9 December 2024, Monday
KSFE Galaxy Chits Banner 2

വന്യജീവി സംരക്ഷണ നിയമ ഭേദഗതി അനിവാര്യം

സജി ജോൺ
November 9, 2024 4:45 am

ആഗോളതലത്തിൽ രാജ്യത്തിന്റെ യശസുയർത്തിയ നിയമ നിർമ്മാണമായിരുന്നു, 1972 സെപ്റ്റംബർ ഒമ്പതിന് ഇന്ത്യ നടപ്പിലാക്കിയ വന്യജീവി സംരക്ഷണ നിയമം. വൈവിധ്യമാർന്ന വന്യജീവികളെയും വന്യജീവി മേഖലകളിലെ സസ്യസമ്പത്തിനെയും സംരക്ഷിക്കുന്നതിനും പരിപാലിക്കുന്നതിനുമുള്ള ശക്തമായ ഒരു ചട്ടക്കൂടായി ഇത് നിലനിൽക്കുന്നു. വന്യജീവികളുടെ വേട്ടയാടലിന് നിരോധനം, വന്യജീവി മേഖലകളുടെയും പക്ഷിമൃഗാദികളുടെയും സസ്യവൈവിധ്യങ്ങളുടെയും പരിപാലനം, ദേശീയ ഉദ്യാനങ്ങളും വന്യജീവി സങ്കേതങ്ങളും ഉൾപ്പെടെയുള്ള സംരക്ഷിത മേഖലകളുടെ സ്ഥാപനം, അനധികൃത വന്യജീവി കച്ചവടത്തിന് നിയന്ത്രണം തുടങ്ങിയവയാണ് നിയമത്തിലൂടെ രാജ്യം ഉറപ്പാക്കിയത്. 

ദേശീയ- സംസ്ഥാന വൈൽഡ് ലൈഫ് ബോർഡുകൾ, സെൻട്രൽ സൂ അതോറിട്ടി, നാഷണൽ ടൈഗർ കൺസർവേഷൻ അതോറിട്ടി തുടങ്ങിയവയുടെ രൂപീകരണത്തിന് വഴിയൊരുക്കുകയും; അതുവഴി രാജ്യത്തെ വന്യജീവി സംരക്ഷണപ്രവർത്തനങ്ങൾ ശക്തിപ്പെടുകയും ചെയ്തു. മാത്രവുമല്ല, 1976ലെ ഭേദഗതിയിലൂടെ, വന്യജീവികളെയും പരിസ്ഥിതിയെയും സംരക്ഷിക്കുന്ന വ്യവസ്ഥകൾ ഭരണഘടനയിൽ ഉൾപ്പെടുത്തിയ ലോകത്തെ ആദ്യ രാജ്യമായി ഇന്ത്യ മാറുകയും ചെയ്തു. പരിസ്ഥിതിയുടെയും വനം-വന്യജീവി സംരക്ഷണത്തിനുള്ള വ്യവസ്ഥകളും അതിനായി സംസ്ഥാനങ്ങൾക്കുള്ള നിർദേശങ്ങളുമാണ് അനുച്ഛേദം 48 (എ) യിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. വനങ്ങൾ, വന്യജീവികൾ, തടാകങ്ങൾ, നദികൾ, എന്നിവ ഉൾപ്പെടെയുള്ള പരിസ്ഥിതിയെ സംരക്ഷിക്കുകയും മെച്ചപ്പെടുത്തുകയും ജീവജാലങ്ങളോട് അനുകമ്പ കാട്ടുകയും ചെയ്യുകയെന്നുള്ളത്, ജനങ്ങളുടെ മൗലികമായ കടമയായി അനുച്ഛേദം 51 (എ) പ്രകാരവും വ്യവസ്ഥ ചെയ്തിട്ടുണ്ട്.

