February 1, 2023 Wednesday

അംബേദ്കർ: അധഃസ്ഥിതർക്കായി ജീവിതം സമർപ്പിച്ച പോരാളി

പി പ്രസാദ്
April 14, 2020 5:15 am

അടിച്ചമർത്തപ്പെട്ട ജനതയിൽ സംഘബോധത്തിന്റെ കരുത്തുപകർന്ന് അവരെ ജീവിതത്തിലേക്കും സ്വാതന്ത്ര്യത്തിലേക്കും ആനയിച്ചുകൊണ്ടുവന്ന മഹാനാണ് അംബേദ്കർ. ചാതുർവർണ്യ വ്യവസ്ഥിതി അടിച്ചേൽപ്പിച്ച അനീതികൾ രാഷ്ട്രശരീരത്തെ കാർന്നു തിന്നുകൊണ്ടിരുന്നപ്പോൾ ദൈവഹിതമാണതെന്നുകണ്ട് നിശബ്ദതയുടെ മാളങ്ങളിലൊളിക്കാതെ ആ ദൈവനിശ്ചയങ്ങളെ കടപുഴക്കിയെറിയാൻ അംബേദ്കർ മുന്നിട്ടിറങ്ങി. ജാതി എന്ന ആയുസൊടുങ്ങാത്ത പ്രതിഭാസം തീർത്തുകൊണ്ടിരിക്കുന്ന പ്രതിസന്ധികൾ ഇന്നും ജനതയെ ദുരിതങ്ങളിലേക്ക് ആനയിക്കുമ്പോൾ പതിറ്റാണ്ടുകൾക്കപ്പുറത്തെ ഇന്ത്യൻ സാഹചര്യത്തിന്റെ തീവ്രത നമുക്ക് ഊഹിക്കാൻ കഴിയും. ജാതിവിവേചനം തകർത്തെറിഞ്ഞ ജീവിതസ്വപ്നങ്ങളുടെ ശവപ്പറമ്പുകളിൽ വിലപിച്ചിരിക്കാനുള്ളതല്ല ശിഷ്ട ജീവിതമെന്ന തിരിച്ചറിവോടെ ഒരു ജനത മുന്നേറിയതിന് നാം അംബേദ്കറോടും ഏറെ കടപ്പെട്ടിരിക്കുന്നു. 1891 ഏപ്രിൽ 14 ന് റാംജി സക്പാലിന്റെയും ഭീമാ ഭായിയുടെയും പതിനാലാമത്തെ കുട്ടിയായി പിറന്നുവീണ ഭീമറാവു റാംജി അംബേദ്കർ അടിച്ചമർത്തപ്പെട്ടവന്റെ മിശിഹായും ഭാരതത്തിന്റെ ഭരണഘടനാ ശില്പിയുമെല്ലാമായതിന്റെ പിന്നിൽ പോരാട്ടത്തിന്റെ വലിയ ചരിത്രം ഉൾച്ചേർന്നിട്ടുണ്ട്.

