പ്രത്യാശയുടെ അമ്പിളിവെട്ടം

Web Desk
Posted on August 25, 2019, 7:26 am

അശ്വതി

‘ഗപ്പി’ എന്ന സുന്ദര കലാസൃഷ്ടിയൊരുക്കിയ ചലച്ചിത്രകാരന്റെ സിനിമയെന്ന നിലയ്ക്ക് പ്രതീക്ഷാ നിര്‍ഭരമായ കാത്തിരിപ്പിനൊടുവിലാണ് അമ്പിളി കാണാന്‍ പ്രേക്ഷകരെത്തിയത്. ‘ഗപ്പി’ പറഞ്ഞത് അതിജീവനത്തിന്റെയും ചെറുത്തുനില്പിന്റെയും കഥയായിരുന്നുവെങ്കില്‍ ‘അമ്പിളി‘യിലൂടെ ജോണ്‍ പോള്‍ പറയാന്‍ ശ്രമിച്ചത് കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ മാസ്മരിക ശക്തിയെക്കുറിച്ചാണ്.

വേറിട്ട സമീപനം
ജീവിതം പോലെയാണ് എല്ലാ യാത്രകളും. സ്‌നേഹിക്കുന്നവര്‍ ഒപ്പം ഉണ്ടാവുമ്പോഴാണ് യാത്രയായാലും ജീവിതമായാലും അര്‍ത്ഥസമ്പുഷ്ടമാവുന്നത്. ഒരിക്കലും പിന്തിരിഞ്ഞോടരുത്. എപ്പോഴും മുന്നോട്ട്. കൂടുതല്‍ കരുത്തോടെ വീണ്ടും മുന്നോട്ടാണ് യാത്ര ചെയ്യേണ്ടത്. ബാക്കി വേണ്ടതെല്ലാം പിന്നാലെ വരും. വാക്കുകള്‍ക്കിടയില്‍ ഒരുപാട് അര്‍ത്ഥങ്ങള്‍ ഒളിഞ്ഞിരിക്കുന്ന ഏറെ ആഴവും വ്യാപ്തിയുമുള്ള വലിയൊരു സന്ദേശമാണ് അമ്പിളിയിലൂടെ ജോണ്‍ പോള്‍ പറയുന്നത്. ഭൂമിയിലെ ഏറ്റവും ശക്തിയുള്ള മരുന്ന് കളങ്കമില്ലാത്ത സ്‌നേഹമാണെന്ന കാര്യത്തില്‍ തര്‍ക്കമുണ്ടാവില്ല. എത്ര ആഴത്തിലുള്ള മുറിവുണക്കാനും എത്ര സുദൃഢമായ പ്രതിബന്ധങ്ങളെയും ചോക്ലേറ്റ് പോലെ അലിയിച്ച് കളയാനും സ്‌നേഹത്തിന് കഴിയുമെന്ന വിശ്വാസം പ്രേക്ഷക മനസ്സുകളില്‍ ഊട്ടി ഉറപ്പിക്കാന്‍ അമ്പിളിക്ക് കഴിഞ്ഞു.

ബുദ്ധിമാന്ദ്യത്തെ ബൗദ്ധികമായി നേരിട്ട് സൗബിന്‍
ലോക സിനിമയിലും ഇന്ത്യന്‍ സിനിമയിലും പ്രശസ്തരായ പല അഭിനേതാക്കളും ബുദ്ധിക്കുറവിനെ തിരശ്ശീലയില്‍ അവതരിപ്പിച്ച് കയ്യടി നേടിയിട്ടുണ്ട്. എന്നാല്‍ അവയിലൊന്നുമായും താരതമ്യം ചെയ്യാനാവാത്ത വിധം തനിമയോടെയാണ് അമ്പിളിയായി സൗബിന്‍ ഷാഹിര്‍ പകര്‍ന്നാട്ടം നടത്തിയിരിക്കുന്നത്. വിടവ് വീണ പല്ലുകള്‍ കാട്ടി തെളിമയുള്ള നിറഞ്ഞ ചിരിയുമായി സൗബിന്‍ ഷാഹിര്‍ അത്ഭുതപ്പെടുത്തുന്ന അഭിനയ മുഹൂര്‍ത്തങ്ങളാണ് അമ്പിളിയില്‍ രചിക്കുന്നത്. നോട്ടവും വര്‍ത്തമാനവും ശരീര ഭാഷയുമെല്ലാം അസ്വാഭാവികതയില്ലാതെ മാറ്റി പ്രതിഷ്ഠിച്ചുകൊണ്ടാണ് സൗബിന്‍ ലക്ഷ്യം സാക്ഷാത്കരിച്ചത്. ടൈറ്റില്‍ റോളില്‍ സൗബിന് ലഭിച്ച അമൂല്യ സമ്മാനമായി മാറി അമ്പിളി.

