നന്ദി തമീം, ഒരായിരം നന്ദി

സബിന പത്മന്‍
Posted on November 16, 2017, 9:38 pm

ആംബുലന്‍സ് ഡ്രൈവര്‍ തമീം

കണ്ണൂര്‍: : കുരുന്നിന്റെ ജീവന്‍ കയ്യില്‍ വച്ച് കണ്ണൂര്‍ നിന്നും തിരുവനന്തപുരത്തേക്ക് 514 കിലോമീറ്ററുകള്‍ ഏഴു മണിക്കൂറില്‍ താണ്ടിയ ആംബുലന്‍സ് ഡ്രൈവര്‍ തമീമിന് കേരള ജനതയുടെ നന്ദി പ്രവാഹം.
കാസര്‍ഗോഡ് ബദിയടുക്കയിലെ സിറാജ്-ആയിശ ദമ്പതികളുടെ 31 ദിവസം പ്രായമുള്ള കുഞ്ഞ് ഫാത്വിമ ലൈബയെ പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നിന്നു തിരുവനന്തപുരം ശ്രീ ചിത്തിര തിരുനാള്‍ ആശുപത്രിയിലേക്ക് എത്തിക്കാന്‍ കാസര്‍ഗോഡ് സ്വദേശി തമീം എടുത്തത് ഏഴു മണിക്കൂര്‍. സാധാരണ 14 മണിക്കൂറുകള്‍ വേണ്ടുന്ന യാത്ര.
ആംബുലന്‍സ് അധികൃതര്‍ കുട്ടിയെ തിരുവനന്തപുരത്തെത്തിക്കുന്ന ദൗത്യം ഏറ്റെടുക്കുകയും കണ്ണൂര്‍ ടു എസ് സി ടി എന്ന പേരില്‍ മിഷന്‍ ആരംഭിക്കുകയും ചെയ്തു. ഇതിന്റെ ഭാഗമായി കുഞ്ഞുമായി ആംബുലന്‍സ് അല്‍പം മുമ്പ് തിരിച്ചിട്ടുണ്ടെന്നും കണ്ണൂര്‍ പോലീസ് വാഹനവും ആംബുലന്‍സിന് അകമ്പടി വരുന്നുണ്ടെന്നും ദയവായി ആംബുലന്‍സ് കടന്നുപോകാന്‍ വേണ്ട സഹായങ്ങള്‍ ചെയ്യണമെന്നും സോഷ്യല്‍ മീഡിയയിലൂടെ അഭ്യര്‍ത്ഥനകള്‍ പ്രവഹിക്കെ, വഴിയൊരുക്കാന്‍ എല്ലാ ജില്ലകളിലും സംഘടനകള്‍ രംഗത്ത് വന്നു.
ട്രാഫിക് തടസം ഒഴിവാക്കാന്‍ പോലീസും രംഗത്തിറങ്ങിയതോടെ ആംബുലന്‍സിന് കടന്നുപോകാന്‍ വഴി എളുപ്പമായി. ഒരു മിനുട്ടില്‍ തുടര്‍ച്ചയായി നാലു ലിറ്റര്‍ ഓക്‌സിജന്‍ കുഞ്ഞിന് ആവശ്യമായിരുന്നു. ഐസിയു ആംബുലന്‍സായ സിഎംസിസി ആംബുലന്‍സിലാണ് കുഞ്ഞിനെ തിരുവനന്തപുരത്തെ ആശുപത്രിയിലെത്തിച്ചത്. ആംബുലന്‍സ് കെയര്‍ നല്‍കാനായി കാസര്‍ഗോഡ് ഷിഫാ സഅദിയ്യ ആശുപത്രിയിലെ ഐസിയു നേഴ്‌സിങ്ങ് അസിസ്റ്റന്റ് റിന്റോയെ പ്രത്യേകം വിളിച്ചുവരുത്തുകയും ചെയ്തിരുന്നു.
തടസമില്ലാതെ ആംബുലന്‍സിന് വഴിയൊരുക്കിക്കൊടുത്ത സോഷ്യല്‍ മീഡിയ കൂട്ടായ്മകളുടെയും കേരളാ പോലീസിന്റെയും ആംബുലന്‍സ് ഡ്രൈവേഴ്‌സ് സംഘടനയായ കെഎഡിടിഎ പ്രവര്‍ത്തകരുടെയും ഒത്തൊരുമയോടുള്ള പ്രവര്‍ത്തനം നെഞ്ചിടിപ്പോടെ ഏറ്റെടുക്കുകയും ഒരു രാവ് മുഴുവന്‍ ഉണര്‍ന്നിരുന്ന കേരള ജനത ഇതിന് സാക്ഷികളാവുകയും ചെയ്തത് അഭിമാന നിമിഷങ്ങളായിരുന്നു. ഇത്രയും വേഗത്തില്‍ തിരുവനന്തപുരത്ത് എത്താന്‍ കഴിയുമോ എന്ന ആശങ്ക ഉണ്ടായിരുന്നുവെന്നും ആംബുലന്‍സ് നൂറ് കിലോമീറ്റര്‍ സ്പീഡില്‍ കുറഞ്ഞിട്ടില്ലെന്നും തമീം പറയുന്നു.