Monday
24 Jun 2019

പൊതുതെരഞ്ഞെടുപ്പ് വേളയില്‍ അംബേദ്കര്‍ ചിന്തകള്‍ക്ക് പ്രസക്തി ഏറെ

By: Web Desk | Saturday 13 April 2019 10:52 PM IST


ബാബു കെ പത്മന

ദേശീയപ്രസ്ഥാനത്തിലെ ഉജ്ജ്വല വ്യക്തിത്വവും മനുഷ്യാവകാശ പോരാട്ട ചരിത്രത്തിലെ തിളങ്ങുന്ന അധ്യായവും കീഴാളജനതയുടെ അഭിമാനവും അവരുടെയും പോരാട്ടവീര്യത്തിന് ഇനിയും വറ്റാത്ത സ്രോതസുമായ ഡോക്ടര്‍ ബി ആര്‍ അംബേദ്കറുടെ 128 ാം മത് ജന്മദിനമാണിന്ന്. ഇന്ത്യയുടെ ദേശീയ നേതൃത്വനിരയിലെ മറ്റേതൊരു നേതാവിനെക്കാളും ചര്‍ച്ചചെയ്യപ്പെടുകയും കാലികമായി ഏറെ പ്രാധാന്യമര്‍ഹിക്കുകയും ചെയ്യുന്ന വ്യക്തിത്വമായി അംബേദ്കര്‍ മാറിയിരിക്കുന്നുവെന്നത് ഒരതിശയോക്തി അല്ല. നമ്മുടെ രാജ്യം ഒരു പൊതുതെരഞ്ഞെടുപ്പിനെ നേരിടുന്ന വേളയില്‍ അംബേദ്കര്‍ ചിന്തകളുടെ പ്രസക്തി ഏറിയിരിക്കുകയാണ്. അദ്ദേഹം വിഭാവന ചെയ്തതും ഭരണഘടനയില്‍ എഴുതി ചേര്‍ക്കപ്പെട്ടതുമായ നിരവധി ആശയങ്ങള്‍ വലിയ വെല്ലുവിളികള്‍ നേരിടുകയാണ്.

നമ്മുടെ ജനാധിപത്യത്തിന് മാത്രമല്ല രാഷ്ട്രശരീരത്തിന്റെ ആരോഗ്യകരമായ നിലനില്‍പ്പുതന്നെ മുമ്പെങ്ങുമില്ലാത്ത തരത്തില്‍ രോഗാതുരമായി മാറിയിരിക്കുന്നു. ഭരണകൂടം തന്നെ ഭരണഘടനാ മൂല്യങ്ങളുടെ അന്തകനാകാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ 1949 നവംബര്‍ 25ന് ഭരണഘടനാനിര്‍മ്മാണസഭയില്‍ അദ്ദേഹം നടത്തിയ പ്രസംഗം ഇന്ത്യന്‍ ജനാധിപത്യത്തിന്റെ നിലനില്‍പ്പിനെ സംബന്ധിച്ച് ദീര്‍ഘവീക്ഷണത്തോടെ നടത്തിയ നിരീക്ഷണം വളരെ അര്‍ത്ഥവത്തായിട്ടുള്ളതായിരുന്നു. ഭരണകര്‍ത്താക്കള്‍ക്ക് ഭരണഘടന മൂല്യങ്ങളോടും രാജ്യത്തോടും ജനങ്ങളോടും ആയിരിക്കണം കൂറും വിധേയത്വവും അല്ലാത്തപക്ഷം ജനാധിപത്യം വെറും ആധിപത്യമായി ചുരുങ്ങിപ്പോകും എന്നതായിരുന്നു പ്രസംഗത്തിന് കാതല്‍. ഏഴു പതിറ്റാണ്ടിനു ശേഷവും ഇന്ത്യന്‍ ജനാധിപത്യം പൗരനു നല്‍കുന്ന അവകാശങ്ങള്‍ ഇന്ത്യയില്‍ സ്വതന്ത്രമായി ഉപയോഗിക്കാന്‍ എല്ലാ പൗരന്മാര്‍ക്കും കഴിഞ്ഞിട്ടില്ലായെന്ന വസ്തുത നിലനില്‍ക്കുകയാണ്.

ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഭക്തി അഥവാ ആത്മീയതയുടെ മാര്‍ഗ്ഗം ഏകാധിപത്യത്തിലേക്കും ഫാസിസത്തിലേക്കും നയിക്കുമെന്ന് കോണ്‍സ്റ്റിറ്റിയുവന്റ് അസംബ്ലിയിലെ മറ്റൊരു പ്രസംഗത്തില്‍ അംബേദ്കര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്. സമകാലിക ഇന്ത്യയില്‍ നിലനില്‍ക്കുന്ന ആത്മീയ വ്യാപാരവും കപട ആത്മീയതയും രാഷ്ട്രീയവും തമ്മിലുള്ളഅവിശുദ്ധബന്ധവും നോക്കിയാല്‍ അദ്ദേഹത്തിന്റെ വാക്കുകള്‍ പ്രവാചക സമാനമാണെന്ന് കാണാം. രാഷ്ട്രീയ സമത്വം കൈവരിച്ചാലും അസമാനമായി നിലനില്‍ക്കുന്ന സാമൂഹിക സാമ്പത്തികാവസ്ഥ രാജ്യത്തിന്റെ ശോഭ കെടുത്തുമെന്ന് നിരീക്ഷിച്ച ചിന്തകനായിരുന്നു അദ്ദേഹം.

സ്വാതന്ത്ര്യാനന്തര ഭാരതത്തിലെ ദരിദ്രവല്‍ക്കരിക്കപ്പെട്ടവരുടെയും ദലിത് ആദിവാസികളുടെ സാമൂഹിക പിന്നോക്കാവസ്ഥയുടെ പശ്ചാത്തലത്തിലും അംബേദ്കറുടെ ചിന്തകള്‍ക്ക് പ്രസക്തിയേറുകയാണ്. ഇന്ത്യാചരിത്രത്തിലെ തിളങ്ങുന്ന വ്യക്തിത്രയങ്ങള്‍ ആയിരുന്നു നെഹ്‌റു ഗാന്ധി അംബേദ്കര്‍ എന്നിവര്‍. എന്നാല്‍ മരണാനന്തരം അംബേദ്കറെ പോലെ വ്യാപകമായി മറ്റു രണ്ടുപേരും ചര്‍ച്ച ചെയ്യപ്പെടുന്നില്ല എന്നതും ശ്രദ്ധേയമാണ്. അതിനുകാരണം അംബേദ്കര്‍ ഉയര്‍ത്തിപ്പിടിച്ച വിഷയങ്ങളും അദ്ദേഹം മുന്നോട്ടുവച്ച ആശയങ്ങളും തന്നെയായിരുന്നു. ചാതുര്‍വര്‍ണ്യത്തിലധിഷ്ടിതമായ ഇന്ത്യന്‍ ജാതിവ്യവസ്ഥയുടെ അടിവേരുകളെ അടിമുടി ഉലച്ച അദ്ദേഹത്തിന്റെ ‘ജാതിനിര്‍മൂലനം’ എന്ന കൃതി ഇന്നും സാമൂഹ്യചിന്തകരെ ആകര്‍ഷിക്കുന്ന കൃതികളിലൊന്നാണ്. അദ്ദേഹത്തിന്റെ ജീവിതവും പോരാട്ടവും പഠനവും മാത്രമല്ല അദ്ദേഹം മുന്നോട്ടുവച്ച രാഷ്ട്രീയസാമൂഹ്യ ദര്‍ശനത്തിന്റെ പ്രസക്തി ഇന്നും ഇന്ത്യയില്‍ നിലനില്‍ക്കുകയാണ്. കടുത്ത ജാതി വിവേചനവും നിന്ദയും അപമാനവും കുടചൂടി നിന്നിരുന്ന സാമൂഹ്യ ചുറ്റുപാടില്‍ നിന്ന് അവ തീര്‍ത്ത വിലക്കുകളുടെ കല്‍ക്കെട്ടുകള്‍ തകര്‍ത്തെറിഞ്ഞാണ് അംബേദ്കര്‍ ജീവിത വിജയം നേടിയത്.

