ആമസോണ്‍ പലചരക്ക് കച്ചവടവും തുടങ്ങുന്നു

Web Desk
Posted on April 24, 2018, 10:27 pm

ബംഗളൂരു: പലചരക്ക് ഉല്‍പ്പന്നങ്ങളും ഓണ്‍ലൈനായി വില്‍ക്കാനൊരുങ്ങി രാജ്യത്തെ പ്രമുഖ ഓണ്‍ലൈന്‍ വ്യാപാര സ്ഥാപനമായ ആമസോണ്‍ ഇന്ത്യ. ഓണ്‍ലൈന്‍ വിപണിയില്‍ വ്യാപാരരംഗത്ത് മത്സരം മുറുകുന്ന സാഹചര്യത്തിലാണ് ആമസോണ്‍ ഇന്ത്യ പലചരക്കു വില്‍പനയുമായി രംഗത്തു വരുന്നത്. രാജ്യത്ത് ഓണ്‍ലൈന്‍ വ്യാപാര രംഗത്ത് മുന്നില്‍ നില്‍ക്കുന്ന ഫഌപ്പ്കാര്‍ട്ട്, സ്‌നാപ്ഡീല്‍ കമ്പനികളെ പിന്നിലാക്കുകയാണ് ആഗോള ഓണ്‍ലൈന്‍ ഭീമനായ ആമസോണിന്‍റെ ലക്ഷ്യം.

ആമസോണിന്‍റെ ഇന്ത്യയിലെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണു കമ്പനി ഇതു നടപ്പാക്കുന്നത്. കമ്പനിയുടെ നവീകരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി പുതിയ ഉദ്യോഗാര്‍ത്ഥികളെ നിയമിക്കുന്നത് അടക്കമുള്ള നടപടികള്‍ പുരോഗമിക്കുകയാണ്.
ആദ്യഘട്ടത്തില്‍ ബംഗളൂരുവിലായിരിക്കും പലചരക്ക് ഉല്‍പ്പന്നങ്ങള്‍ ഉപഭോക്താക്കളിലെത്തിക്കാനുള്ള സംവിധാനം കമ്പനി നടപ്പിലാക്കുക. പിന്നീട് മറ്റു നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കാനാണ് കമ്പനി ലക്ഷ്യമിടുന്നത്.

ഉല്‍പ്പന്നങ്ങള്‍ ഓര്‍ഡര്‍ ചെയ്ത് രണ്ട് മണിക്കൂറിനുള്ളില്‍ത്തന്നെ ഉപയോക്താവിനെത്തിക്കാന്‍ കഴിയുന്ന സൗകര്യവുമായാണ് ആമസോണ്‍ പലചരക്ക് വിപണിക്ക് തുടക്കം കുറിക്കുന്നത്. ഭൂരിഭാഗം പലചരക്ക് ഓണ്‍ലൈന്‍ വിപണികളും നഷ്ടത്തില്‍ മുന്നോട്ടുപോയിക്കൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ആമസോണ്‍ പലചരക്കു വിപണിയുമായി രംഗത്തു വരുന്നത്. ഫ്ലിപ്പ് കാര്‍ട്ട് പലചരക്കു വിപണിയുമായി രംഗത്തു വന്നിരുന്നെങ്കിലും ലഭിക്കുന്ന ഓര്‍ഡറുകളുടെ എണ്ണം  വളരെ കുറവായതിനാല്‍ ഉപേക്ഷിക്കുകയായിരുന്നു.