വാഷിങ്ടൺ: ആമസോൺ മേധാവി ജെഫ് ബസോസിന്റെ മൊബൈൽ ഫോൺ 2018ൽ സൗദിരാജകുമാരൻ ഹാക്ക് ചെയ്തതായി വെളിപ്പെടുത്തൽ. സൗദി രാജകുമാരൻ മുഹമ്മദ് ബിൻസൽമാന്റെ വാട്സ് ആപ്പിൽ നിന്നയച്ച ഒരു സന്ദേശത്തോടെയാണ് ഫോൺ ഹാക്ക് ചെയ്യപ്പെട്ടത്.
സൽമാൻ രാജകുമാരൻ അയച്ച സന്ദേശത്തിൽ എന്തോ വൈറസ് ഉണ്ടായിരുന്നതായും ലോകത്തിലെ ഏറ്റവും ധനികനായ വ്യക്തിയുടെ ഫോണിലേക്ക് ഇത് നുഴഞ്ഞു കയറി വിവരങ്ങൾ ചോർത്തിയെന്നുമാണ് ഫോറൻസിക് പരിശോധനയിലൂടെ വ്യക്തമായിരിക്കുന്നത്. സൗദി രാജകുമാരൻ അയച്ച വീഡിയോ ഫയലിലൂടെയാകാം ഈ വൈറസ് വാഷിങ്ടൺപോസ്റ്റിനെ ഉടമകൂടിയായ ബെസോസിന്റെ ഫോണില്‍ കടന്നുകൂടിയതെന്നാണ് കരുതുന്നത്.
2018 മെയ് ഒന്നിനാണ് ഈ വീഡിയോ സന്ദേശം അയച്ചിരിക്കുന്നത്. മണിക്കൂറുകൾക്കകം നിരവധി വിവരങ്ങൾ ബെസോസിന്റെ ഫോണില്‍ നിന്ന് ചോർത്തപ്പെട്ടു. എന്നാൽ എന്തൊക്കെ വിവരങ്ങളാണ് ചോർത്തപ്പെട്ടതെന്നോ ഇവ എങ്ങനെയാണ് ഉപയോഗിച്ചതെന്നോ വെളിപ്പെടുത്തിയിട്ടില്ല.
പാശ്ചാത്യ രാജ്യങ്ങളിലെ നിക്ഷേപകരെ സൗദി അറേബ്യയിലേക്ക് എത്തിക്കുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായിരുന്നോ ഇതെന്ന അഭ്യൂഹം ഉയർന്നിട്ടുണ്ട്.
ഒന്‍പത് മാസങ്ങൾക്ക് ശേഷം ബെസോസിന്റെ സ്വകാര്യജീവിതത്തെക്കുറിച്ച്, അദ്ദേഹം അയച്ച സന്ദേശങ്ങൾ അടക്കം ഉൾപ്പെടുത്തി നാഷണൽ എൻക്വയറർ എന്ന അമേരിക്കൻ ടാബ്ലോയ്ഡ് റിപ്പോർട്ട് പ്രസിദ്ധീകരിച്ചതും ഇതുപയോഗിച്ചാണെന്ന സന്ദേഹമുണ്ട്.
വാഷിങ്ടൺ പോസ്റ്റിലെ മാധ്യമപ്രവർത്തകൻ ജമാൽ ഖഷോഗിയുടെ മരണത്തിന് മാസങ്ങൾക്ക് മുമ്പായിരുന്നു ഇത്തരത്തിൽ വിവരങ്ങൾ ചോർത്തിയത് എന്നത് കൊണ്ട് തന്നെ അതുമായും ഇതിന് ബന്ധമുണ്ടോയെന്ന് ആശങ്ക ഉയർന്നിട്ടുണ്ട്. 2018 ഒക്ടോബറിലാണ് ഖഷോഗി കൊല്ലപ്പെട്ടത്.
ബെസോസിന്റെ ഫോൺ ചോർത്തിയെന്നുള്ള റിപ്പോർട്ടുകൾ നേരത്തെ തന്നെ സൗദി അറേബ്യ നിഷേധിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകം ഒരു വഞ്ചനയുടെ ഫലമാണെന്നും സൗദി വിശദീകരിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് എട്ടുപേരെ ഡിസംബറിൽ സൗദി കോടതി കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. രഹസ്യ വിചാരണക്കൊടുവിലാണ് ഇവരെ കുറ്റക്കാരാണെന്ന് കണ്ടെത്തിയത്. ഇതിനെതിരെ ധാരാളം മനുഷ്യാവകാശ പ്രവർത്തകർ രംഗത്ത് എത്തിയിരുന്നു.
ജനുവരിയിൽ നാഷണൽ എൻക്വയററുടെ റിപ്പോർട്ട് പുറത്ത് വന്നതോടെയാണ് ഫോറൻസിക് വിദഗ്ദ്ധർ ബെസോസിന്റെ ഫോൺ പരിശോധന തുടങ്ങിയത്.
ബെസോസിന്റെ വിവാഹേതര ബന്ധം അടക്കമുള്ള വിവരങ്ങൾ ഉൾപ്പെടുത്തിയായിരുന്നു നാഷണൽ എൻക്വയറർ ലേഖനം എഴുതിയിരുന്നത്.
സൗദി അറേബ്യയെയും മുഹമ്മദ് ബിൻ സൽമാനെയും വിമർശിച്ച് കൊണ്ട് വാഷിങ്ടൺപോസ്റ്റിൽ ലേഖനങ്ങൾ വരുന്നതിനാൽ ബെസോസിന്റെ ഇവർ ഉന്നം വച്ചിരുന്നുവെന്ന് കരുതുന്നുവെന്നാണ് വിദഗ്ദ്ധരുടെ പക്ഷം. എന്നാൽ ബെസോസിന്റെ കഥകൾ പ്രസിദ്ധീകരിക്കപ്പെട്ടതിൽ തങ്ങൾക്ക് യാതൊരു പങ്കുമില്ലെന്നാണ് സൗദി ആവർത്തിക്കുന്നത്.
Amazon boss Jeff Bezos’s phone ‘hacked by Saudi crown prince’
Exclusive: investigation suggests Washington Post owner was targeted five months before murder of Jamal Khashoggi
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.