അമേഡിയോ മോഡീഗ്‌ല്യാനി (1884–1920)- ഒരു ബൊഹീമിയന്‍ പാരമ്യത

Web Desk
Posted on June 02, 2019, 9:42 am

സൂര്‍ദാസ് രാമകൃഷ്ണന്‍

”വാര്‍ദ്ധക്യത്തിലേക്ക് നീളാത്ത ഹ്രസ്വവും തീവ്രവുമായ ഒരു ജീവിതമാണ് ഞാന്‍ ആഗ്രഹിക്കുന്നത്” എന്നു പറഞ്ഞത് ഇറ്റാലിയന്‍ ചിത്രകാരനും ശില്‍പിയുമായ അമേഡിയോ മോഡീഗ്‌ല്യാനിയാണ്. ബൊഹീമിയനിസത്തിന്റെ പാരമ്യതയിലേക്ക് സ്വന്തം ജീവിതം തുറന്നുവിട്ട ഈ കലാകാരന്, അദ്ദേഹം ആഗ്രഹിച്ചതുപോലെ തന്നെ കാലം ആയുര്‍ദൈര്‍ഘ്യം കുറച്ചുകൊടുത്തു. മുപ്പത്തിയാറു വര്‍ഷം മാത്രം നീണ്ടുനിന്ന ജീവിതം. പക്ഷേ ഹ്രസ്വമായ ആ ജീവിതകാലം സങ്കീര്‍ണവും വൈവിധ്യമാര്‍ന്നതുമായ അനുഭവങ്ങളുടെ കുഴഞ്ഞുമറിഞ്ഞൊരു നാരകീയ ലോകമായിരുന്നു. വ്യത്യസ്ത ശ്രുതികളില്‍ ചിട്ടപ്പെടുത്തിയ അനേകം തന്ത്രികളുള്ള വിചിത്രമായൊരു സംഗീതോപകരണംപോലെയായിരുന്നു മോഡിഗ്‌ല്യാനിയുടെ ജീവിതം. കലയും കവിതയും ചിത്തഭ്രമവും ക്ഷയരോഗവും കാമാവേശവും മദ്യവും മയക്കുമരുന്നും തോന്നിയപോലെ പകുത്തെടുത്ത ആയുസ്സ്. അദ്ദേഹം ഒന്നിനേയും നിയന്ത്രിച്ചില്ല, ഭയന്നില്ല. ഒരു ഉന്മാദിയുടെ അബോധാത്മകമായ സ്വാതന്ത്ര്യവാഞ്ഛയോടെ എല്ലാറ്റിനേയും ഉള്‍ക്കൊണ്ടു. നന്മതിന്മകളുടെ അതിരുകള്‍ മായ്ച്ചുകൊണ്ട് ജീവിതത്തെ തന്നെ ക്രമരാഹിത്യത്തിന്റെ അസംബന്ധ കലയാക്കി മാറ്റി ഈ ബൊഹീമിയന്‍.


ഇറ്റലിയിലെ ലെഗ്‌ഹോണില്‍ 1884ലാണ് മോഡീഗ്‌ല്യാനി ജനിച്ചത്. ബാല്യത്തിലേതന്നെ ചിത്രകലയില്‍ താല്‍പര്യം പ്രകടിപ്പിച്ചിരുന്ന മോഡി(അദ്ദേഹത്തിന് ഏറ്റവും അടുപ്പമുള്ളവരൊക്കെ ‘മോഡി’ എന്നാണ് വിളിച്ചിരുന്നത്) കണ്ടു വളര്‍ന്നത് ഇറ്റാലിയന്‍ നവോത്ഥാന ചിത്രകാരന്മാരുടെ മഹത്തായ കലാസൃഷ്ടികളായിരുന്നു. അത് മോഡിയില്‍ മറഞ്ഞുകിടന്ന കലാവാസനയെ ഉണര്‍ത്തി. ചിത്രകല പഠിക്കാനുള്ള തീവ്രമായ ആഗ്രഹത്താല്‍ ആ മനസ്സ് അസ്വസ്ഥമായി. പതിനാലാം വയസ്സിലാണ് അതിനൊരു വഴി തുറന്നുകിട്ടിയത്. ഇറ്റലിയില്‍ തന്നെ അത്ര