പേരൂർക്കട കേന്ദ്രീയ വിദ്യാലയത്തിലെ റിയ ജിബു, മാവേലിക്കര ഗവ. ഗേൾസ് ഹയർ സെക്കൻഡറി സ്കൂളിലെ എൽഷേബ ആൻ ബിനു, കുഴുപ്പള്ളി സെന്റ് അഗസ്റ്റിൻസ് ഗേൾസ് ഹൈസ്കൂളിലെ പിഎസ് ശ്രീലക്ഷ്മി, വടക്കുംഞ്ചേരി ഗവ. ബോയിസ് ഹൈസ്കൂളിൽ നിന്നുള്ള നിഹാൽ കെഎൻ എന്നി വിദ്യാർത്ഥികളാണ് ഡൽഹിയിൽ നടക്കുവാൻ പോകുന്ന ദേശീയതല എക്സിബിഷൻ മൽസരത്തിലേക്ക് യോഗ്യത നേടിയത്. അവിടെ വിജയിക്കുന്നവർക്ക് അഞ്ച് ലക്ഷം രൂപയാണ് ഒന്നാം സമ്മാനമായി ലഭിക്കുക. ഇതിന് പുറമേ ജപ്പാനിലെ പരീക്ഷണ ശാലകളുടെ നേരിട്ടുള്ള പ്രവർത്തനം കാണുവാനുള്ള അവസരവും വിജയികളെ കാത്തിരിക്കുന്നു.

you may also like this video;