ജാതീയതയുടെ അവഗണനകൾ ഏറ്റുവാങ്ങേണ്ടിവന്ന സമുദായത്തിലാണ് അംബേദ്കർ പിറന്നുവീണതും വളർന്നതുമെല്ലാം. ബാല്യം മുതൽ മരണം വരെ അത് അംബേദ്കറെ വേട്ടയാടിക്കൊണ്ടുമിരുന്നു. ജാതിയുടെ പേരിലുള്ള അവഗണനകളും ക്രൂരതകളും ഇത്രമേൽ ഏറ്റുവാങ്ങേണ്ടിവന്ന മറ്റൊരു നേതാവിനെയും ഇന്ത്യാചരിത്രത്തിൽ കാണാൻ കഴിയുകയില്ല. സ്വന്തം ജീവിതാനുഭവങ്ങളിൽ നിന്നും പേരാട്ടങ്ങൾക്കുള്ള ഊർജ്ജമെല്ലാം അംബേദ്കർ നേടിയെടുത്തു. അത്ഭുതംകൊണ്ടു വിടരുന്ന മിഴികളോടെ മാത്രമേ സമരതീഷ്ണമായ ആ പേരാട്ടങ്ങളെയും ജീവിതത്തെയും നമുക്ക് നോക്കിക്കാണാൻ കഴിയുകയുള്ളു. അംബേദ്കർ എന്ന വിദ്യാർത്ഥിക്ക് നേരിടേണ്ടിവന്ന ദുരിതങ്ങൾ വിവരണാതീതമായിരുന്നു. ക്ലാസ്‌മുറിയിലെ ഒഴിഞ്ഞ കോണിലായിരുന്നു ഇരിപ്പിടം. മറ്റുള്ളവർക്കൊപ്പം ഇരിക്കാൻ അവകാശമില്ല. ഇരിപ്പിടമാവട്ടെ ദിവസവും വീട്ടിൽ നിന്നും കൊണ്ടുപോകുന്ന ചാക്കു കഷണവും. ദാഹിച്ചാൽ വെള്ളം കുടിക്കാൻ അവകാശമില്ല. അധ്യാപകർ ചോദ്യങ്ങൾ ചോദിക്കില്ല, നോട്ടുബുക്കുകൾ നോക്കില്ല. കലാ-കായിക വിനോദങ്ങൾക്കും ഈ വിദ്യാർത്ഥിക്ക് വിലക്കായിരുന്നു. ഒറ്റമുറിവീടിന്റെ പരിമിതികൾ മൂലം മറ്റെല്ലാവരും ഉറങ്ങിക്കഴിയുമ്പോൾ ഉണർന്നിരുന്ന് പഠിക്കേണ്ടിവന്ന, വഴിവിളക്കിന്റെ ചുവട്ടിലിരുന്നു പഠിച്ച, റെയിൽവേസ്റ്റേഷനിൽ ചുമടെടുക്കാൻ പോയ, പാതിരാത്രിയിൽ പെട്രോമാക്സ് വെളിച്ചത്തിൽ ഒരു മത്സ്യമാർക്കറ്റിലെ ഓവുചാലിന്റെ ചാരേ, ചീഞ്ഞളിഞ്ഞ മത്സ്യത്തിന്റെ ഗന്ധം മുറ്റിനിന്ന അന്തരീക്ഷത്തിൽ കല്യാണം കഴിക്കേണ്ടിവന്ന… ഇത്തരം വിശേഷണങ്ങൾ ഏറെയുള്ള ഒരാൾ ഇന്ത്യൻ ഭരണഘടനയുടെ ശിൽപ്പിയായി മാറി എന്നത് ലോകാത്ഭുതം തന്നെയാണ്. വിദ്യാർത്ഥി ജീവിതകാലത്തുതന്നെ ദേശീയ സ്വാതന്ത്ര്യ സമരത്തിൽ അംബേദ്കർ ആകൃഷ്ടനായി.

