Monday
22 Apr 2019

അമേരിക്ക: സാമ്രാജ്യത്വത്തിന്റെ അടുത്ത ഘട്ടത്തിലേക്കോ?

By: Web Desk | Sunday 4 November 2018 10:59 PM IST


trump-janayugom

lokajalakam

കഛത്രാധിപത്യം എന്ന വാക്കിന്റെ അര്‍ഥം അറിയാന്‍ പലര്‍ക്കും ശബ്ദതാരാവലി (നിഘണ്ടു) നോക്കേണ്ടിവരും. കാരണം അത് അത്ര പതിവായി ഉപയോഗിക്കപ്പെടുന്ന ഒരു പദമല്ല. എന്നാല്‍ യുഎസ്എ എന്ന അമേരിക്കയെയും ആ രാജ്യത്തിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രമ്പിനെയും അറിയുന്നവര്‍ക്ക് അതറിയാന്‍ അത്ര പ്രയാസമുണ്ടാവില്ല. തന്നെ വെല്ലുവിളിക്കാന്‍ ആരുണ്ട് ഈ ലോകത്തില്‍ എന്ന ഉദ്ദണ്ഡതയോടെ ലോകത്തെ മുഴുവന്‍ വെല്ലുവിളിക്കുന്ന ശബ്ദത്തിന് ഒരു പര്യായമുണ്ടെങ്കില്‍ അത് ഇപ്പോള്‍ ട്രമ്പും അമേരിക്കയുമാണ്. രണ്ടാം ലോകമഹായുദ്ധം അവസാനിക്കുമ്പോള്‍ യുഎസ് പ്രസിഡന്റായിരുന്ന ഹാരിട്രൂമാന്‍ തുടക്കമിട്ട ഏകാധിപത്യ പ്രവണതയാണിത്.
1945 മെയ് ഒമ്പതിന് ജര്‍മനിയില്‍ ഹിറ്റ്‌ലറുടെ ഫാസിസ്റ്റ് സൈന്യം സോവിയറ്റ് ചുവപ്പ് സേനയ്ക്ക് മുമ്പില്‍ കീഴടങ്ങിയതോടെ രണ്ടാം ലോകമഹായുദ്ധം ