Web Desk

September 23, 2021, 4:23 pm

41ാം വയസ്, ഇവൾ തേച്ചുമിനുക്കിയെടുത്തത് ‘അമ്പിളി‘ക്കലപോലൊരു ജീവിതം

Janayugom Online

ഇസ്‌തിരിപ്പെട്ടിയിലെ കനലുകൾക്കൊപ്പം ജീവിതവും തേച്ചുമിനുക്കി ഇരുങ്ങാലക്കുടക്കാരി അമ്പിളി. വിദ്യാഭ്യാസം ഉണ്ടാകുകയില്ലെന്ന് വിധിയെഴുതിയ ജാതകം വലിച്ചു കീറി കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ് ഇരിങ്ങാലക്കുട കാരുകുളങ്ങര മാള്യേക്കപ്പറമ്പിൽ എം വി അമ്പിളി. മറ്റുള്ളവരുടെ വസ്ത്രങ്ങള്‍ തേച്ച്മിനുക്കുന്നതിനിടെ സ്വന്തം വിദ്യാഭ്യാസത്തിന്റെ ചുളിവുകളും തേച്ചുമിനുക്കിയിരിക്കുകയാണ് 41ാം വയസില്‍ അമ്പിളി. എം വി അമ്പിളിയുടെ പേരിന് മുന്നില്‍ ഇനി ഡോക്ടറേറ്റ് കൂടി .

പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ്‌ അമ്പിളിക്ക്‌ അച്ഛൻ വിജയനെ നഷ്‌ട‌പ്പെട്ടത്‌. ഇതോടെയാണ് വിദ്യാഭ്യാസം എന്ന അമ്പിളിയുടെ വലിയ സ്വപ്നം മുടങ്ങിയത്. പിന്നീട് ജീവിതം മുന്നോട്ട് കൊണ്ടുപോകുന്നതിനായി അച്ഛൻ നടത്തിയിരുന്ന ഇസ്‌തിരിക്കടയിലെ തേപ്പുപ്പണി ഏറ്റെടുത്തു. പ്രതീക്ഷയോടെ തുടങ്ങിവച്ച ദാമ്പത്യത്തിലും അവള്‍ പരാജയപ്പെട്ടു. വിദ്യാഭ്യാസത്തിന്റെ കുറവ്, സ്ത്രീധനം നല്‍കാത്തതിലുള്ള പീഢനം എന്നിങ്ങനെ ദുരിതപൂര്‍ണമായി ദാമ്പത്യവും. ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയാത്ത അനുഭവങ്ങള്‍ ഭര്‍ത്താവില്‍ നിന്ന് നേരിട്ടപ്പോള്‍ അമ്പിളി ജീവിതത്തിനോട് ഒട്ടുതന്നെ തോറ്റുകൊടുക്കാൻ മനസില്ലാതെ വീടുവിട്ടിറങ്ങി. തളരാതെ ആരോടും പരാതി പറയാതെ വാശിയോട് ജീവിതം മുന്നോട്ട് കൊണ്ടുപോയി.

ഇസ്തിരിക്കടയിലെ ജോലികള്‍ക്കിടയില്‍ അമ്പിളി വീണ്ടും പഠനം ആരംഭിച്ചു. 2008ല്‍ കാലിക്കറ്റ് സര്‍വകലാശാലയില്‍ ബിരുദ പഠനത്തിനായി ചേര്‍ന്ന അമ്പിളി 2013ല്‍ മലയാളത്തില്‍ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കി. ക്രൈസ്റ്റ് കോളേജില്‍ അധ്യാപികയായും പിന്നീട് സ്വാശ്രയ വിഭാഗത്തില്‍ അധ്യാപികയായും ജോലി ലഭിച്ചു. ക്രൈസ്റ്റ് കോളേജില്‍ മലയാളം വിഭാഗം മേധവിയായിരുന്ന ഡോ. സെബാസ്റ്റിയന്‍ ജോസഫ്, മലയാളം കോ-ഓര്‍ഡിനേറ്റര്‍ ഡോ. സിവി സുധീര്‍ എന്നിവരുടെ പ്രോത്സാഹനം കൂടിയായപ്പോള്‍ 2016ല്‍ ചെറുകഥയില്‍ അമ്പിളി ഗവേഷണ വിദ്യാര്‍ത്ഥിയായി. എന്നാല്‍ വന്നവഴി മറക്കാതെ ഇസ്തിരിയിടുന്ന ജോലി തുടര്‍ന്നുകൊണ്ടേയിരുന്നു.

കോവിഡ്‌ പ്രതിസന്ധികൾ കടന്ന്‌ പ്രബന്ധങ്ങളെല്ലാം സമർപ്പിച്ചു. പിഎച്ച്‌ഡി നൽകാനുള്ള അവസാന നടപടിക്രമങ്ങളുടെ ഭാഗമായി സെപ്‌തംബർ 14ന്‌ നടന്ന തുറന്ന സംവാദത്തിൽ അമ്പിളി ഡോക്‌ടറേറ്റിന്‌ അർഹയാണെന്ന്‌ ചെയർമാനും മലയാളം സർവകലാശാലയിലെ സാഹിത്യ പഠനവിഭാഗം അസോ. പ്രൊഫ. രാധാകൃഷ്‌ണൻ ഇളയേടത്ത് പ്രഖ്യാപിച്ചു.

eng­lish summary;ambili got doc­tor­ate at the age of 41
you may also like this video;