Tuesday
22 Oct 2019

അറുപതുകളിലെ സിനിമാ ജീവിതം സ്മരിച്ച് അംബിക സുകുമാരന്‍

By: Web Desk | Sunday 15 September 2019 10:48 PM IST


കെ കെ ജയേഷ്
കോഴിക്കോട്: കൂടുതല്‍ ജീവിതഗന്ധിയായിരുന്നു പഴയ മലയാള സിനിമകളെന്ന് അറുപതുകളില്‍ മലയാള സിനിമയില്‍ നിറഞ്ഞുനിന്ന നടി അംബിക സുകുമാരന്‍. സാധാരണക്കാരായ മനുഷ്യരുടെ ജീവിതം അവതരിപ്പിച്ചുകൊണ്ടാണ് അന്ന് സിനിമകള്‍ പ്രേക്ഷകരുടെ മനസില്‍ ഇടം നേടിയതെന്നും അവര്‍ വ്യക്തമാക്കി. എസ് ജാനകിയെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാനായി വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അംബികാ സുകുമാരന്‍ കേരളത്തിലെത്തിയത്.

തിരുവിതാംകൂര്‍ സഹോദരിമാര്‍ എന്നറിയപ്പെട്ടിരുന്ന പ്രശസ്ത അഭിനേതാക്കളും നര്‍ത്തകരുമായിരുന്ന ലളിത-പത്മിനി-രാഗിണിമാരുടെ മാതാവ് അംബികയുടെ മാതൃസഹോദരിയായിരുന്നു. തിരുവിതാംകൂര്‍ സഹോദരിമാരുടെ നൃത്തപരിപാടികളും അഭിനയ പാടവവുമൊക്കെയാണ് അംബികയെയും നൃത്തരംഗത്തേക്കും അഭിനയ രംഗത്തേക്കും ആകര്‍ഷിച്ചത്.

വളരെ ചെറുപ്പത്തില്‍ തന്നെ നൃത്തം അഭ്യസിച്ചിരുന്നു. ഗുരു ഗോപിനാഥിന്റെ ശിക്ഷണത്തില്‍ നൃത്തം അഭ്യസിക്കുമ്പോഴാണ് വിശപ്പിന്റെ വിളി എന്ന ചിത്രത്തില്‍ ഒരു നൃത്തരംഗത്ത് പ്രത്യക്ഷപ്പെടാന്‍ അവസരമുണ്ടായത്. നൃത്തരംഗത്ത് നിന്ന് സിനിമയില്‍ എത്തിയതുകൊണ്ട് തന്നെ ഗാനരംഗങ്ങളില്‍ മികച്ച പ്രകടനം നടത്താന്‍ സാധിച്ചു. അന്നൊക്കെ സിനിമകളിലെ നൃത്ത രംഗങ്ങള്‍ക്ക് ഒരു മലയാളി ടച്ച് ഉണ്ടായിരുന്നു. ഇന്ന് പണക്കൊഴുപ്പിന്റെ മേളയാണ് മലയാള സിനിമയിലെ നൃത്ത രംഗങ്ങള്‍. കേരളീയ ശൈലികള്‍ തന്നെ നൃത്തരംഗങ്ങളില്‍ നിന്ന് ഇല്ലാതായെന്നും അവര്‍ വ്യക്തമാക്കി.

1956 ല്‍ പുറത്തിറങ്ങിയ കൂടപ്പിറപ്പ് എന്ന ചിത്രത്തിലൂടെയാണ് അംബിക സുകുമാരന്‍ ഒരു അഭിനേത്രിയായി സിനിമാ രംഗത്തേക്ക് പ്രവേശിക്കുന്നത്. സത്യന്‍, പ്രേംനസീര്‍, മധു തുടങ്ങിയ പ്രമുഖ നടന്‍മാര്‍ക്കൊപ്പം വളരെ പ്രധാനപ്പെട്ട നിരവധി കഥാപാത്രങ്ങളെ അവതരിപ്പിച്ച് ഒരു കാലത്ത് ഇവര്‍ മലയാള സിനിമയില്‍ തിളങ്ങി നിന്നു.
‘എസ് ജാനകി ആദ്യമായി മലയാളത്തില്‍ പാടുന്ന സിനിമയില്‍ താന്‍ അഭിനയിച്ചിട്ടുണ്ട്. അവര്‍ പാടാന്‍ തുടങ്ങുന്ന കാലത്ത് തന്നെ ഈ മേഖലയില്‍ പ്രവര്‍ത്തിക്കാനുള്ള ഭാഗ്യം തനിക്ക് ലഭിച്ചു. അവരുമായി വലിയ ഹൃദയബന്ധമാണ് തനിക്കുണ്ടായിരുന്നത്. അവരെക്കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങില്‍ പങ്കെടുക്കാന്‍ സാധിച്ചത് വലിയ ഭാഗ്യമാണ്’ – അംബിക സുകുമാരന്‍ പറഞ്ഞു.