പക്ഷേ ദേശീയപ്രസ്ഥാനം ജാതി പ്രശ്നങ്ങളെയെല്ലാം അവഗണിക്കുകയാണെന്നായിരുന്നു അദ്ദേഹത്തിന്റെ പക്ഷം. സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ സാമൂഹ്യ പരിവർത്തനത്തിന്റെ സുപ്രധാന ഘടകംകൂടി അംബേദ്കർ കൂട്ടിച്ചേർത്തു. അംബേദ്കർ നടത്തിയ ആദ്യ സമരം കുടിവെള്ളത്തിനു വേണ്ടിയായിരുന്നു. 1927 ൽ മഹദിലെ ചൗദാർ കുളത്തിൽ നിന്നും വെള്ളം കോരിക്കുടിക്കാൻ അനുമതിയുണ്ടായിട്ടും അനുവദിക്കാത്തതിനെതിരെ നടത്തിയ സമരം അധികാരിവർഗ്ഗത്തെ ഞെട്ടിച്ചു. ‘ബഹിഷ്കൃത ഭാരതം’ എന്ന മറാത്തി പത്രം തുടങ്ങിയതും അനേകായിരങ്ങളുമൊത്ത് മനുസ്മൃതി കത്തിച്ചതുമെല്ലാം ഇതേ വർഷം തന്നെയായിരുന്നു. മഹത്തായ സാഹസിക പ്രവർത്തിയായിട്ടാണ് മനുസ്മൃതി കത്തിക്കലിനെ പിന്നീടും അംബേദ്കർ വിശേഷിപ്പിച്ചത്. അടിസ്ഥാന ജനവിഭാഗങ്ങൾ തഴയപ്പെടുന്നു എന്ന് ബോധ്യപ്പെട്ടാൽ അംബേദ്കറിലെ വിപ്ലവകാരി സടകുടഞ്ഞെഴുന്നേൽക്കുന്നതിന് നിരവധി തവണ ഇന്ത്യ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഹിന്ദുമതം അടിച്ചേൽപ്പിക്കുന്ന ചാതുർവർണ്യ വ്യവസ്ഥിതിക്കെതിരെ നിലപാടെടുക്കാൻ വൈമുഖ്യം കാട്ടിയ ഗാന്ധിജിയോട് പൊരുത്തപ്പെടാൻ അംബേദ്കർ തയ്യാറായില്ല. സവർണർ കയ്യടക്കിയിരിക്കുന്ന ഹിന്ദുമതത്തിൽ അവർണ ഹിന്ദുവിന് രക്ഷയില്ലെന്നായിരുന്നു അംബേദ്കറുടെ നിലപാട്. “ജാതിപരമായ മർദ്ദനങ്ങളിൽ നിന്ന് രക്ഷപ്പെടുവാൻ അവർണർക്ക് കഴിയുമോ. എത്ര ബിരുദങ്ങൾ സമ്പാദിച്ചാലും എത്ര അറിവുകൾ നേടിയാലും അയിത്ത ജാതിക്കാരന് ഇന്ത്യയിൽ രക്ഷയുണ്ടോ?” എന്നായിരുന്നു അംബേദ്കർ ചോദിച്ചത്. ഇതിന് പരിഹാരം രാഷ്ട്രീയ അധികാരമാണെന്നും അധികാരമില്ലാതെ അവർണർക്ക് രക്ഷയില്ലെന്നും അദ്ദേഹം നിലപാടെടുത്തു. “തുളസിമാല അണിഞ്ഞതുകൊണ്ടും പന്ഥാർപൂരിൽ ഭജനം നടത്തിയതുകൊണ്ടും വിദ്യാഭ്യാസവും ഭക്ഷണവും ജോലിയും കിട്ടുകയില്ല. അതിനു നമ്മുടെ കൈയ്യിൽ രാഷ്ട്രീയ അധികാരം തന്നെ വേണം ” ഇതായിരുന്നു അംബേദ്ക്കറുടെ നിലപാട്. ഹിന്ദുമതത്തിന്റെ പേരിൽ നടമാടുന്ന അനീതികളെ തുറന്നുകാട്ടുന്നതിനും അംബേദ്കർ മുന്നിട്ടു നിന്നു. “ഹിന്ദുവായാണ് താൻ ജനിച്ചതെങ്കിലും ഹിന്ദുവായി മരിക്കുകയില്ല” എന്ന പ്രഖ്യാപനം ഉയർത്തിവിട്ട അലയൊലികൾ ലക്ഷക്കണക്കായ അനുയായികളുമായി ബുദ്ധമതം സ്വീകരിക്കുക എന്ന കൊടുങ്കാറ്റോടെ ഒടുങ്ങിയില്ല. വേദേതിഹാസങ്ങളെല്ലാം പഠിച്ച് അദ്ദേഹം തൊടുത്തുവിട്ട അമ്പുകൾ സവർണ്ണ മത നേതൃത്വങ്ങളെ തെല്ലൊന്നുമല്ല ബുദ്ധിമുട്ടിലാക്കിയത്. ‘ഹിന്ദുമതത്തിന്റെ പ്രഹേളികകൾ’ എന്ന തന്റെ പുസ്തകം അവതരിപ്പിച്ചുകൊണ്ട് അദ്ദേഹം എഴുതി “ബ്രാഹ്മണിക ദൈവശാസ്ത്രം എന്നു വിളിക്കാവുന്ന തരത്തിൽ അവതരിപ്പിക്കപ്പെട്ടിട്ടുള്ള വിശ്വാസങ്ങളുടെ വിശദാവിഷ്ക്കാരമാണ് ഈ ഗ്രന്ഥം. ഹിന്ദുക്കളിലെ സാമാന്യജനത്തെ ഏത് ചതിക്കുഴിയിലാണ് ബ്രാഹ്മണർ പെടുത്തിയിട്ടുള്ളതെന്ന ബോധം അവരിൽ ഉളവാക്കാനും യുക്തിഭദ്രമായ ചിന്തയുടെ വഴിക്ക് അവരെ നയിക്കാനുമാണിത്” എന്ന്.

