ഇന്ത്യയിലെ എല്ലാ ജനങ്ങൾക്കും സാമൂഹ്യവും സാമ്പത്തികവുമായ നീതി ഉറപ്പാക്കുന്ന രാജ്യത്തെ പരമോന്നത നിയമമായി ഭരണഘടനയെ വാർത്തെടുത്ത ശില്പിയാണ് ഡോ. ബി ആര്‍ അംബേദ്കർ. ഒരു സ്വതന്ത്ര നീതിന്യായ വ്യവസ്ഥിതിയിൽ, മതേതര രാഷ്ട്രമായി, എല്ലാ പൗരന്മാർക്കും മൗലികാവകാശങ്ങളും കടമകളും നിശ്ചയിച്ചിട്ടുള്ളതാണ് നമ്മുടെ ഭരണഘടന. പാർശ്വവൽക്കരിക്കപ്പെട്ട പട്ടികവിഭാഗം ജനതയ്ക്ക് തന്റെ ജീവിതാനുഭവങ്ങളും പരിഗണിച്ച് ഡോ. അംബേദ്കർ പ്രത്യേക സംവരണവും ഭരണഘടനയിൽ ഉറപ്പാക്കി.
ന്യൂനപക്ഷങ്ങൾക്കടക്കം രാജ്യത്തെ ഓരോ പൗരനും ഭരണഘടനാ സംരക്ഷണം ഉറപ്പാക്കിയ വ്യക്തിയെത്തന്നെ വിസ്മൃതിയിലേക്ക് തള്ളാനാണ് ഇപ്പോൾ ഭരണകൂടശക്തികൾ ശ്രമിക്കുന്നത്. അദ്ദേഹത്തിന്റെ ഓർമ്മകൾ പേറുന്ന ഓരോ ബിംബങ്ങളും തകർക്കപ്പെടുന്നു. ഡോ. അംബേദ്കറുടെ 134-ാം ജന്മദിനം അടുത്ത വേളയിലാണ് ഉത്തർപ്രദേശിലെ വിഭലാപുർ ഗ്രാമത്തിലെ സർക്കാർ ഭൂമിയിൽ നിന്ന പ്രതിമ “അജ്ഞാത കരങ്ങളാൽ” തകർക്കപ്പെട്ടത്. ഇതിനൊപ്പമുണ്ടായിരുന്ന ബുദ്ധ പ്രതിമയും തകർത്തു. തുടർന്നുണ്ടായ സംഘർഷങ്ങളിൽ നിരവധി നാട്ടുകാർക്കും പൊലീസുകാർക്കും പരിക്കേറ്റു. ഭരണഘടനാ ശില്പിക്ക് രാജ്യത്തുണ്ടാകുന്ന അവഹേളനങ്ങളുടെയും അവഗണനയുടെയും ഉദാഹരണമാണിത്. എത്രമാത്രം തിരസ്കരണങ്ങളും അപരവല്‍ക്കരണവും നടപ്പാക്കിയാലും ഇന്ത്യയിലെ പാർശ്വവൽക്കരിക്കപ്പെട്ട സമൂഹത്തിന് ശബ്ദം നൽകിയ ഡോ. അംബേദ്കറുടെ സ്മരണകൾക്ക് മാറ്റ് കൂടുകയേ ഉള്ളൂ.
ഭരണഘടനയിലൂടെ സ്ഥാപിതമായ ന്യൂനപക്ഷ അവകാശങ്ങളും ദളിത് സംരക്ഷണ നിയമങ്ങളുമൊക്കെ ഇല്ലാതാക്കാനാണ് ഇപ്പോഴത്തെ കേന്ദ്ര ഭരണകൂടത്തിന്റെ ശ്രമങ്ങൾ. കഴിഞ്ഞയാഴ്ച പാർലമെന്റിൽ അവതരിപ്പിച്ച് നിയമമാക്കിയ വഖഫ് ഭേദഗതിയും, തൊട്ടുപിന്നാലെ ഓർഗനൈസറിലൂടെ പുറത്തുവിട്ട ക്രൈസ്തവ സഭകൾക്കെതിരായ നീക്കവുമെല്ലാം ന്യൂനപക്ഷങ്ങളെ അപരവല്‍ക്കരിച്ച് പുറന്തള്ളുന്നതിനുള്ള വഴികളാണ്. ഇങ്ങനെയൊരു സമൂഹത്തിൽ ഭരണഘടനയുടെ അടിസ്ഥാനശിലകളായ മതേതരത്വവും സാമൂഹ്യനീതിയുമൊക്കെ എങ്ങനെ സംരക്ഷിക്കപ്പെടുമെന്നത് ചോദ്യചിഹ്നമായി മാറുന്നു.
