വടക്കൻ ലണ്ടനിലെ അംബേദ്ക്കർ ഹൗസ് അടച്ചിടാനുള്ള തീരുമാനത്തിൽ നിന്ന് ബ്രിട്ടൻ പിൻമാറി. അംബേദ്ക്കർ സ്മാരകം സന്ദർശകർക്കായി തുറന്ന് കൊടുക്കുമെന്നും അധികൃതർ വ്യക്തമാക്കി. തീരുമാനം പുനപരിശോധിക്കണമെന്ന ഇന്ത്യയുടെ അഭ്യർത്ഥനമാനിച്ചാണ് നടപടി. താമസമേഖലയില്‍ മാനദണ്ഡങ്ങൾ ലംഘിച്ചാണ് ചരിത്രസ്മാരകത്തിന് അനുമതി നൽകിയത് എന്ന ആരോപണം ഉയർന്നതോടെയാണ് സ്മാരകം അടച്ചിടാനുള്ള തീരുമാനമെടുത്തത്. എന്നാൽ ഇത് പുനപരിശോധിക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടതോടെ മ്യൂസിയം തുറന്ന് പ്രവർത്തിപ്പിക്കാൻ ബ്രിട്ടീഷ് കമ്യൂണിറ്റീസ് സെക്രട്ടറി റോബർട്ട് ജെൻറിക് തീരുമാനിക്കുകയായിരുന്നു.
ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ 1921–22ൽ വിദ്യാർത്ഥി ആയിരിക്കെ അംബേദ്ക്കർ താമസിച്ച വീടാണ് കാംദെനിലെ 10 കിങ് ഹെൻറി റോഡിലുള്ള ചരിത്ര സ്മാരകമാക്കി മാറ്റിയത്. മഹാരാഷ്ട്ര സർക്കാർ ഇത് വാങ്ങി നവീകരിച്ചാണ് മ്യൂസിയവും സ്മാരകവും ആക്കിയത്. ഇവിടെ അംബേദ്ക്കറുടെ ചിത്രങ്ങളും അദ്ദേഹം ഉപയോഗിച്ച വസ്തുക്കളും പ്രദർശിപ്പിച്ചിട്ടുണ്ട്. ഭിത്തികളിൽ അദ്ദേഹത്തിന്റെ പ്രശസ്തമായ വാചകങ്ങളും പ്രദർശിപ്പിച്ചിട്ടുണ്ട്.അംബേദ്ക്കർ നവീന ഇന്ത്യയുടെ സ്ഥാപകരിൽ ഒരാളായിരുന്നുവെന്നും പല ബ്രിട്ടീഷ് ഇന്ത്യാക്കാരുടെയും വികാരമായിരുന്നുവെന്നും ജെൻറിക് പറഞ്ഞു.
ഇന്ത്യയുടെ അഭ്യർത്ഥന കഴിഞ്ഞ വർഷം കാംദെൻ നഗരസഭ തള്ളിയിരുന്നു. അതിന് ശേഷമാണ് ബ്രിട്ടീഷ് ഭവന-കമ്യുണിറ്റീസ് മന്ത്രാലയം പ്രശ്നത്തിൽ ഇടപെടുന്നത്. സ്ഥലത്തിന്റെ പ്രാധാന്യവും ബ്രിട്ടീഷ് ഇന്ത്യക്കാർ രാജ്യത്തിന്റെ സാംസ്കാരിക പാരമ്പര്യത്തിന് നൽകിയ സംഭാവനകളും പരിഗണിച്ച് അനുമതി നൽകുകയാണെന്നും മന്ത്രാലയം വിശദീകരിച്ചു.സർക്കാരിന്റെ തീരുമാനത്തിൽ കാംദെൻ നഗരസഭ നിരാശ അറിയിച്ചിട്ടുണ്ട്. എന്നാൽ അപ്പീൽ നൽകില്ലെന്നും അവർ വ്യക്തമാക്കി. സർക്കാരിന്റെ തീരുമാനം അംഗീകരിക്കുന്നുവെന്നും നഗരസഭ അറിയിച്ചു.ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോഡി 2015ൽ ബ്രിട്ടൻ സന്ദർശനവേളയിൽ അംബേദ്ക്കർ സ്മാരകത്തിലും എത്തിയിരുന്നു.
English Summary: Ambedkar house will not close
You may also like this video
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.