മുടിയനായ പുത്രന്‍, ഉമ്മിണിത്തങ്ക, കൃഷ്ണകുചേല, കണ്ണും കരളും, വേലുത്തമ്പി ദളവ, ആദ്യ കിരണങ്ങള്‍, സ്‌കൂള്‍ മാസ്റ്റര്‍, ഓമനക്കുട്ടന്‍, കുടുംബിനി, നിത്യകന്യക, ചേട്ടത്തി, കാത്തിരുന്ന നിക്കാഹ്, കടലമ്മ, മൂടുപടം, മൂലധനം, അമ്മയെ കാണാന്‍, കുട്ടിക്കുപ്പായം തുടങ്ങിയ ചിത്രങ്ങളിലെല്ലാം മികച്ച വേഷങ്ങള്‍ അവതരിപ്പിക്കാന്‍ ഇവര്‍ക്ക് ഭാഗ്യമുണ്ടായി. മലയാളത്തിലെ ആദ്യത്തെ മുഴുനീള വര്‍ണ്ണ ചിത്രമായ കണ്ടം ബെച്ച കോട്ടിലും ഇവരായിരുന്നു നായിക. ബാലതാരമായി മലയാളത്തിലെത്തിയ കമല്‍ഹാസന്റെ അമ്മയായി കണ്ണും കരളും എന്ന ചിത്രത്തിലും വേഷമിട്ടു.

സത്യന്റെ നായികയായെത്തിയ കടത്തുകാരന്‍ എന്ന ചിത്രം ചിത്രീകരിച്ചത് കോഴിക്കോട് കുനിയില്‍ കടവിലായിരുന്നു. ജെ ഡി തോട്ടാന്‍ സംവിധാനം ചെയ്ത ചെക്ക് പോസ്റ്റിലാണ് അവസാനം വേഷമിട്ടത്. സിനിമയില്‍ തിളങ്ങി നില്‍ക്കുന്ന സമയത്തായിരുന്നു അമേരിക്കയില്‍ ഉദ്യോഗസ്ഥനായിരുന്ന സുകുമാരനുമായുള്ള വിവാഹം. കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചതോടെ സിനിമാ ജീവിതത്തോട് വിടപറയുകയായിരുന്നു. അമേരിക്കയില്‍ ജീവിക്കുന്നതുകൊണ്ട് തന്നെ മലയാള സിനിമയിലുള്ളവരുമായി വലിയ ബന്ധമൊന്നും ഇല്ലെന്നും അവര്‍ പറഞ്ഞു. പതിവായി മലയാള സിനിമകള്‍ കാണാനും സാധിക്കാറില്ല.
സിനിമയില്‍ നിന്ന് വിട്ടുനിന്നപ്പോഴും നൃത്തത്തെ ഇവര്‍ ഉപേക്ഷിച്ചിരുന്നില്ല. ഡാന്‍സ് സ്‌കൂള്‍ ഉള്‍പ്പെടെ ആരംഭിച്ച് കലാരംഗത്ത് അവര്‍ മുന്നോട്ട് പോയി. പുതിയ തലമുറയ്ക്ക് വലിയ പരിചയമില്ലെങ്കിലും അറുപതുകളിലെ മലയാള സിനിമയില്‍ നിറഞ്ഞു നിന്ന നായികയെ കാണാനായി ഓര്‍മ്മകളെ നെഞ്ചേറ്റുന്ന നിരവധി പേരാണ് പരിപാടിക്ക് എത്തിയിരുന്നത്. അവര്‍ക്കിടയില്‍ ഒരു കാലഘട്ടത്തിന്റെ താരം പുഞ്ചിരിയോടെ നിന്നു.

Related News