അതേസമയം, രാജ്യത്ത് ഏറ്റവും കൂടുതൽ തവണ ഭേദഗതി ചെയ്യപ്പെട്ട നിയമങ്ങളിലൊന്നാണ് വന്യജീവി സംരക്ഷണ നിയമം. 1982, 91, 93, 2002, 06, 22 എന്നീ വർഷങ്ങളിലാണ് ഈ നിയമം ഭേദഗതിക്കു വിധേയമായത്. 50 വർഷങ്ങൾക്കു ശേഷമുള്ള അവസാനത്തെ ഭേദഗതി, 2022 ഓഗസ്റ്റിൽ ലോക്‌സഭയും 2022 ഡിസംബറിൽ രാജ്യസഭയും അംഗീകരിച്ചു. പക്ഷെ, കാലം ആവശ്യപ്പെടുന്ന മാറ്റങ്ങൾക്ക് ഈ ഭേദഗതിയും സഹായകമായില്ല. രാജ്യത്ത് വർധിച്ചുവരുന്ന മനുഷ്യ- വന്യജീവി സംഘർഷവും അതുമൂലം കർഷകരും പൊതുജനങ്ങളും തങ്ങളുടെ ജീവനും സ്വത്തിനും നേരിടുന്ന ഭീഷണികളും തരണം ചെയ്യുന്നതിന് ക്രിയാത്മക നടപടികൾ ഒന്നുമുണ്ടായില്ല എന്നതാണ് പൊതുവിൽ നിരാശപ്പെടുത്തിയത്.
മനുഷ്യ‑വന്യജീവി സംഘർഷം പരിഹരിക്കുന്നതിന്, നിലവിലെ നിയമ വ്യവസ്ഥകൾ മാറേണ്ടതുണ്ടെന്ന്, പരിസ്ഥിതി-വനം-വന്യജീവി-കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ചുള്ള പാർലമെന്ററി സ്റ്റാൻഡിങ് കമ്മിറ്റി ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അതൊന്നും അംഗീകരിക്കപ്പെട്ടില്ല. മനുഷ്യർകൂടി പങ്കാളിയാകുന്ന പരിസ്ഥിതി-ആവാസ വ്യവസ്ഥയുടെ സംരക്ഷണവും പരിപാലനവും എന്ന വിശാലമായ കാഴ്ചപ്പാടിനു പകരം; വന്യജീവി സംരക്ഷണം മാത്രമായി ഈ നിയമത്തിന്റെ ലക്ഷ്യം പരിമിതപ്പെട്ടിരിക്കുന്നു എന്നതാണ് പ്രസക്തമായ ആക്ഷേപം. മനുഷ്യ‑വന്യജീവി സംഘർഷം നിലനിൽക്കുന്ന മേഖലകളിലെ ജനങ്ങളുടെ ജീവനും സ്വത്തിനും സുരക്ഷയൊരുക്കുവാൻ ഈ നിയമം കാര്യമായ ഒരു പരിഹാരവും നിർദേശിക്കുന്നില്ല.

മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുവേണ്ടിയുള്ള മാർഗനിർദേശങ്ങളെല്ലാം അംഗീകരിക്കപ്പെടേണ്ടതാണ് എന്നതിൽ ആർക്കും സംശയമില്ല. പ്രകൃതിയുടെ തനത് ആവാസ വ്യവസ്ഥയെ കീറിമുറിച്ചുകൊണ്ടു നടത്തുന്ന റോഡ്-റെയിൽവേ വികസനങ്ങൾ, നഗരവൽക്കരണം, വനത്തിനുള്ളിലും വനാതിർത്തികളിലും നിർമ്മിക്കുന്ന റിസർവോയറുകൾ, കാലാവസ്ഥാവ്യതിയാനം വഴി സംഭവിക്കുന്ന വെള്ളപ്പൊക്കം, വരൾച്ച, കാട്ടുതീ തുടങ്ങിയ പ്രകൃതിദുരന്തങ്ങൾ നിമിത്തം വന്യജീവികൾക്ക് ഭക്ഷണത്തിനും സുരക്ഷയ്ക്കുമായി വനാന്തരങ്ങളിൽനിന്നും പലായനം ചെയ്യേണ്ട അവസ്ഥ ഇവയെല്ലാം പരിഹരിക്കപ്പെടേണ്ട വസ്തുതകൾ തന്നെയാണ്. എന്നാൽ മറുവശത്ത്, മനുഷ്യ ആവാസ വ്യവസ്ഥയുടെ നിലവിലെ പരിമിതികളും കണക്കിലെടുക്കേണ്ടതുണ്ട്.