ഇന്ത്യയിൽ രൂഢമൂലമായ ജാതിവ്യവസ്ഥയെ ആദർശവല്‍ക്കരിക്കാനും നിലനിർത്താനുമുള്ള മനുവാദികളുടെ എല്ലാ ശ്രമങ്ങളെയും നിഷ്കരുണം തള്ളിയാണ് ഭരണഘടനാ മൂല്യങ്ങൾ അംബേദ്കറും, സംഘവും തയ്യാറാക്കിയത്. എന്നാൽ ഭരണഘടനയെയാകെ മാറ്റിമറിക്കാനുള്ള പദ്ധതികളാണ് പുറത്തുവരുന്നത്. ബ്രിട്ടീഷുകാർ ഇന്ത്യയെ വിഭജിച്ച് ഭരിച്ചതിനെക്കാളുപരി രാജ്യത്തെ ജനങ്ങളെ, മതങ്ങളായും സമുദായങ്ങളായും, തെക്കും വടക്കുമായി പ്രാദേശികമായും വേർതിരിച്ച് തമ്മിലടിപ്പിക്കുന്നു. ബിജെപി ഭരണമുള്ള സംസ്ഥാനങ്ങളിലും കേന്ദ്രത്തിലും ഈ വിഭജന നയങ്ങളാണ് നടപ്പാക്കുന്നത്.
ജാതി-മതരഹിതമായ ഇന്ത്യക്കുവേണ്ടിയായിരുന്നു അംബേദ്കറുടെ പോരാട്ടം. സമത്വത്തിലേക്കുള്ള ആദ്യപടിയായി പട്ടികവിഭാഗക്കാരെ രാഷ്ട്രീയ പ്രാതിനിധ്യത്തിലൂടെയും മറ്റും ചേർത്തുപിടിച്ചത്‍ ജാതി — ജന്മിത്വ ചിന്തകൾ പേറുന്നവർക്ക് വേണ്ടത്ര പിടിച്ചിട്ടില്ല. പട്ടിക വിഭാഗങ്ങളുടെ ക്ഷേമകാര്യങ്ങൾ നോക്കുന്ന മന്ത്രി ഉന്നതകുല ജാതനാകണമെന്നു പോലും കേരളത്തിൽ നിന്നുള്ള ഒരു കേന്ദ്രമന്ത്രി പരസ്യമായി പറഞ്ഞുകഴിഞ്ഞു. ജന്മത്തെ അടിസ്ഥാനമാക്കി, മനുഷ്യനെ ചാതുർവർണ്യത്തിലേക്ക് ചവിട്ടിത്താഴ്ത്താനാണ് ഇവർ ശ്രമിക്കുന്നതെന്ന് പട്ടിക പിന്നാക്ക ജനവിഭാഗങ്ങൾ തിരിച്ചറിയണം. കുഴിച്ചുമൂടപ്പെട്ട അനാചാരങ്ങളും അന്ധവിശ്വാസങ്ങളും രാഷ്ട്രീയ ലക്ഷ്യങ്ങൾക്കുവേണ്ടി വീണ്ടും നട്ടുമുളപ്പിക്കുകയാണ്. മൃഗങ്ങൾക്ക് നടക്കാവുന്ന വഴികളിലൂടെ മനുഷ്യന് പ്രവേശനം നിഷേധിച്ച കാലത്തുനിന്നും നവോത്ഥാന‑പുരോഗമന പ്രസ്ഥാനങ്ങളുടെ സഹായത്തോടെ പോരാടി നേടിയ അവകാശങ്ങളാണ് നമ്മളെ മുന്നോട്ടുനയിക്കുന്നത്. അതൊരിക്കലും സവര്‍ണ ഫാസിസ്റ്റ് നിലപാടുകൾക്ക് മുന്നിൽ അടിയറവയ്ക്കരുത്.
