Thursday
23 May 2019

ദളിത്, ആദിവാസി പീഡനനിരോധന ഭേദഗതി ബില്‍: മറ്റൊരു ബിജെപി തെരഞ്ഞെടുപ്പു ജുംല

By: Web Desk | Thursday 2 August 2018 10:38 PM IST


dalit janayugom

പട്ടികജാതി, പട്ടികവര്‍ഗ (പീഡന നിരോധനിയമം) 1989 ലെ മൂലവ്യവസ്ഥകള്‍ പുനഃസ്ഥാപിക്കാന്‍ കേന്ദ്ര മന്ത്രിസഭ നിയമനിര്‍മാണം നടത്തുന്നു. ഇക്കഴിഞ്ഞ മാര്‍ച്ച് 20ന് സുപ്രിം കോടതി അസാധുവാക്കിയ വ്യവസ്ഥകള്‍ പുനഃസ്ഥാപിക്കുകയാണ് നിയമനിര്‍മാണത്തിന്റെ പ്രഖ്യാപിത ലക്ഷ്യം. കേന്ദ്രമന്ത്രിസഭയുടെ തീരുമാനം ഭക്ഷ്യമന്ത്രിയും ലോക് ജനശക്തി പാര്‍ട്ടി നേതാവുമായ രാംവിലാസ് പസ്വാനാണ് പുറത്തുവിട്ടത്. നിര്‍ദ്ദിഷ്ട നിയമനിര്‍മാണത്തിന്റെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ നിയമമന്ത്രി രവിശങ്കര്‍ പ്രസാദ് വിസമ്മതിക്കുകയായിരുന്നു. മന്ത്രിസഭാ തീരുമാനം ആദ്യം അറിയിക്കേണ്ടത് പാര്‍ലമെന്റിനെയാണെന്ന നടപടിക്രമത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അത്. പഴയ നിയമത്തിന്റെ 18-ാം അനുഛേദത്തില്‍ മൂന്നു വ്യവസ്ഥകള്‍ ഉള്‍ക്കൊള്ളുന്നതായിരിക്കും ഭേദഗതി ബില്‍ എന്നാണ് ഇതിനകം പുറത്തുവന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നത്. പീഡനക്കേസുകളില്‍ പ്രഥമവിവര റിപ്പോര്‍ട്ട് സമര്‍പ്പിക്കുന്നതിന് പ്രാഥമിക അന്വേഷണം ആവശ്യമില്ലെന്ന് വ്യവസ്ഥ ചെയ്യുന്നതാണ് അവയില്‍ ഒന്ന്. കുറ്റാരോപിതനെ അറസ്റ്റ് ചെയ്യുന്നതിന് മുന്‍കൂര്‍ അനുമതി ആവശ്യമില്ലെന്നാണ് മറ്റൊരു വ്യവസ്ഥ. ഈ നിയമത്തിന്റെ വ്യവസ്ഥകള്‍ അനുസരിച്ച് ക്രിമിനല്‍ നടപടിക്രമം 438-ാം അനുഛേദപ്രകാരമുള്ള മുന്‍കൂര്‍ ജാമ്യവ്യവസ്ഥകള്‍ ബാധകമല്ലെന്നും ഭേദഗതി ബില്‍ വ്യവസ്ഥ ചെയ്യുന്നു. ഇക്കാര്യങ്ങളില്‍ ഏതെങ്കിലും കോടതി വിധികളോ ഉത്തരവുകളോ ബാധകമല്ലെന്നും ഭേദഗതി വ്യക്തമാക്കുന്നു. മാര്‍ച്ച് 20 ന്റെ സുപ്രിം കോടതി രണ്ടംഗ ബെഞ്ചിന്റെ വിധിക്കെതിരെ രാജ്യത്താകെ ഉയര്‍ന്നുവന്ന പ്രതിഷേധത്തിന്റെയും ദളിത് സംഘടനകള്‍ ഓഗസ്റ്റ് ഒന്‍പതിന് ആഹ്വാനം ചെയ്തിരിക്കുന്ന ‘ഭാരത് ബന്ദി’ന്റെയും പശ്ചാത്തലത്തിലാണ് നരേന്ദ്രമോഡി സര്‍ക്കാര്‍ ഭേദഗതി ബില്‍ തിടുക്കത്തില്‍ കൊണ്ടുവരാന്‍ നിര്‍ബന്ധിതമായത്. സുപ്രിം കോടതി വിധിയെ മറികടക്കാന്‍ ഓര്‍ഡിനന്‍സോ നിയമനിര്‍മാണമോ നടത്തുന്നില്ലെങ്കില്‍ തന്റെ പാര്‍ട്ടി മുന്നണി വിടുമെന്ന രാം വിലാസ് പസ്വാന്റെ ഭീഷണിയും മോഡിസര്‍ക്കാരിനെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു. 2019 പൊതുതെരഞ്ഞെടുപ്പില്‍ 25 ശതമാനത്തിലധികം വരുന്ന ദളിത് ആദിവാസി ജനവിഭാഗങ്ങളെ ഇനിയും ഏറെ അകറ്റാനാവില്ലെന്ന രാഷ്ട്രീയ യാഥാര്‍ഥ്യവും ഭേദഗതി ബില്ലിന്റെ പിന്നിലുണ്ട്.