രാജ്യത്തെ ഏതാണ്ട് 90 കോടി ജനങ്ങൾ അധിവസിക്കുന്നത്, ദേശീയ പാർക്കുകൾ, വന്യജീവി സങ്കേതങ്ങൾ, ജൈവമണ്ഡല സംരക്ഷിത മേഖലകൾ എന്നിവയോടു ചേർന്നാണ്. ആഹാരത്തിനും വാസസ്ഥലത്തിനുമായി ഗ്രാമീണജനതയും വന്യജീവികളും പരസ്പരം മത്സരിക്കുമ്പോൾ, ഏകപക്ഷീയമായ സംരക്ഷണം ഒരുക്കുന്ന ഒരു നിയമവും അംഗീകരിക്കപ്പെടില്ല. മനുഷ്യരും കന്നുകാലികളും കാർഷികവിളകളുമെല്ലാം, സംരക്ഷിക്കപ്പെടേണ്ട ആവാസ വ്യവസ്ഥയുടെ ഭാഗം തന്നെയാണെന്ന തിരിച്ചറിവാണ് നമുക്കുണ്ടാകേണ്ടത്.

കേന്ദ്ര പരിസ്ഥിതി — വനം- കാലാവസ്ഥാ വ്യതിയാന മന്ത്രാലയം, 2024 ജൂലൈ 22 നു പ്രസിദ്ധീകരിച്ച കണക്കുകൾ പ്രകാരം, കാട്ടാനകളുടെ ആക്രമണത്തിൽ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ നഷ്ടപ്പെട്ടത് 2,727 മനുഷ്യ ജീവനുകളാണ്. കൂടുതൽ പേർ കൊല്ലപ്പെട്ടത്, ഒഡിഷ (624), ഝാർഖണ്ഡ് (474), പശ്ചിമബംഗാൾ (436), അസം (383), ഛത്തിസ്ഗഢ് (303) എന്നീ സംസ്ഥാനങ്ങളിലാണ്. കേരളത്തിൽ ഇത് 114 ഉം അയൽ സംസ്ഥാനങ്ങളായ തമിഴ്നാട്ടിൽ 256 ഉം കർണാടകയിൽ 160 ഉം ആണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കടുവകളുടെ ആക്രമണത്തിൽ രാജ്യത്താകമാനം കൊല്ലപ്പെട്ടത് 349 പേരാണ്. മഹാരാഷ്ട്ര, ഉത്തർപ്രദേശ്, മധ്യപ്രദേശ്, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങളിലാണ് കടുവകളുടെ ആക്രമണം മൂലമുള്ള മരണം കൂടുതലായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കേരളത്തിൽ കടുവയുടെ ആക്രമണം മൂലമുള്ള മരണം ആറ് മാത്രമാണെങ്കിലും, പാമ്പുകളും കാട്ടുപന്നിയും ഉൾപ്പെടെയുള്ള വന്യജീവികളാൽ കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ 486 പേർക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ട്.
വനം-വന്യജീവി വകുപ്പ് വ്യക്തമാക്കിയിട്ടുള്ള കണക്കുകൾ പ്രകാരം, കഴിഞ്ഞ ഒരു ദശാബ്ദത്തിനുള്ളിൽ, ഏതാണ്ട് 50,000 വന്യജീവി ആക്രമണങ്ങളാണ് കേരളത്തിൽ രേഖപ്പെടുത്തിയിട്ടുള്ളത്. 2017 മുതൽ 23 വരെയുള്ള കാലയളവിൽ വന്യജീവി ആക്രമണംമൂലം കൃഷിനാശം നേരിട്ടത് 20,957 കർഷകരാണ്. 1,559 വീട്ടുമൃഗങ്ങളും കൊല്ലപ്പെട്ടു. ജനവാസ മേഖലകളിൽ വന്യജീവി ആക്രമണം തുടർച്ചയായി സംഭവിക്കുമ്പോൾ, അത് ശാശ്വതമായി ഒഴിവാക്കുവാനുള്ള നടപടികൾ സ്വീകരിക്കുവാനാകാതെ സംസ്ഥാന സർക്കാരുകൾക്ക് നിസഹായരായി നോക്കിനിൽക്കേണ്ടിവരുന്നു.