ഭരണഘടനയുടെ അടിസ്ഥാന മൂല്യങ്ങൾ സംരക്ഷിച്ചാണ് നമ്മുടെ രാജ്യം മുന്നോട്ട് പോയിരുന്നത്. എന്നാൽ രാജ്യത്തിന്റെ കടിഞ്ഞാൺ കയ്യിൽ കിട്ടിയതോടെ ഭരണഘടനയെ സംഘ്പരിവാറിന്റെ താല്പര്യങ്ങൾക്കനുസരിച്ച് കേന്ദ്ര സർക്കാർ മാറ്റി മറിക്കുകയാണ്. ഭരണഘടനാ മൂല്യങ്ങൾ ഇന്ത്യൻ സംസ്കാരമല്ലെന്നും, ഇറക്കുമതിയാണെന്നും സംഘ്പരിവാർ നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നു. മനുസ്മൃതിയാണ് ആർഎസ്എസ് നേതൃത്വം കൊടുക്കുന്ന സംഘ്പരിവാറിന്റെ അടിസ്ഥാന പ്രമാണം. ജനാധിപത്യത്തിലും, മതേതരത്വത്തിലും, സോഷ്യലിസത്തിലും അവർക്ക് വിശ്വാസമില്ല. മനുസ്മൃതിയുടെ കാലത്തേക്ക് ഇന്ത്യയെ പിന്നോട്ടടിക്കാനാണവർ ശ്രമിക്കുന്നത്.
ഡോ. അംബേദ്കർ മുന്നോട്ടുവച്ച സാമൂഹ്യനീതി ഇന്ന് രാജ്യത്താകെ ചവിട്ടിയരയ്ക്കപ്പെടുന്നു. ദാരിദ്ര്യവും ഭരണകൂട അതിക്രമങ്ങളും ഗ്രാമീണ ഇന്ത്യയിലാകെ ദുരിതം പടർത്തുകയാണ്. മണിപ്പൂരിന്റെ സ്ഥിതി ഇതിനുദാഹരമാണ്. ജനകീയ ഭരണം കൊണ്ടുവരാതെ പ്രസിഡന്റ് ഭരണം നിലനിർത്താനുള്ള ബിൽ പോലും പാർലമെന്റിൽ അർധരാത്രി കഴിഞ്ഞാണ് അവതരിപ്പിച്ചത്. രാജ്യത്തിന്റെ പൊതുസ്ഥിതിയിൽ നിന്ന് വ്യത്യസ്തമായി കേരളം സാമൂഹ്യനീതിയിലും വികസന മാതൃകകളിലും ശ്രദ്ധേയമാകുകയാണ്. ഇഎംഎസിന്റെ നേതൃത്വത്തിൽ അധികാരത്തില്‍ വന്ന ആദ്യസർക്കാരിന്റെ വിദ്യാഭ്യാസ പരിഷ്കാരങ്ങളും പിന്നീട് വന്ന ഇടതുപക്ഷ നേതൃത്വത്തിലുള്ള സർക്കാരുകൾ നടപ്പാക്കിയ ഭൂപരിഷ്കരണം, കാർഷിക നിയമങ്ങൾ, സാക്ഷരതാ പ്രസ്ഥാനം, ജനകീയാസൂത്രണം തുടങ്ങിയവയൊക്കെ കേരളത്തിന്റെ സാമൂഹ്യ വളർച്ചയിൽ വൻ മാറ്റങ്ങളുണ്ടാക്കി.
2016ൽ അധികാരത്തിലേറിയ എൽഡിഎഫ് സർക്കാരിന് കേരള ഭരണത്തുടർച്ച കിട്ടി. ആ സർക്കാർ മുന്നോട്ടുവച്ച നവകേരള മിഷനുകൾ വളരെ മികച്ച നിലയിൽ പ്രവർത്തിച്ചു. തുടർപ്രവർത്തനങ്ങൾ സജീവമാക്കി മലയാള നാടിനെയാകെ വിജ്ഞാനാധിഷ്ഠിത സമൂഹമാക്കി മാറ്റുകയാണ്. രാജ്യത്തിന്റെ വികസന മാതൃകകളിൽ ജനകീയ ബദലായി എല്ലാ രംഗത്തും സംസ്ഥാനം മാറുകയാണ്. ഈ മാറ്റത്തിന്റെ അലയൊലികൾ പട്ടികവിഭാഗ പിന്നാക്ക ജനവിഭാഗങ്ങൾക്കിയിലും ദൃശ്യമാണ്. ഭരണഘടനാപരമായി 25 ശതമാനം വരുന്ന പട്ടിക വിഭാഗങ്ങൾക്ക് ജനസംഖ്യാനുപാതികമായി ബജറ്റിൽ വകയിരുത്തിയിരുന്ന പ്രത്യേക ഘടകപദ്ധതി തുക 10ൽ നിന്ന് നാല് ശതമാനമായി കേന്ദ്ര സർക്കാർ വെട്ടിച്ചുരുക്കിയപ്പോൾ സംസ്ഥാന സർക്കാർ ബജറ്റിന്റെ 12.5 ശതമാനം തുകയാണ് നീക്കിവയ്ക്കുന്നത്.
ഏറ്റവും മികച്ച വിദ്യാഭ്യാസ സൗകര്യങ്ങളൊരുക്കി ഓരോ പട്ടികവിഭാഗ കുടുംബത്തെയും സാമൂഹ്യപുരോഗതിയിലേക്ക് നയിക്കുന്നു. പ്രീ പ്രൈമറി മുതൽ പിഎച്ച്ഡി വരെയും വിദേശ വിദ്യാഭ്യാസത്തിനും സിവിൽ സർവീസ് തുടങ്ങി പൈലറ്റ് പരിശീലനത്തിനുവരെ സർക്കാർ തുണയാകുന്നു. 14 ലക്ഷം വിദ്യാർത്ഥികൾക്ക് ഈ സാമ്പത്തികവർഷം വിവിധ സ്കോളർഷിപ്പുകൾ പട്ടികജാതി, പട്ടികവർഗ, പിന്നാക്ക വിഭാഗ വകുപ്പുകൾ നൽകി. കേന്ദ്ര സർക്കാർ, 2.5 ലക്ഷം വരുമാനം നിശ്ചയിച്ച് പട്ടിക ‑പിന്നാക്ക വിഭാഗം വിദ്യാർത്ഥികളുടെ ഉന്നതവിദ്യാഭ്യാസ സ്കോളർഷിപ്പുകൾ നിഷേധിക്കുകയും ഒന്ന് മുതൽ എട്ട് വരെയുള്ള പിന്നാക്ക വിഭാഗത്തിൽപ്പെട്ട വിദ്യാർത്ഥികൾക്ക് പ്രീമെട്രിക് സ്കോളർഷിപ്പ് ഇല്ലാതാക്കുകയും ചെയ്യുമ്പോഴാണ് സംസ്ഥാനം എല്ലാ വിദ്യാർത്ഥികളെയും ചേർത്തുപിടിക്കുന്നത്.
എല്ലാവർക്കും ഭൂമിയും സുരക്ഷിതമായ വീടുമെന്ന ലക്ഷ്യത്തിലേക്കും നമ്മൾ അടുക്കുകയാണ്. ഒമ്പത് വർഷങ്ങൾ കൊണ്ട് 40,000ത്തിലേറെ പട്ടിക വിഭാഗം കുടുംബങ്ങൾക്ക് ഭൂമി നൽകിക്കഴിഞ്ഞു. ലൈഫ് പദ്ധതിയിൽ 1,60,000ത്തോളം വീടുകളും അനുവദിച്ചു. അപൂർണ ഭവനങ്ങളുടെ പുനരുദ്ധാരണ പദ്ധതിയായ സേഫിൽ 30,000 വീടുകളെയും സുരക്ഷിതമാക്കി. ഇതിനുപുറമെ ആരോഗ്യം, തൊഴിൽ, അടിസ്ഥാന സൗകര്യ വികസനം തുടങ്ങി നാനാമേഖലകളിലും പട്ടിക വിഭാഗങ്ങൾക്ക് തലയുയർത്തി നിൽക്കാനാകും.
സംസ്ഥാനത്തെ എല്‍ഡിഎഫ് സർക്കാരിന്റെ ഒമ്പതാം വാർഷികവും പട്ടികവർഗ വികസന വകുപ്പിന്റെ സുവർണ ജൂബിലിയും ആഘോഷിക്കപ്പെടുന്ന സമയമാണിത്. മലയാളികളായ സമസ്ത ജനവിഭാഗങ്ങൾക്കും വികസനത്തിന്റെയും സമൃദ്ധിയുടെയും സദ്ഫലങ്ങൾ അനുഭവവേദ്യമാണ്. കേരളത്തിലെ പട്ടിക ജനവിഭാഗങ്ങളുടെ ജീവിതത്തിലുണ്ടായ പുരോഗതികൾ തുടരാനും ഈ സൗകര്യങ്ങളും അവസരങ്ങളും നിലനിർത്താനും കൂടുതൽ ജാഗ്രതയോടെ പ്രവർത്തിക്കാൻ ഡോ. ബി ആർ അംബേദ്കറുടെ പോരട്ടങ്ങളും സ്മരണകളും നമുക്ക് കരുത്തേകും.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.