നിരന്തരമായ പഠനവും അര്‍പ്പണബോധവും സമാനതകളില്ലാത്ത അക്കാദമിക ബിരുദങ്ങളുടെയും ഡോക്ടറേറ്റുകളുടെയും ഉടമയായി അദ്ദേഹത്തെ മാറ്റി. പഠിക്കുക, സംഘടിക്കുക, പോരാടുക എന്ന ആശയം സ്വജീവിതയാത്രയിലെ അനുഭവങ്ങളില്‍ നിന്നും ഉരുവം കൊണ്ടതാണ്. ഇന്ന് അംബേദ്കര്‍ ദര്‍ശനങ്ങളെ പലരീതിയിലും ആളുകള്‍ തരാതരംപോലെ ഉപയോഗിച്ചു വരുന്നു എന്നത് ദുഃഖകരമാണ്. തന്റെ ജീവിതകാലം മുഴുവന്‍ താന്‍ നഖശിഖാന്തം എതിര്‍ക്കുകയും പോരാട്ടം സംഘടിപ്പിക്കുകയും ചെയ്തത് ഏത് ആശയങ്ങള്‍ക്കെതിരെ ആണോ അവതന്നെ അംബേദ്കറെ ഹൈജാക്ക് ചെയ്തിരിക്കുന്നു ഹിന്ദുത്വ ആശയങ്ങളുടെ പ്രചാരകനും ഹിന്ദുവും ആക്കി അംബേദ്കറെ അവതരിപ്പിക്കുകയാണ് ഒരു വഴി .സാമൂഹ്യ പരിഷ്‌കര്‍ത്താവായ അദ്ദേഹം കറയറ്റ ദേശീയവാദിയും മുസ്ലിം ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ക്ക് എതിരുമായിരുന്നു എന്നാണ് സംഘപരിവാര്‍ ഇപ്പോള്‍ പ്രചരിപ്പിക്കുന്നത്. ഹിന്ദുമത ആശയങ്ങളെ നിഷേധിച്ച് ബുദ്ധമതം സ്വീകരിച്ചത് ഇന്ത്യന്‍ സംസ്‌കാരത്തെ അംബേദ്കര്‍ തള്ളിക്കളയാത്തതുകൊണ്ടാണെന്ന് ലഘൂകരിക്കുകയാണ് സംഘപരിവാര്‍ ശക്തികള്‍. ജാതി വിവേചനത്തിനും അയിത്തത്തിനും എതിരെ സ്വജീവിതം കൊണ്ട് പടപൊരുതിയ ഒരു വ്യക്തിയെ ഇത്തരത്തില്‍ നിര്‍മ്മിച്ചെടുക്കുന്നതിന് ചില ദളിത് സംഘടനകളും ചിന്തകരും സംഘപരിവാറിന്റെ വലംകൈയായി പ്രവര്‍ത്തിച്ചുവരുന്നത് അത്ഭുതകരമാണ്.

അംബേദ്കറെ ഭരണഘടനാ ശില്‍പി എന്ന് വാഴ്ത്തുന്നതിലൂടെ മഹാനായ ഒരു ധിഷണാശാലിയുടെ ബഹുമുഖമായ പ്രവര്‍ത്തനങ്ങളെയും അദ്ദേഹത്തിന്റെ പോരാട്ടങ്ങളെയും വാസ്തവത്തില്‍ ചുരുക്കി എഴുതുകയാണ്. രണ്ടോമൂന്നോ വര്‍ഷമാണ് അംബേദ്കര്‍ ഭരണഘടന നിര്‍മ്മാണ സഭയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിച്ചത്. അതിലും എത്രയോ കാലം സാമൂഹികമാറ്റത്തിന് വേണ്ടിയും ഭരണരംഗത്തും രാഷ്ട്രമീമാംസകനായും ധനതത്വശാസ്ത്രകാരനായും ചരിത്രകാരനായും നരവംശശാസ്ത്രജ്ഞനായും അധ്യാപകനായും സര്‍വ്വോപരി തികഞ്ഞ മനുഷ്യസ്‌നേഹിയുമായി അദ്ദേഹം പ്രവര്‍ത്തിച്ച് കഴിവ് തെളിയിച്ചിരുന്നു. ഈ വേളയില്‍ ഭരണഘടനാ മൂല്യങ്ങളെ ഉയര്‍ത്തിപ്പിടിക്കുകയും ഭരണഘടന അനുവദിച്ചു തന്നിട്ടുള്ള സംവരണമടക്കമുള്ള സാമൂഹ്യനീതി ഉറപ്പാക്കുന്ന ഒരു ഭരണകൂടത്തിന്റെ അനിവാര്യതയിലേക്ക് നമ്മുടെ ചിന്തകളെ മാറ്റിയെടുക്കുക എന്നതായിരിക്കണം അംബേദ്കര്‍ ജന്മദിനത്തിലെ പ്രതിജ്ഞ.

Related News