പാലക്കാട്ടെ ആംബുലന്‍സ് അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഷാഫി പതിയെ ജീവിതത്തിലേയ്ക്ക്

Web Desk
Posted on July 10, 2019, 3:53 pm

കൊച്ചി: കഴിഞ്ഞ മാസം 9ന് പാലക്കാട് തണ്ണിശ്ശേരിയില്‍ ആംബുലന്‍സ് മീന്‍ലോറിയില്‍ ഇടിച്ചുണ്ടായ അപകടത്തില്‍ ഗുരുതര പരിക്കുകളോടെ ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവാവ് ജീവിതത്തിലേക്ക് തിരിച്ചുവരുന്നു. വെട്ടിക്കാട്ടിരി ആറ്റൂര്‍ മന്തിയില്‍ വീട്ടില്‍ യൂസഫിന്റെ മകന്‍ മുഹമ്മദ് ഷാഫിയാണ് (13) മരണമുഖത്ത് നിന്നും ജീവിതത്തിലേക്ക് തിരിച്ചുകയറിയത്. നെല്ലിയാമ്പതിയില്‍ കാര്‍ കൊക്കയിലേക്ക് മറിഞ്ഞ് പരിക്കേറ്റ മുഹമ്മദ് ഷാഫി ഉള്‍പ്പെടെ മൂന്ന് പേരെയും ബന്ധുക്കളായ രണ്ട് പേരെയും വഹിച്ച് ആശുപത്രിയിലേക്ക് പോവുകയായിരുന്ന ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ആംബുലന്‍സില്‍ ഉണ്ടായിരുന്ന 8 പേര്‍ മരിച്ചിരുന്നു.

അപകടത്തില്‍ ഷാഫിക്ക് തലയ്ക്കും കരളിനും വൃക്കകള്‍ക്കും ഇടുപ്പെല്ലിനും മാരകമായി പരിക്കേറ്റിരുന്നു. പാലക്കാട്ടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ഷാഫിയെ സ്ഥിതി അതീവഗുരുതരമായതിനെ തുടര്‍ന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ ഷാഫിയെ കരള്‍ ശസ്ത്രക്രിയയ്ക്ക് വിധേയമാക്കി. വൃക്കകള്‍ പ്രവര്‍ത്തനരഹിതമായതിനെ തുടര്‍ന്ന് ഡയാലിസിസിനും വിധേയമാക്കി.

ആശുപത്രിയില്‍ എത്തിച്ചിരുന്ന അവസ്ഥയില്‍ ഷാഫി ജീവിതത്തിലേക്ക് തിരിച്ചുവരുമെന്ന് യാതൊരു പ്രതീക്ഷയുമുണ്ടായിരുന്നില്ലെന്ന് ആസ്റ്റര്‍ മെഡ്‌സിറ്റിയിലെ ഇന്റഗ്രേറ്റഡ് ലിവര്‍ കെയര്‍ കണ്‍സള്‍ട്ടന്റ് ഡോ. മാത്യു ജേക്കബ് പറഞ്ഞു. എന്നാല്‍ ശസ്ത്രക്രിയകള്‍ വിജയകരമാകുകയും മരുന്നുകളോട് രോഗി വേഗം പ്രതികരിക്കുകയും ചെയ്തതിനാലാണ് ജീവിതത്തിലേക്കുള്ള വീണ്ടെടുപ്പ് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു. അപകടത്തെ തുടര്‍ന്നുണ്ടായ മാനസിക ആഘാതത്തില്‍ നിന്നും രോഗി സുഖം പ്രാപിച്ചു വരികയാണ്. ആശുപത്രി വിട്ട ഷാഫിക്ക് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ പൂര്‍ണമായും സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനാകുമെന്നും ഡോ. മാത്യു ജേക്കബ് പറഞ്ഞു.

YOU MAY LIKE THIS VIDEO