വ്യത്യസ്തമായ റോഡ് മൂവി
ചലച്ചിത്ര ലോകത്തെ റോഡ് മൂവി വിഭാഗത്തില്‍ മലയാളിക്ക് അഭിമാനത്തോടെ ചേര്‍ത്ത് വയ്ക്കാന്‍ കഴിയുന്ന ചിത്രമാണ് അമ്പിളി. ഇടുക്കി മലനിരകളുടെ മലയാള സൗന്ദര്യത്തില്‍ തുടങ്ങി സംസ്ഥാനങ്ങള്‍ പിന്നിട്ട് റോഡ് മാര്‍ഗം നടത്തുന്ന സൈക്കിള്‍ സവാരിയിലൂടെയാണ് സംവിധായകന്‍ കഥ പറയുന്നത്. ശരണ്‍ വേലായുധന്‍ നായരുടെ ക്യാമറക്കണ്ണുകള്‍ ഒപ്പിയെടുത്തത് കഥാപാത്രങ്ങളുടെ ശരീര ചലനങ്ങള്‍ മാത്രമല്ല. കരയും കടലും മലയും അരുവിയും മണ്ണും വിണ്ണും കാറ്റും മേഘങ്ങളും മഴയും വെയിലുമെല്ലാം കഥാപാത്രങ്ങളാവുകയായിരുന്നു അമ്പിളിയില്‍. ശരണ്‍ വേലായുധന്റെ ക്യാമറ യഥാര്‍ത്ഥത്തില്‍ സംവദിച്ചത് പ്രകൃതിയോട് തന്നെയായിരുന്നു. പെര്‍ഫോമിങ് ആര്‍ട്‌സില്‍ ബിരുദവും സ്വാതിതിരുനാള്‍ സംഗീത കോളേജില്‍ നിന്ന് വോക്കലും പൂര്‍ത്തിയാക്കിയ ജോണ്‍ പോളിന്റെ സംഗീത ബോധം വ്യക്തമാക്കുന്ന പാട്ടുകളുടെ ഘോഷയാത്ര ചിത്രത്തിന് അകമ്പടിയായുണ്ട ് . സൈക്കിള്‍ ചവിട്ടിയുള്ള റോഡ് യാത്രയുടെ ആവര്‍ത്തന വിരസത ഒഴിവാക്കാന്‍ വിഷ്ണു വിജയിന്റെ സംഗീതത്തിന്റെ ഏറ്റിറക്കങ്ങളും ശരണ്‍ വേലായുധന്റെ ക്യാമറയും ജോണ്‍ പോളിന് കൂട്ടായി.

ഇ4 എന്റെര്‍ടെയിന്‍മെന്റിന്റെയും എ.വി.എ പ്രൊഡക്ഷന്‍സിന്റെയും ബാനറില്‍ മുകേഷ് ആര്‍. മേത്ത, എ.വി അനൂപ്, സി.വി. സാരഥി എന്നിവര്‍ ചേര്‍ന്നാണ് അമ്പിളി എന്ന സുന്ദര ചലച്ചിത്രം യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഗപ്പിയും ഇതേ കൂട്ടായ്മയുടെ സംഭാവനയായിരുന്നു. സിനിമ നിരവധിപേര്‍ക്ക് ഉപജീവനമാര്‍ഗമൊരുക്കുന്ന വ്യവസായമാണെന്ന കാര്യത്തില്‍ തര്‍ക്കമില്ലെങ്കിലും വെറും കച്ചവടമനസ്ഥിതിയ്ക്കപ്പുറം കലാമൂല്യമുള്ള സംരംഭങ്ങള്‍ നിര്‍മ്മിക്കുന്ന ഇത്തരം കൂട്ടായ്മകളുടെ ഉദ്ദേശ്യശുദ്ധിയെ അഭിനന്ദിക്കാതെ വയ്യ.

