അമ്പലപ്പുഴ:പൊതു നിരത്തിൽ ഡി സി സി സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകന്റെ മർദ്ദനം

Web Desk

അമ്പലപ്പുഴ

Posted on September 17, 2020, 9:21 pm

പൊതു നിരത്തിൽ ഡി സി സി സെക്രട്ടറിക്ക് കോൺഗ്രസ് പ്രവർത്തകന്റെ മർദ്ദനം. പുറക്കാട് പഞ്ചായത്ത് മുൻ അംഗവും ഡിസിസി സെക്രട്ടറിയുമായ എസ് സുബാഹു വിനാണ് മർദ്ദനമേറ്റത്. പുറക്കാട് മുൻ ബ്ലോക്ക് സെക്രട്ടറി ടി എ താഹയെ മണ്ടലം കോൺഗ്രസ് കമ്മിറ്റി അംഗമാക്കാതിരുന്നതിനെ ചൊല്ലിയും, താഹയുടെ സഹോദരനും ഐ എൻ ടി യു സി ബ്ലോക്ക് ചെയർമാനുമാനുമായ ടി എ ഹാമീദ്, ഹാമീദിന്റെ ഭാര്യയും പുറക്കാട് പഞ്ചായത്ത് പ്രസിഡന്റുമായ റഹ്മത്ത് ഹാമീദ് എന്നിവർക്ക് വരുന്ന പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ സീറ്റ് നൽകണമെന്നുമുള്ള ആവശ്യത്തെ തുടർന്നായിരുന്നു ഏറ്റുമുട്ടൽ.

വ്യാഴാഴ്ച രാവിലെ 9 ഓടെ പുറക്കാട് ജങ്ഷനിൽ ദേശീയ പാതയോരത്തായിരുന്നു സംഭവം. സ്കൂട്ടറിൽ വന്ന സുബാഹുവിനെ താഹ തടഞ്ഞു നിർത്തുകയും വാഹനത്തിന്റെ താക്കോൽ കൈക്കലാക്കുകയുമായിരുന്നു. തുടർന്ന് ഇരുവരും തമ്മിലുണ്ടായ വാക്കേറ്റമാണ് കയ്യാങ്കളിയിൽ കലാശിച്ചത്. സർക്കാരിനെതിരെ പുറക്കാട് വില്ലേജ് ഓഫീസ് പടിക്കൽ കോൺഗ്രസ് ജനപ്രതിനിധികൾ കഴിഞ്ഞ ദിവസം നടത്തിയ സമരത്തിൽ നിന്ന് പഞ്ചായത്ത് പ്രസിഡന്റ് റഹ്മത്ത് ഹാമീദും ചില കോൺഗ്രസ് അംഗങ്ങളും വിട്ടു നിന്നിരുന്നു.

ഹാമീദിന്റെ വിഭാഗീയ പ്രവർത്തനമാണ് പരിപാടിയിൽ നിന്ന് വിട്ടു നിൽക്കാൻ കാരണമെന്ന് പരക്കെ ആക്ഷേപവുമുയർന്നു. ഇതേച്ചൊല്ലിയും ഇരുവരും ഏറെനേരം വാക്കേറ്റമുണ്ടായി. ഇതിനിടെ സുബാഹു താഹയുടെ മൊബൈൽ ഫോണും പിടിച്ചു വാങ്ങി. കൈയ്യേറ്റം കണ്ട് ഓടിയെത്തിയ സമീപത്തെ വ്യാപാരികളും സമീപ നാട്ടുകാരും ചേർന്ന് ഇരുവരേയും പിടിച്ചു മാറ്റുകയായിരുന്നു. സംഭവത്തിൽ താഹയെ പാർട്ടിയുടെ പ്രാധമികാംഗത്വത്തിൽ നിന്ന് പുറത്തായിയതായി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് എസ് പ്രഭു കുമാർ അറിയിച്ചു.

ENGLISH SUMMARY:Ambalapuzha: Con­gress work­er assaults DCC sec­re­tary in pub­lic
You may also like this video