കൊല്ലം ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തി

Web Desk
Posted on July 10, 2019, 8:36 am

കൊല്ലം : കൊല്ലം ബൈപ്പാസില്‍ കാറുമായി കൂട്ടിയിടിച്ച് ആംബുലന്‍സ് കത്തിനശിച്ചു. അപകടത്തില്‍ അഞ്ച് പേര്‍ക്ക് പരിക്കേറ്റു .പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.  ഒരാളുടെ നിലഗുരുതരമാണ്.

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലെ ആംബുലന്‍സാണ്  കല്ലുംതാഴത്ത് ബൈപാസും ചെങ്കോട്ടറോഡും സന്ധിക്കുന്നഭാഗത്ത് പരസ്പരം കൂട്ടിയിടിച്ചത്.

ഇന്ന് പുലര്‍ച്ചെ അഞ്ചിനാണ് അപകടം നടന്നത്.  ആംബുലന്‍സില്‍ ചികില്‍സക്കായി കൊല്ലത്തേക്ക് കൊണ്ടുവന്ന കൊട്ടാരക്കര സ്വദശിനി റഹില ബന്ധുക്കള്‍ എന്നിവര്‍ക്കാണ് പരിക്കേറ്റത്. കാറുമായുള്ള കൂട്ടിയിടിയുടെ ആഘാതത്തില്‍ ആംബുലന്‍സ് തലകീഴായി മറിഞ്ഞു. രോഗി അടക്കമുള്ളവരെ നാട്ടുകാര്‍ പുറത്തിറക്കി.

ആംബുലന്‍സിലുണ്ടായിരുന്ന ഓക്‌സിജന്‍ സിലിണ്ടര്‍ പൊട്ടിത്തെറിച്ചതോടെയാണ് വാഹനത്തിന് തീപിടിച്ചത്. പെട്ടന്ന് തന്നെ സ്ഥലത്തെത്തിയ ഫയര്‍ ഫോഴ്‌സ് തീയണയ്ക്കാന്‍ ശ്രമിച്ചെങ്കിലും ആംബുലന്‍സ് പൂര്‍ണമായും കത്തിനശിച്ചു.

ആറുമാസംമുന്പ് ഉദ്ഘാടനം ചെയ്ത ബൈപാസില്‍ സുരക്ഷാമാനദണ്ഢങ്ങള്‍ പരിമിതമാണ്. ഇവിടെ ഇതിനോടകം അറുപത് അപകടങ്ങള്‍  നടന്നിട്ടുണ്ട്.