സ്വന്തം പേരും പ്രശസ്തിയും മാത്രം നോക്കി നടന്ന ശ്രീരാമനെ തുറന്നുകാട്ടുന്നുണ്ട് ഈ പുസ്തകത്തിൽ. സീതയുടെ ജീവിതത്തെ പരിഗണിക്കാതിരുന്ന രാമനെ അൽപ്പംപോലും അംഗീകരിക്കാൻ സ്ത്രീകളുടെ ഉന്നമനത്തിനായ് പൊരുതിയ ആ മനുഷ്യന് കഴിയുമായിരുന്നില്ല. രാമൻ ദുർബലനും ഭീരുവുമായ ഏകാധിപതിയായിരുന്നുവെന്നും അദ്ദേഹം സമർത്ഥിക്കുന്നുണ്ട്. “രാമൻ ഒരിക്കലും ബഹുജന കാര്യങ്ങളിൽ പങ്കെടുത്തിരുന്നില്ല. തന്റെ പ്രജകളുടെ പരിദേവനങ്ങൾ കേൾക്കുകയും അവയ്ക്ക് പരിഹാരമുണ്ടാക്കാൻ ശ്രമിക്കുകയും ചെയ്യുന്ന പ്രാചീന ഭാരത രാജാക്കൻമാരുടെ ഭരണക്രമം അദ്ദേഹം ഒരിക്കലും അവലംബിച്ചിരുന്നില്ല” എന്ന് വസ്തുതകളുടെ പിൻബലത്തോടെ അംബേദ്കർ വരച്ചുകാട്ടുന്നുണ്ട്. “രാമനാൽ പരിത്യക്തയാവുകയും മരിക്കാൻ വനത്തിലാക്കപ്പെടുകയും ചെയ്ത സീതയും മക്കളും രാമൻ ഭരണം തുടരുന്ന അയോധ്യയിൽ നിന്നും അകലെയല്ലാത്ത കാനനത്തിലെ വാൽമീകി ആശ്രമത്തിൽ പന്ത്രണ്ട് വർഷക്കാലം കഴിഞ്ഞു. ആ പന്ത്രണ്ട് വർഷത്തിലൊരിക്കലും ഈ മാതൃകാഭർത്താവും സ്നേഹസ്വരൂപനായ പിതാവും അവരെ ശ്രദ്ധിച്ചില്ല. സീതക്കെന്തു സംഭവിച്ചു. അവൾ ജീവിച്ചിരിപ്പുണ്ടോ. അതോ മരിച്ചുപോയോ എന്നന്വേഷിക്കാൻ രാമൻ തുനിഞ്ഞതേയില്ല” അംബേദ്കർ വിവരിക്കുന്നു. ഭൂമി പിളർന്ന് സീത അന്തർധാനം ചെയ്തതിനെപ്പറ്റി കുറിച്ചിരിക്കുന്നത് “നീചനേക്കാൾ മെച്ചമല്ലാതെ പെരുമാറിയ രാമന്റെ അടുത്തേക്ക് തിരിച്ചുചെല്ലുന്നതിൽ ഭേദം മരിക്കുകയാണെന്ന് സീത കരുതി” എന്നാണ്.