കെടാത്ത അമ്പിളി വെട്ടം
കളങ്കമില്ലാത്ത സ്‌നേഹം മാത്രമാണ് സത്യം. അതിന്റെ ശക്തി വിവരണാതീതമാണ്. അതുകൊണ്ട് മാത്രമാണ് ഭൂമിയില്‍ മാറ്റങ്ങള്‍ സൃഷ്ടിക്കാനാവുക എന്നുള്ള വലിയൊരു സന്ദേശവും അമ്പിളി പറഞ്ഞുവെക്കുന്നു.

ഹിമാചലില്‍ ആര്‍മി ഉദ്യോഗസ്ഥരായിരുന്ന അച്ഛന്മാര്‍ക്കൊപ്പം പട്ടാള ക്യാമ്പില്‍ കുട്ടിക്കാലം ചെലവിട്ടവരാണ് അമ്പിളിയും ബോബി കുര്യനും ടീന കുര്യനും. സത്യസന്ധരായ അച്ഛന്മാരുടെ മക്കളെന്ന നിലയ്ക്ക് നല്ല മൂല്യങ്ങളില്‍ വിശ്വസിച്ചുകൊണ്ടാണ് അവര്‍ വളരുന്നത്. കുട്ടിയായിരിക്കുമ്പോള്‍ തന്നെ അച്ഛനുമമ്മയും നഷ്ടപെട്ട അമ്പിളിയുടെ ബുദ്ധിപരമായ വളര്‍ച്ചയില്‍ ചില്ലറ കോട്ടങ്ങള്‍ സംഭവിക്കുകയും എല്ലാവരും അവനെ ഒരു തമാശ കഥാപാത്രമായി മാറ്റിനിറുത്തുകയും ചെയ്യുന്നു. പക്ഷെ താന്‍ കൂടി ഉപേക്ഷിച്ചാല്‍ അവന്‍ നശിച്ചുപോകുമെന്ന തിരിച്ചറിവില്‍ മുതിര്‍ന്നിട്ടും ടീന അവനെ ചേര്‍ത്തുപിടിക്കുമ്പോഴാണ് പ്രശ്‌നങ്ങളുടെ തുടക്കം.
അതുമായി ബന്ധപ്പെട്ടുണ്ടാവുന്ന പൊട്ടിത്തെറികള്‍ക്കൊടുവില്‍ നാലഞ്ചു ദിവസം അമ്പിളിയെ കാണാതാവുമ്പോള്‍ ഒരു നാട് മുഴുവന്‍ തേങ്ങലടക്കിയാണ് അവനെ തിരയുന്നത്. അത് അമ്പിളി അവരോട് കാണിച്ച നിഷ്‌കളങ്ക സ്‌നേഹത്തിന്റെ പ്രതിഫലനമാണ്.
ബോബി കുര്യനായി പ്രശസ്ത നടി നസ്രിയയുടെ സഹോദരന്‍ നവീന്‍ നസീം അരങ്ങേറ്റം കുറിച്ചിരിക്കുകയാണ്. ദേശീയ സൈക്ലിങ് ചാമ്പ്യനായി നവീന്‍ മോശമല്ലാത്ത പ്രകടനമാണ് നടത്തിയത്.ടീനയായി തന്‍വി റാം, കുര്യനായി വെട്ടുകിളി പ്രകാശ്, അമ്മച്ചിയായി ശ്രീലത നമ്പൂതിരി എന്നിവരും ഓര്‍മയില്‍ പിന്തുടരുന്ന കഥാപാത്രങ്ങളായി വരുന്നു.