ഡാറ്റാസുരക്ഷാ ബിൽ; ആമസോൺ ഹാജരാകില്ല

Web Desk

ന്യൂഡൽഹി:

Posted on October 24, 2020, 9:28 am

ഡാറ്റ സംരക്ഷണബില്ലുമായി ബന്ധപ്പെട്ട സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിക്ക് മുമ്പാകെ ഹാജരാകാന്‍ വിസമ്മതിച്ച്‌​ ആമസോണ്‍. സമിതി അധ്യക്ഷ മീനാക്ഷി ലേഖിയാണ്​ ആമസോണ്‍ ഹാജരാവാന്‍ വിസമ്മതിച്ച വിവരം അറിയിച്ചത്​. ഒക്​ടോബര്‍ 28ന്​ ആമസോണിനോട്​ ഹാജരാവാന്‍ പാര്‍ലമെന്ററി സമിതി ആവശ്യപ്പെട്ടിരുന്നു. നിശ്ചയിക്കപ്പെട്ട ദിവസം ആമസോണ്‍ പ്രതിനിധികള്‍ എത്തിയില്ലെങ്കില്‍ നടപടിയുണ്ടാവുമെന്നും മീനാക്ഷി ലേഖി പറഞ്ഞു. വിദഗ്ധർ വിദേശത്തായതിനാലാണ് ഹാജരാകാൻ കഴിയാത്തതെന്നാണ് ആമസോണിന്റെ വാദം. കോവിഡിനെത്തുടര്‍ന്ന് യാത്രാ നിയന്ത്രണങ്ങള്‍ ഉള്ളതിനാലാണ് പലര്‍ക്കും സമിതി മുമ്പാകെ എത്താന്‍ കഴിയാത്തത്. ഇക്കാര്യം മനസിലാക്കാതെ, തെറ്റിദ്ധരിച്ചാണ് പാര്‍ലമെന്റ് സമിതിയുടെ പരാമര്‍ശം.

സമിതി പ്രവര്‍ത്തനങ്ങളോട് തികഞ്ഞ ബഹുമാനം പുലര്‍ത്തുന്നു. ഏതുതരം അന്വേഷണങ്ങളോടും സഹകരിക്കും. സമിതിക്ക് ആവശ്യമായ ഏതുതരത്തിലുള്ള രേഖകള്‍ കൈമാറാനും സന്നദ്ധരാണെന്നും കമ്പനി പ്രസ്താവനയില്‍ അറിയിച്ചു. അതേസമയം പാര്‍ലമെന്റ്​ സമിതിക്ക്​ മുമ്പാകെ ഫേസ്​ബുക്ക്​ പ്രതിനിധികള്‍ ഹാജരായി. ഫേസ്​ബുക്ക്​ പബ്ലിക്​ പോളിസി തലവന്‍ അങ്കി ദാസും ബിസിനസ്​ ഹെഡ്​ അജിത്​ മോഹനുമാണ്​ സമിതിക്ക്​ മുമ്പാകെ എത്തിയത്​. ഇവരോട്​ രണ്ട്​ മണിക്കൂറോളം സമിതി വിവരങ്ങള്‍ ആരാഞ്ഞുവെന്നാണ്​ റിപ്പോര്‍ട്ട്​. പരസ്യങ്ങളിലോ, ബിസിനസ്സിലോ, തെരഞ്ഞെടുപ്പ് ആവശ്യത്തിനോ പൗരന്മാരുടെ സ്വകാര്യ ഡാറ്റ ഉപയോഗിക്കാനാവില്ലെന്ന് ഫേസ്ബുക്ക് വ്യക്തമാക്കി. ഇത്തരം കാര്യങ്ങളില്‍ നിയമലംഘനം നടന്നിട്ടുണ്ടോ, വ്യക്തിഗത വിവരങ്ങള്‍ സൂക്ഷിച്ചുവെക്കാന്‍ വരുമാനത്തിന്റെ എത്ര ശതമാനം ചെലവഴിക്കുന്നുണ്ടെന്നും സമിതി ആരാഞ്ഞു. ഇന്ത്യയില്‍ 30 കോടിയിലേറെ ഫേസ്ബുക്ക് ഉപയോക്താക്കളുണ്ട്. എത്ര വരുമാനം ഉണ്ടെന്നും നികുതിയിനത്തില്‍ എത്ര തുക അടച്ചു എന്നതുള്‍പ്പെടെ കാര്യങ്ങള്‍ സമിതി ആരാഞ്ഞതായാണ് സൂചന.

2019ലാണ്​ ഡാറ്റ സുരക്ഷാ നിയമം കൊണ്ടു വന്നത്​. ഇക്കാര്യത്തില്‍ ചില ആശങ്കകള്‍ പ്രതിപക്ഷ പാര്‍ട്ടികള്‍ ഉയര്‍ത്തിയതോടെയാണ്​ പാര്‍ലമെന്റ് സമിതിയെ നിയോഗിച്ചത്​. വ്യക്തിഗത വിവരങ്ങളുടെ സംരക്ഷണം, ഭരണകൂടത്തെ അനുകൂലിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുന്നുവെന്ന പ്രതിപക്ഷ ആരോപണം ഉള്‍പ്പെടെ കാര്യങ്ങളിലാണ് സമിതി കമ്പനികളുടെ വിശദീകരണം തേടുന്നത്. ഗൂഗിളിനോടും പേടിഎമ്മിനോടും സമിതി ഹാജരാവാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്​. ഒക്​ടോബര്‍ 29ന്​ ഇവര്‍ ഹാജരാവണമെന്നാണ്​ നിര്‍ദേശം നൽകിയിരിക്കുന്നത്.

ENGLISH SUMMARY: AMAZON WILL NOT APPEAR IN THE PARLIAMENTARY

YOU MAY ALSO LIKE THIS VIDEO