1972ലെ ദേശീയ വന്യജീവി സംരക്ഷണ നിയമം ഭേദഗതി ചെയ്യുന്നതിലൂടെ മാത്രമേ സംഘർഷ മേഖലകളിലെ ജനങ്ങളുടെ സംരക്ഷണം ഉറപ്പുവരുത്തുവാൻ കഴിയൂ എന്നത് എല്ലാവർക്കും ബോധ്യമായിട്ടുള്ളതാണ്. ഈ സാഹചര്യത്തിലാണ്, നിയമം ഭേദഗതി ചെയ്യുന്നതിന് കേരള നിയമസഭ, കേന്ദ്രസർക്കാരിനോട് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടത്. 1976ൽ, വന്യജീവി സംരക്ഷണം ഭരണഘടനയുടെ സമകാലവർത്തി ലിസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളതിനാലാണ് ഈ നീക്കത്തിന് കേരളം മുന്നോട്ടു വന്നത്. എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും അനുകൂല നിലപാട് സ്വീകരിക്കുവാൻ കേന്ദ്രസർക്കാർ തയ്യാറായിട്ടില്ല.
മനുഷ്യ‑വന്യജീവി സംഘർഷം, സംസ്ഥാനം നേരിടുന്ന പ്രതേക ദുരന്തമായി പ്രഖ്യാപിച്ചുകൊണ്ട്, ദുരന്ത നിവാരണ ചട്ടങ്ങളുടെ കൂടി സഹായത്തോടെ പ്രതിവിധികൾ കൈക്കൊള്ളുന്നതിനുള്ള ശ്രമമാണ് കേരള സർക്കാർ നടത്തിവരുന്നത്. ഇതിന്റെ ഭാഗമായി മുഖ്യമന്ത്രിതലത്തിലും മന്ത്രിതലത്തിലും ഉദ്യോഗസ്ഥ തലത്തിലുമുള്ള നാല് സമിതികള്‍ അടുത്തകാലത്ത് പ്രവർത്തനക്ഷമമായിട്ടുണ്ട്. ഇതിനു പുറമെ, വിദഗ്ധ സമിതികൾക്കും സർക്കാർ രൂപം കൊടുത്തിട്ടുണ്ട്. മറ്റു സംസ്ഥാനങ്ങളെക്കാൾ മെച്ചപ്പെട്ട രീതിയിൽ മനുഷ്യ‑വന്യജീവി സംഘർഷം ലഘൂകരിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ കർമ്മപഥത്തിൽ കൊണ്ടുവരുവാൻ കേരളത്തിന് കഴിയുന്നുണ്ട്. എന്നാൽ, വനമേഖലയോട് ചേർന്നു ജീവിക്കുന്ന ജനങ്ങളുടെ ജീവനും സ്വത്തിനും പൂർണമായ സംരക്ഷണം നൽകുവാനും അവരുടെ ദുരിതങ്ങൾക്ക് ശാശ്വത പരിഹാരം ഉണ്ടാകുവാനും; വന്യജീവി സംരക്ഷണ നിയമ ഭേദഗതി അനിവാര്യമാണ്. 

കേന്ദ്രസർക്കാർ ഇക്കാര്യത്തിൽ സ്വീകരിച്ചിട്ടുള്ള നയം അശാസ്ത്രീയവും അപ്രായോഗികവുമാണ്. പരിസ്ഥിതിയും വന-ആവാസ വ്യവസ്ഥകളും സംബന്ധിച്ച് വ്യക്തമായ കാഴ്ചപ്പാടുകളും ധാരണകളുമുള്ള മാധവ് ഗാഡ്‌ഗിലിനെ പോലെയുള്ള പരിസ്ഥിതി ശാസ്ത്രജ്ഞർപോലും അർത്ഥശങ്കയ്ക്കിടയില്ലാത്തവിധം പറയുന്നത്, നിലവിലെ വന്യജീവി സംരക്ഷണ നിയമം, ഭരണഘടനാ വിരുദ്ധമാണെന്നാണ്. ഏതു സർക്കാരും വന്യജീവികളെക്കാൾ പ്രാധാന്യം നൽകേണ്ടത് ജനങ്ങളുടെ ജീവനാണ്. വനാതിർത്തി പങ്കിട്ടുകൊണ്ടും വനങ്ങളോട് ചേർന്നും അധിവസിക്കുന്ന ജനങ്ങൾക്ക്, വന്യമൃഗങ്ങളിൽനിന്നും തങ്ങളുടെ ജീവനും സ്വത്തും സംരക്ഷിക്കുന്നതിന് അവകാശമുണ്ട്. വന്യമൃഗങ്ങൾ സംരക്ഷിക്കപ്പെടേണ്ടത് അവയുടെ തനത് ആവാസ വ്യവസ്ഥകളില്‍ വന്യമൃഗ സങ്കേതങ്ങളിലും ദേശീയ പാർക്കുകളിലുമാണ്. 