പ്രസിദ്ധനൊന്നുമല്ലാതിരുന്ന മിഖേലി എന്നൊരു ചിത്രകാരനില്‍ നിന്ന് മോഡി ചിത്രകലയുടെ ആദ്യ പാഠങ്ങള്‍ സ്വായത്തമാക്കി. തനിക്കേറ്റവും പ്രിയപ്പെട്ട കലയുടെ വിശാലമായ ലോകത്തിലേക്ക് ചുവടുവച്ച ആ പ്രായത്തില്‍ തന്നെയാണ് ശ്വാസകോശ സംബന്ധമായ അസ്വസ്ഥതകള്‍ മോഡിയെ പിടികൂടിയത്. അത്, പില്‍ക്കാലത്ത് അദ്ദേഹത്തിന്റെ ജീവന്‍ കവര്‍ന്നെടുത്ത ക്ഷയരോഗത്തിന്റെ വിത്തുപാകലായിരുന്നു. രോഗത്താല്‍ ക്ഷീണിതനായി മാറിക്കൊണ്ടിരുന്ന മോഡിയെ ചികിത്സകന്റെ നിര്‍ദ്ദേശപ്രകാരം തെക്കന്‍ ഇറ്റലിയിലെ സുഖകരമായ കാലാവസ്ഥയുള്ള ഒരു പ്രദേശത്തേക്ക് കൊണ്ടുപോയി. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭവര്‍ഷങ്ങളിലൊന്നിലായിരുന്നു അത്. ആ യാത്ര റോമിലേക്കും വെനീസിലേക്കും നീണ്ടു. അവിടെയെല്ലാം മോഡി കണ്ടത് മഹത്തായ ഇറ്റാലിയന്‍ ചിത്ര‑ശില്‍പ്പകലാ പാരമ്പര്യത്തിന്റെ അനശ്വര കലാസൃഷ്ടികളായിരുന്നു. ശരീരത്തിന്റെ അവശതയെ വിസ്മരിപ്പിക്കുന്ന ആവേശകരമായ അനുഭവ പാഠങ്ങളായിരുന്നു മോഡിക്ക് ആ കാഴ്ചകളെല്ലാം. ജീവിതാന്ത്യംവരെയും അദ്ദേഹം മാസ്മരികമായ അനുഭൂതിയായി അത് മനസ്സില്‍ സൂക്ഷിക്കുകയും ചെയ്തു.


1906ല്‍ മോഡി പാരീസിലെത്തുമ്പോള്‍, പുതുതായി കടന്നുവരുന്ന യുവചിത്രകാരന്മാരെ ഭ്രാന്തമായി ആവേശിക്കുന്ന പരീക്ഷണങ്ങളുടെയും സര്‍ഗാത്മക കലാപങ്ങളുടെയും സദാ ഉണര്‍ന്നിരിക്കുന്ന ഒരു ലോകമായി മാറിക്കഴിഞ്ഞിരുന്നു അവിടം. മോഡിക്കപ്പോള്‍ പ്രായം ഇരുപത്തിരണ്ട്. പാരീസില്‍, ആ യുവാവിനെ ആദ്യം ആകര്‍ഷിച്ചത് ഫ്രഞ്ച് ചിത്രകാരനായ ഹെന്‍ട്രി റ്റുലൂസ് ലോട്രിക്കിന്റെ ചാത്രങ്ങളായിരുന്നു. അപകടത്തില്‍പ്പെട്ട് ഇരുകാലുകളും തകര്‍ന്ന് നടക്കാന്‍ പറ്റാത്ത അവസ്ഥയില്‍ കഴിഞ്ഞിരുന്ന ലോട്രിക്കിന്റെ ചിത്രങ്ങള്‍ക്ക് ശക്തമായൊരു ആക്ഷേപഹാസ്യ സ്വഭാവം ഉണ്ടായിരുന്നു. അദ്ദേഹത്തിന്റെ വരകളിലെയും വര്‍ണവിന്യാസങ്ങളിലെയും അസാധാരണത്വം മോഡിയെ ആഴത്തില്‍ സ്വാധീനിച്ചു. പ്രത്യേകിച്ചും ലോട്രിക്കിന്റെ കാരിക്കേച്ചര്‍ രചനകളിലെ വരയുടെ വിസ്മയിപ്പിക്കുന്ന സ്വാതന്ത്ര്യം, മോഡിയുടെ മനുഷ്യ രൂപഘടനയില്‍ പില്‍ക്കാലത്തുണ്ടായ അസാധാരണമായ നീട്ടലുകളില്‍ മറഞ്ഞിരിക്കുന്നതായി കാണാം. പാരീസില്‍ മോഡിയെ സ്വാധീനിച്ച മറ്റൊരാള്‍ മോഡേണ്‍ ആര്‍ട്ടിന്റെ പ്രാരംഭകനായി വിശേഷിപ്പിക്കപ്പെടുന്ന പോള്‍ സെസാനാണ്.നിറങ്ങളുടെ വിന്യസത്തില്‍ പാരമ്പര്യത്തെ പൂര്‍ണമായും നിഷേധിച്ച സെസാന്റെ ശൈലിയും അന്ന് പാരീസിലെ ചിത്രകലാലോകത്ത് കത്തിനിന്നിരുന്ന നിയോ ഇംപ്രഷണിസ്റ്റിക് സങ്കേതവും മോഡിക്ക് പ്രിയപ്പെട്ടതായി മാറി. എങ്കിലും വെറുമൊരു അനുകര്‍ത്താവിന്റെ മനോഭാവത്തിലേക്ക് പോകാന്‍ ആ കലാകാരന് കഴിയുമായിരുന്നില്ല. പകര്‍ന്നു കിട്ടിയതെല്ലാം സാംശീകരിച്ചുകൊണ്ട് സ്വതന്ത്രമായൊരു ആവിഷ്‌കാരശൈലിക്കായി മോഡി പരിശ്രമിച്ചുകൊണ്ടേയിരുന്നു. അങ്ങനെയിരിക്കെയാണ് കോണ്‍സ്റ്റാന്റിന്‍ ബ്രാന്‍കുസി എന്ന ശില്‍പിയുമായി മോഡി പരിചയപ്പെച്ചത്, ബ്രാന്‍കുസി, ആഫ്രിക്കന്‍ ശില്‍പ്പകല പഠിക്കാന്‍ മോഡിയെ പ്രേരിപ്പിച്ചു. അത് മോഡിയുടെ ശൈലീസങ്കല്‍പ്പത്തില്‍ വലിയ സ്വാധീനം ചെലുത്തി. 1912ല്‍ ആഫ്രിക്കന്‍ ശില്‍പ്പ കലാശൈലിയില്‍ മോഡി ശ്രദ്ധേയമായ ശിലാശില്‍പ്പങ്ങള്‍ തീര്‍ത്തു. ആഫ്രിക്കന്‍ ശില്‍പ്പശൈലിയാണ് അദ്ദേഹം തന്റെ ചിത്രങ്ങളിലെ മനുഷ്യരൂപങ്ങളുടെ വരയിലേക്ക് പകര്‍ത്തിയത്. അസാധാരണ വലിപ്പമുള്ള കഴുത്തും അന്ധത ബാധിച്ചതുപോലെ തോന്നിപ്പിക്കുന്ന കണ്ണുകളും, നീണ്ട ശരീരവും ഒഴുക്കന്‍ സ്വഭാവമുള്ള അവയവങ്ങളും എല്ലാം ചേര്‍ന്ന് മനുഷ്യശരീരത്തിന്റെ സ്വഭാവഘടനയെ മോഡി പൂര്‍ണമായും ഉടച്ചുവാര്‍ത്തു, തന്റെ ചിത്രങ്ങളില്‍. ഛായാചിത്ര രചനയില്‍പോലും അദ്ദേഹം ധൈര്യപൂര്‍വ്വം ഈ ശൈലി അവലംബിച്ചു. ”അഞ്ചുവയസ്സുള്ള കുട്ടി വരയ്ക്കുംപോലെ വികൃതമായ മനുഷ്യരൂപങ്ങള്‍” എന്ന് യാഥാസ്ഥിതിക കലാനിരൂപകര്‍ ആക്ഷേപിച്ചപ്പോഴും വരയിലെ ഈ അസാധാരണത്വത്തിന് ഒരുപാട് ആരാധകര്‍ ഉണ്ടായിക്കൊണ്ടിരുന്നു.


ഇങ്ങനെ വിമര്‍ശനങ്ങളാലും ആരാധനയാലും വലയം ചെയ്യപ്പെട്ട്, മോണ്‍ഡ്മാര്‍ട്ടറിലും മോണ്‍ഡ്‌വാര്‍ണസിലും മോഡി വരജീവിതം നയിച്ചു. അപ്പോഴേക്കും പതിനാലാം വയസ്സില്‍ തുടങ്ങിയ ശ്വാസകോശത്തിലെ അസ്വാസ്ഥ്യം കടുത്ത ക്ഷയരോഗമായി വളര്‍ന്നുകഴിഞ്ഞിരുന്നു. മോഡിയാകട്ടെ രോഗത്തിന്റെ രൂക്ഷതയെ വകവച്ചതേയില്ല. ഒരുതരം ചിത്തഭ്രമത്തിന്റെ തലത്തിലൂടെ കടന്നുപോകുകയായിരുന്നു അദ്ദേഹത്തിന്റെ ജീവിതമപ്പോള്‍. അമിതമായി മദ്യപിച്ചു, ഹാഷിഷ് ഉള്‍പ്പെടെ പലതരം മയക്കുമരുന്നുകള്‍ ഭ്രാന്തമായി ഉപയോഗിച്ചു, ഒരു ഭ്രാന്തനെപ്പോലെ അലഞ്ഞു നടന്നു. മദ്യലഹരിയില്‍ തോന്നിയിടത്തു കിടന്നുറങ്ങി. ചിലപ്പോള്‍ സുഹൃത്തിന്റെ വീട്ടില്‍. മിക്കപ്പോഴും തെരുവോരത്ത്. ഒരു നേരത്തെ ആഹാരത്തിനായി പെയിന്റിംഗുകള്‍ നിസാരവിലയ്ക്ക് വിറ്റു. മദ്യശാലകളില്‍ കറന്‍സിനോട്ടുകള്‍ പോലെയാണ് ഒരു പെഗ് മദ്യത്തിനായി മോഡി തന്റെ ചിത്രങ്ങള്‍ ഇട്ടുകൊടുത്തത്. തികച്ചും ചിത്രഭ്രമത്തിലായിരുന്ന അദ്ദേഹത്തെ അപ്പോഴും ആരാധകര്‍ കൈവെടിഞ്ഞില്ല. നിര്‍ദ്ധനനായി അലയുമ്പേഴും ആരാധകരുടെ മുമ്പില്‍ അദ്ദേഹം കൈനീട്ടിയില്ല. ആരുടേയും സംരക്ഷത്തില്‍ കഴിയാന്‍ ഇഷ്ടപ്പെട്ടില്ല. ദാന്തെയുടെ ‘ഡിവൈന്‍ കോമഡി‘യിലെ വരികള്‍ ഗംഭീരമായി ചൊല്ലിക്കൊണ്ട് അദ്ദേഹം തന്റെ നിലകെട്ട ജീവിതത്തെ അതിന്റെ വഴിക്കുവിട്ടു.
ആരാധകരുടെ പ്രശംസാവചനങ്ങളും സഹായവാഗ്ദാനങ്ങളും മോഡി ഇഷ്ടപ്പെട്ടിരുന്നില്ല. അവയൊക്കെ തന്റെ ചിത്രങ്ങളെയും തന്നിലെ ചിത്രകാരനെയും അപമാനിക്കുന്നതുപോലെയാണ് ആ ഉന്മാദിക്ക് തോന്നിയിരുന്നത്. ഒരിക്കല്‍ ഒരു കഫേയില്‍ വച്ച് പരിചയപ്പെട്ട വിനോദസഞ്ചാരിയായ ഒരു അമേരിക്കന്‍ പെണ്‍കുട്ടിയുടെ ഛായാചിത്രം മോഡി വരച്ചു. ചിത്രം കണ്ട് ആരാധനമൂത്ത പെണ്‍കുട്ടി, ചിത്രത്തില്‍ താങ്കളുടെ കൈയൊപ്പുകൂടി ചാര്‍ത്തിയാല്‍ ഗംഭീരമായിരിക്കും എന്നഭിപ്രായപ്പെട്ടു. കേള്‍ക്കേണ്ട താമസം, മോഡി ചിത്രം തിരികെ വാങ്ങി. അതിനു കുറുകെ ചിത്രം വികൃതമാകും വിധം വലിപ്പത്തില്‍ തന്റെ ഒപ്പ് കോറിയിട്ട് തിരികെ എറിഞ്ഞുകൊടുത്തു. കോപാകുലനായികഫേയില്‍ നിന്ന് ഇറങ്ങിപ്പോവുകയും ചെയ്തു. മറ്റൊരിക്കല്‍ ഒരു ചിത്രകലാവ്യാപാരി മോഡിയുടെ ഒരുകൂട്ടം ചിത്രങ്ങളുടെ വില്‍പ്പന ഏറ്റെടുത്തു. പക്ഷേ, ചിത്രങ്ങള്‍ക്ക് മോഡി നല്‍കിയിരിക്കുന്ന വിലവിവരങ്ങള്‍ അയാള്‍ക്ക് ബോധിച്ചില്ല. അയാള്‍ വിലപേശാന്‍ തുടങ്ങി. പെട്ടെന്ന് ഭൂതാവിഷ്ടനെപോലെ മോഡി ചിത്രങ്ങളെല്ലാം ചേര്‍ത്തുവച്ച് അവയുടെ മധ്യത്തില്‍ തുളയുണ്ടാക്കി ഒരു ചരടുകൊണ്ട് കൂട്ടിക്കെട്ടി, ടോയ്‌ലറ്റില്‍ തൂക്കിയിടുകയാണുണ്ടായത്. ചിത്തഭ്രമത്തിന്റെ തലത്തില്‍ നില്‍ക്കുന്ന ഇത്തരം വിചിത്രമായ പെരുമാറ്റ രീതികള്‍ ഉണ്ടായിരുന്ന മോഡിക്ക് സ്ത്രീ എന്നും ഒടുങ്ങാത്ത അഭിനിവേശമായിരുന്നു.
ഒരുപാട് സ്ത്രീകളുമായി മോഡിക്ക് ബന്ധമുണ്ടായിരുന്നു. അവരെയൊക്കെയും മോഡലുകളാക്കി നഗ്നചിത്രങ്ങള്‍ അദ്ദേഹം വരച്ചുകൂട്ടി. ഈ ആവേശം ഒടുവില്‍ ചെന്നു നിന്നത് ജേന്‍ ഹെബര്‍ട്ടണ്‍ എന്ന സ്ത്രീയിലാണ്. അവര്‍ മോഡിക്ക് ഏറ്റവും പ്രിയപ്പെട്ട മോഡലായി. പിന്നെ ജീവിതപങ്കാളിയായി. അവര്‍ക്ക് ഒരു പെണ്‍കുട്ടിയുണ്ടായി. 1920 ജനുവരി 24ന് ക്ഷയരോഗത്തിന്റെ വികൃതമായ കരങ്ങളില്‍ മോഡിയുടെ ജീവിതം ഒടുങ്ങി. ഭര്‍ത്താവിന്റെ മൃതശരീത്തിനുമേല്‍ വീണ് ജേന്‍ ആര്‍ത്തലച്ചു കറഞ്ഞു. അത്രയ്ക്ക് പ്രണയമായിരുന്നു ജേനിന് ആ ബൊഹീമിയന്‍ ജീവിതത്തോട്. മോഡിയുടെ വേര്‍പാട് സൃഷ്ടിച്ച ഏകാന്തത സഹിക്കാനാവാതെ ജനുവരി 26ന് ഗര്‍ഭിണിയായ ജേന്‍, തന്റെ കുടുംബക്കാര്‍ വസിച്ചിരുന്ന കെട്ടിടത്തിന്റെ അഞ്ചാം നിലയില്‍ നിന്നും താഴേക്ക് ചാടി ജീവിതം തകര്‍ത്തുകളയുകയായിരുന്നു.
”പ്രശസ്തിയുടെ ഔന്നത്യത്തില്‍ വച്ച് മരണം അപഹരിച്ച ജീവിതം” എന്ന് മോഡിഗ് ല്യാനിയുടെ കല്ലറയിലെ ശിലാഫലകത്തില്‍ കൊത്തിവച്ചിരിക്കുന്നു. ജേനിന്റെ മൃതശരീരം അവരുടെ ബന്ധുക്കള്‍ മോഡിയുടെ കല്ലറയ്ക്കരികിലല്ല അടക്കം ചെയ്തത്. പാരീസിന്റെ പ്രാന്തപ്രദേശത്തുള്ള മറ്റൊരു സെമിത്തേരിയിലായിരുന്നു. പിന്നീട് മോഡിയുടെ സഹോദരന്റെ നിരന്തരമായ അഭ്യര്‍ത്ഥനപ്രകാരം ഭൗതികാവശിഷ്ടം 1930ല്‍ മോഡിയുടെ കല്ലറയ്ക്കു സമീപം അടക്കം ചെയ്തു. ജേനിന്റെ ഫലകത്തില്‍ ഇങ്ങനെ രേഖപ്പെടുത്തി; ”മഹത്തായ ജീവിതബലിക്ക് സമര്‍പ്പിക്കപ്പെട്ട സഹജീവിതം.”

gilani