നിയമത്തിന്റെ അഭാവത്തെക്കാളേറെ നിയമങ്ങള്‍ നടപ്പാക്കുന്നതിനുളള ആത്മാര്‍ഥതാ രാഹിത്യമാണ് ഇന്ത്യ അഭിമുഖീകരിക്കുന്ന പല പ്രശ്‌നങ്ങളുടെയും അടിസ്ഥാന കാരണം. നൂറ്റാണ്ടുകളായി കടുത്ത ജാതി വിവേചനത്തിന്റെയും സാമൂഹ്യ അസ്പര്‍ശ്യതയുടെയും സാമ്പത്തിക അനീതികളുടെയും ഇരകളാണ് ഇന്ത്യയിലെ ദളിത്, ആദിവാസി ജനവിഭാഗങ്ങള്‍. അവരുടെ സംരക്ഷണയ്ക്ക് അതീവ പ്രാധാന്യം നല്‍കിയിരുന്ന ഒരു നിയമത്തിന്റെ പല്ലുകൊഴിച്ച വിധിയായിരുന്നു സുപ്രിം കോടതിയുടേത്. അത്തരം പ്രതിലോമകരമായ വിധിപ്രസ്താവത്തില്‍ പങ്കാളിയായ ജഡ്ജ് എ കെ ഗോയലിനെ അദ്ദേഹം വിരമിച്ച് ദിവസങ്ങള്‍ക്കുള്ളില്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ അധ്യക്ഷനായി നിയമിച്ച നരേന്ദ്രമോഡി സര്‍ക്കാര്‍ ആര്‍ക്കൊപ്പമാണ് നിലകൊള്ളുന്നതെന്നകാര്യത്തില്‍ ആര്‍ക്കും സംശയം ഉണ്ടാകേണ്ടതില്ല. ദളിതരുടെയും ആദിവാസികളുടെയും അവകാശങ്ങളെക്കാളും അവരുടെ സംരക്ഷണയെക്കാളും തങ്ങള്‍ വിലമതിക്കുന്നത് സവര്‍ണമേധാവിത്വ താല്‍പര്യങ്ങള്‍ക്കാണെന്ന പ്രഖ്യാപനമായി മാത്രമേ ആ നിയമനത്തെ നോക്കിക്കാണാനാവൂ. അതുകൊണ്ടുതന്നെ പുതിയ ഭേദഗതി ബില്ല് പാസാക്കിയെടുത്താലും അത് ദളിത്, ആദിവാസി ജീവിതങ്ങള്‍ക്ക് എന്ത് സുരക്ഷിതത്വവും പ്രതീക്ഷയുമാണ് നല്‍കുക എന്നത് സംശയകരമാണ്. കഴിഞ്ഞ നാലുവര്‍ഷക്കാലത്തെ നരേന്ദ്രമോഡി ഭരണം ദളിതരുടെയും ആദിവാസികളുടെയും മതന്യൂനപക്ഷങ്ങളുടെയും ജീവിതത്തെ സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും ദുഷ്‌കരവും അരക്ഷിതവുമാക്കിയ കാലഘട്ടത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്. ദളിതര്‍ക്കും ആദിവാസികള്‍ക്കും എതിരെ ഈ കാലഘട്ടത്തില്‍ നടന്ന മനുഷ്യത്വരഹിതമായ അതിക്രമങ്ങളെ ഒന്നിനെപ്പോലും പരസ്യമായി അപലപിക്കാന്‍ പ്രധാനമന്ത്രി തയാറായിട്ടില്ല. അത്തരം സംഭവങ്ങളെ ന്യായീകരിക്കുന്ന സ്വന്തം മന്ത്രിസഭാംഗങ്ങളെയോ സംഘ്പരിവാര്‍ നേതാക്കളെയോ ഹിന്ദുത്വ തെരുവു പോരാളികളെയോ നിയന്ത്രിക്കാനും നിലയ്ക്ക്‌നിര്‍ത്താനും മോഡി തയാറാവുന്നില്ലെന്നത് നല്‍കുന്ന സന്ദേശം വ്യക്തമാണ്.
നരേന്ദ്രമോഡി സര്‍ക്കാര്‍ കൊണ്ടുവരുന്ന ദളിത്, ആദിവാസി പീഡന നിരോധന ഭേദഗതി ബില്‍ പാര്‍ലമെന്റ് പാസാക്കുമെന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ല. ഒരു ഭേദഗതി നിയമം പാസാക്കുക എന്നതിനപ്പുറം അത് ഏതുതരത്തില്‍ ആ ജനവിഭാഗങ്ങള്‍ക്ക് ആശ്വാസവും ആത്മവിശ്വാസവും സുരക്ഷിതത്വവും ഉറപ്പു നല്‍കും എന്നതാണ് ചോദ്യം. ആര്‍എസ്എസിനാല്‍ നിയന്ത്രിക്കപ്പെടുന്ന ബിജെപിയുടെയും സംഘ്പരിവാറിന്റെയും പ്രത്യയശാസ്ത്രവും രാഷ്ട്രീയവും ജാതിവ്യവസ്ഥയില്‍ അധിഷ്ഠിതമായ വരേണ്യ വര്‍ഗീയതയാണ്. അത് ഉപേക്ഷിക്കാനോ ഹിന്ദുത്വ ഫാസിസ്റ്റ് പ്രതിലോമതയോട് വിടപറയാനോ അവര്‍ക്ക് ആവുമെന്ന് കരുതുന്നത് തികഞ്ഞ മൗഢ്യമാണ്. അതിനെ മറികടക്കാന്‍ അതിനെ ആശയപരമായും രാഷ്ട്രീയവുമായി പരാജയപ്പെടുത്തുകയേ മാര്‍ഗമുള്ളൂ. അല്ലാതെ നടത്തുന്ന ഏത് നിയമനിര്‍മാണവും ബിജെപിയുടെ മറ്റൊരു തെരഞ്ഞെടുപ്പു ‘ജുംല’ മാത്രമായിരിക്കും.