ആരോഗ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത ആംബുലന്‍സ് എവിടെപ്പോയെന്നറിയാതെ ഉദ്യോഗസ്ഥരും രോഗികളും

Web Desk
Posted on June 18, 2019, 10:20 pm

കോഴിക്കോട്: കേരള ഹെല്‍ത്ത് റിസര്‍ച്ച് ആന്‍ഡ് വെല്‍ഫയര്‍ സൊസൈറ്റി (കെഎച്ച്ആര്‍ഡബ്ല്യൂഎസ്)യുടെ ആംബുലന്‍സ് എവിടെപ്പോയെന്നറിയാതെ ഉദ്യോഗസ്ഥരും രോഗികളും. ഫെബ്രുവരി 23ന് ആരോഗ്യമന്ത്രി കെ കെ ശൈലജ ഫഌഗ് ഓഫ് ചെയ്ത വാഹനം ഉദ്ഘാടനം കഴിഞ്ഞ ഉടനെ മോഡിഫിക്കേഷന്‍ പൂര്‍ത്തിയാക്കാനുണ്ടെന്നറിയിച്ച് വാഹന ഡീലര്‍മാര്‍ തന്നെ കൊണ്ടുപോയതാണെന്നറിയുന്നു. എന്നാല്‍ നാലുമാസമായിട്ടും ആംബുലന്‍സ് തിരിച്ചെത്തിച്ചിട്ടില്ല. മഹീന്ദ്രയുടെ ബൊലേറോ വാഹമാണ് ആംബുലന്‍സായി രൂപാന്തരപ്പെടുത്തിയത്. വാഹനം ഇപ്പോള്‍ ഡീലറുടെ കൈവശമാണോ അതോ മറ്റേതെങ്കിലും സ്ഥലത്തേയ്ക്ക് കൊണ്ടുപോയിട്ടുണ്ടോ എന്നതിനെക്കുറിച്ചും വിവരമില്ലാത്ത സ്ഥിതിയാണുള്ളത്. സൊസൈറ്റിയുടെ കീഴിലുള്ള കോഴിക്കോട്ടെ എസിആര്‍-സിടി സ്‌കാന്‍ ലാബിലേക്ക് അനുവദിച്ച വാഹനമിപ്പോള്‍ തിരുവനന്തപുരത്തുണ്ടെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
ആംബുലന്‍സിന്റെ ഡ്രൈവറായി കെഎച്ച്ആര്‍ഡബ്ല്യൂഎസ് കണ്ണൂര്‍ റീജിയണല്‍ മാനേജരുടെ ഡ്രൈവറെ കോഴിക്കോട്ടേക്ക് സ്ഥലം മാറ്റിയിരുന്നു. ശമ്പളം കെഎച്ച്ആര്‍ഡബ്ല്യൂഎസ് കൃത്യമായി നല്‍കുന്നുണ്ടെങ്കിലും ആംബുലന്‍സ് ഇല്ലാത്തതിനാല്‍ പണിയെടുക്കാതെ ശമ്പളം വാങ്ങേണ്ട അവസ്ഥയാണ് ഡ്രൈവറുടേതും.