1987 ൽ മഹാരാഷ്ട്ര സർക്കാർ പ്രസിദ്ധീകരിച്ച ഈ പുസ്തകത്തിന്റെ പതിപ്പുകൾ സംഘപരിവാർ പരസ്യമായി കത്തിക്കുകയുമുണ്ടായി. ജാതി ഉൻമൂലനത്തിലാണ് അംബേദ്കർ ഊന്നൽ നൽകിയത്. ജാതികൾക്കിടയിലെ മൈത്രി എന്നതിനോടൊന്നും അദ്ദേഹം യോജിച്ചതേയില്ല. ഹിന്ദുയിസം എന്നത് സ്വാതന്ത്ര്യം സമത്വം സാഹോദര്യം എന്നിവക്കെതിരാണെന്നും അതിനാൽ തന്നെ ഇന്ത്യക്ക് ഭീഷണിയാണെന്ന നിലപാടെടുക്കുകയും ചെയ്തു. ഇന്ത്യക്കാരുടെ പ്രധാന അടയാളമായ ജാതിയാണ് ഹിന്ദുയിസത്തിന്റെ കാതലെന്നും സാമൂഹ്യ നീതിക്കുള്ള തടസ്സം ജാതിയാണെന്നും കണ്ടു. ജാതിവ്യവസ്ഥക്കെതിരെ ആദ്യ വെല്ലുവിളിയുയർത്തിയ ബുദ്ധനിൽ അംബേദ്കർ കേന്ദ്രീകരിച്ചത് സ്വാഭാവികം മാത്രമായിരുന്നു. ‘ജാതി ഉൻമൂലനം’ എന്ന കൃതി ഹിന്ദുമതത്തോടുള്ള ധീരമായ യുദ്ധപ്രഖ്യാപനമായിരുന്നു. സ്വാതന്ത്ര്യത്തിന്റെ പ്രഥമ ഘടകം സാമ്പത്തിക പരിഷ്ക്കാരമാണെന്ന് അംഗീകരിക്കാൻ അദ്ദേഹം തയ്യാറായില്ല. സാമൂഹിക പരിഷ്ക്കരണം നടത്താതെ സാമ്പത്തിക പരിഷ്ക്കരണം നടത്താൻ കഴിയുമോ എന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം. എല്ലാവരെയും തുല്യരായി കണക്കാക്കുന്ന സോഷ്യലിസം പുലരണമെങ്കിൽ ആദ്യം ജാതിവ്യവസ്ഥ നശിക്കണമെന്നും ജാതി കേവലമായ തൊഴിൽ വിഭജനമല്ല എന്നും അംബേദ്കർ വാദിച്ചു. ചാതുർവർണ്യത്തിൽ നവീനമായതൊന്നുമില്ലെന്നും ജാതിവ്യവസ്ഥ നശിപ്പിക്കാനുള്ള ശരിയായ മാർഗ്ഗം ഹിന്ദു ശാസ്ത്രങ്ങളുടെ തിരസ്ക്കരണമാണെന്നും ജാതിയെ പരിഷ്ക്കരിക്കുക അസാധ്യമാണെന്നും അംബേദ്കർ ‘ജാതി ഉൻമൂലന’ത്തിലൂടെ സ്ഥാപിക്കുന്നുണ്ട്. ലോകത്തിലെ എല്ലാ മതങ്ങളെയും താരതമ്യം ചെയ്തു പഠിച്ചാണ് അംബേദ്കർ ബുദ്ധമതം തെരഞ്ഞെടുത്തത്. അതിനായി 21 വർഷം വിനിയോഗിച്ചു. ‘ബുദ്ധനോ മാർക്സോ’ എന്ന ഗ്രന്ഥത്തിൽ “സാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്നാശയങ്ങളും ഒരുമിച്ച് നിലകൊള്ളാൻ ബുദ്ധദർശനം പിന്തുടരാതെ വേറെ വഴിയില്ല” എന്നായിരുന്നു നിലപാട് വിശദീകരിച്ചത്. ഭരണഘടനയെ എല്ലാ അർത്ഥത്തിലും സൃഷ്ടിച്ചെടുത്തത് അംബേദ്കറാണ്.

ഭരണഘടനാ നിർമ്മാണ സഭയുടെ പ്രവർത്തനം അവസാനിക്കുന്നതിന്റെ തലേ ദിവസം നടത്തിയ പ്രസംഗം ഏറെ ശ്രദ്ധേയമായിരുന്നു. സഭയിലെ അംഗങ്ങളോടും കരട് തയ്യാറാക്കാൻ ചുമതലപ്പെടുത്തിയ സമിതിയിലെ അംഗങ്ങളോടും ഈ ജോലിയിൽ പങ്കാളികളായ എല്ലാവരോടും ആയുഷ്ക്കാലം മുഴുവൻ താൻ എതിർത്തിട്ടും ഈ ചുമതല തന്നെ ഏൽപ്പിച്ച കോൺഗ്രസിനോടും നന്ദി പറഞ്ഞ അംബേദ്കർ ചില മുന്നറിയിപ്പുകൾ കൂടി നൽകിയത് ഏറെ ഗൗരവത്തോടെയാണ് സഭ കേട്ടിരുന്നത്. ഒരു മഹാനായ മനുഷ്യന്റെ കാൽക്കൽപ്പോലും സ്വാതന്ത്ര്യങ്ങൾ അടിയറവയ്ക്കരുതെന്നും തങ്ങളുടെ സ്ഥാപനങ്ങളെ അട്ടിമറിക്കാൻ അയാളെ സഹായിച്ചേക്കാവുന്ന തരത്തിൽ വിശ്വസിച്ച് അംഗീകാരങ്ങൾ നൽകിക്കളയരുതെന്നുമുള്ള മില്ലിന്റെ മുന്നറിയിപ്പ് ഇംഗ്ലണ്ടിനേക്കാൾ യോജിക്കുക ഇന്ത്യക്കാണെന്ന് അംബേദ്കർ വ്യക്തമാക്കി. അതിന്റെ കാരണമായി പറഞ്ഞത് “ഇന്ത്യയിലെ രാഷ്ട്രീയത്തിൽ ഭക്തി അഥവാ വീരാരാധന ലോകത്ത് മറ്റൊരിടത്തും ഇല്ലാത്തത്ര വലിയ പങ്കുവഹിക്കുന്നുണ്ട്. മതത്തിൽ ഭക്തി മോക്ഷത്തിന്റെ മാർഗ്ഗമാവാം. പക്ഷേ രാഷ്ട്രീയത്തിൽ ഭക്തി, വീരാരാധന എന്നിവ അധഃപതനത്തിനും ക്രമേണ ഏകാധിപത്യത്തിനും വഴി തെളിക്കും” എന്നായിരുന്നു വിശദീകരണം. ഈ മുന്നറിയിപ്പിന്റെ അവഗണനയാണ് വർത്തമാനകാല ഇന്ത്യൻ രാഷ്ട്രീയത്തിൽ നാം കാണുന്നത്. പ്രതിസന്ധികളെ അതിജീവിക്കാൻ അംബേദ്കറെ കൂടുതലായി ഉൾക്കൊള്ളേണ്ട കാലഘട്ടമാണിത്. മുപ്പതുകളിൽ മഹാരാഷ്ട്രയിൽ ഡാങ്കെയും അംബേദ്കറുമെല്ലാം ഒന്നിച്ചു നടത്തിയ പോരാട്ടങ്ങൾ പോലെ അടിച്ചമർത്തപ്പെടുന്നവർക്കായി യോജിച്ച പേരാട്ടം അനിവാര്യമായിരിക്കുന്ന നാളുകളാണിത്.

ENGLISH SUMMARY: Ambed­kar: A fight­er who has ded­i­cat­ed his life to the downtrodden

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.