അമ്പലവയലിലെ സദാചാര ആക്രമണം; പ്രതിക്കെതിരെ ബലാത്സംഗ കുറ്റം ചുമത്തി

കല്‍പ്പറ്റ: അമ്പലവയലിലെ സദാചാര ആക്രമണത്തില്‍ പ്രതി സജീവാനന്ദനെതിരെ ബലാത്സംഗ കുറ്റം ചുമത്തി. കഴിഞ്ഞ ദിവസം കോയമ്പത്തൂരില്‍ എത്തി യുവതിയുടെയും യുവാവിന്റെയും മൊഴി പൊലീസ് രേഖപ്പെടുത്തിയിരുന്നു. യുവതി നല്കിയ മൊഴിയിലാണ് പ്രതിക്കെതിരെ കൂടുതല്‍ കുറ്റങ്ങള്‍ ചുമത്തിയത്.
കേസില്‍ രണ്ടു പേരെ കൂടി പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്. ലോഡ്ജില്‍വെച്ച് ഇരുവരെയും ശല്യം ചെയ്ത പ്രദേശവാസികള്‍ക്കെതിരെയാണ് കേസെടുത്തത്. ഇവരെ ഉടന്‍ അറസ്റ്റ് ചെയ്തേക്കും. യുവതിയുടെയും യുവാവിന്റെയും രഹസ്യ മൊഴി എടുക്കാന്‍ പൊലീസ് കോടതിയില്‍ അപേക്ഷ നല്കി. ആള്‍ക്കൂട്ടം നോക്കിനില്‍ക്കെയാണ് തമിഴ്നാട് സ്വദേശികളായ യുവാവിനും യുവതിക്കും വയനാട് അമ്ബലവയലില് ക്രൂരമര്‍ദനം നേരിണ്ടേണ്ടി വന്നത്. സംഭവത്തില്‍ തുടക്കത്തില്‍ കേസെടുക്കാത്തതിനെതിരെ പൊലീസിനെതിരെ വിമര്‍ശനം ഉയര്‍ന്നിരുന്നു.
അമ്പലവയലിലെ ലോഡ്ജില്‍ താമസിച്ചിരുന്ന ഇവരുടെ മുറിയില്‍ സജീവാനന്ദന് അതിക്രമിച്ച് കയറുകയും അപമര്യാദയായി പെരുമാറുകയും ചെയ്തു. എതിര്‍ത്തതോടെ ബഹളമായി. തുടര്‍ന്ന് ലോഡ്ജ് ജീവനക്കാരോട് ഇരുവരെയും ഇറക്കിവിടണമെന്ന് ആവശ്യപ്പെട്ടു. ഇരുവരെയും ലോഡ്ജില്‍നിന്ന് പുറത്താക്കിയശേഷം സജീവാനന്ദന് പിന്തുടര്ന്ന് അമ്ബലവയല്‍ ടൗണില്‍ വെച്ച് ആക്രമിക്കുകയായിരുന്നെന്ന് യുവതി പൊലീസിന് മൊഴി നല്‍കിയിരുന്നു