2002ലെ ജൈവവൈവിധ്യ നിയമ പ്രകാരം, തദ്ദേശസ്ഥാപനങ്ങളുടെ സഹായത്തോടെ, അതാതു പ്രദേശത്തെ ജനസമൂഹമാണ്, തങ്ങളുടെ ജൈവവൈവിധ്യ സമ്പത്തിനെ എങ്ങനെ സംരക്ഷിക്കണം; മനുഷ്യ‑വന്യജീവി സംഘർഷത്തെ എങ്ങനെ നേരിടണം എന്നൊക്കെ തീരുമാനിക്കേണ്ടത്. അതിലുപരി, വന്യജീവികളുടെ എണ്ണം നിയന്ത്രിതമായ തലത്തിൽ പരിമിതപ്പെടുത്തുന്നതാണ് ശാസ്ത്രീയ സമീപനം. അതിനാൽ, നിയന്ത്രിത വേട്ട എന്ന ആശയത്തോടുപോലും പൂർണമായി മുഖം തിരിക്കേണ്ടതില്ല. എന്നാൽ, വനങ്ങളുടെയും വന്യജീവികളുടെയും പ്രാധാന്യം ഉൾക്കൊള്ളുവാൻ കഴിയുന്ന ഒരു സാമൂഹ്യ വ്യവസ്ഥിതിയിൽ മാത്രമേ വന്യജീവികളുടെ നിയന്ത്രിത വേട്ട സാധ്യമാക്കുവാൻ കഴിയുകയുള്ളുവെന്നതും പ്രധാനമാണ്. വംശനാശഭീഷണി നേരിടുന്ന വന്യമൃഗങ്ങൾ ഒരു സാഹചര്യത്തിലും വേട്ടയാടപ്പെടരുത്. ഇക്കാര്യങ്ങളെല്ലാം വ്യക്തമായി നിർവചിക്കപ്പെടുന്ന നിയമനിർമ്മാണമാണ് നമുക്കാവശ്യമായിട്ടുള്ളത്. 

അതിജീവനത്തിനു വേണ്ടിയുള്ള വലിയ പോരാട്ടമാണ് മലയോരമേഖലകളിലെയും വനാതിർത്തികളിലെയും ജനങ്ങൾ ഇപ്പോൾ നടത്തിവരുന്നത്. ജനവാസ മേഖലകളിലേക്കുള്ള വന്യമൃഗങ്ങളുടെ കടന്നാക്രമണത്തിനു വഴിയൊരുക്കുന്ന അടിസ്ഥാന കാരണങ്ങൾക്ക് പരിഹാരം ഉറപ്പാക്കേണ്ടതുണ്ട് എന്നതിൽ സംശയമില്ല. എന്നാൽ, മനുഷ്യ‑വന്യജീവി സംഘർഷ സാഹചര്യങ്ങളിൽ മുൻഗണന നൽകേണ്ടത്, ജനങ്ങൾക്കും അവർ പരിപാലിക്കുന്ന വളർത്തുമൃഗങ്ങൾക്കും അവരുടെ കൃഷിവിളകൾക്കുമാണ്. 

വനങ്ങളും വന്യജീവികളും ഉൾപ്പെടുന്ന പരിസ്ഥിതി സംരക്ഷിക്കുകയെന്ന ഭരണഘടനാപരമായ കർത്തവ്യത്തോടൊപ്പം, മനുഷ്യന്റെ ജീവനും സ്വത്തിനും സംരക്ഷണം നൽകുവാൻ കഴിയുന്ന വ്യവസ്ഥകൾകൂടി വന-വന്യജീവി സംരക്ഷണ നിയമങ്ങളിൽ ഉൾപ്പെടുത്തണമെന്നു മാത്രമാണ് കേരളം ആവശ്യപ്പെടുന്നത്. ഒരു ഫെഡറൽ ഭരണ സംവിധാനത്തിൽ, തങ്ങളുടെ ജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വന്യജീവികളെ നിയന്ത്രിക്കുന്നതിനുള്ള നിയമ പരിരക്ഷ, സംസ്ഥാനത്തിന്റെ അവകാശം കൂടിയാണ്. അതുകൊണ്ടുതന്നെ, വന്യജീവി സംരക്ഷണ നിയമ ഭേദഗതിയിലൂടെ മനുഷ്യ‑വന്യജീവി സംഘർഷത്തിൽ കേരളം നേരിടുന്ന പ്രതിസന്ധിക്ക് ശാശ്വത പരിഹാരം സാധ്യമാക്കുവാൻ, പാർലമെന്റിനകത്തും പുറത്തും ശക്തമായ സമ്മർദം ഉയർന്നുവരേണ്ടതുണ്ട്. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.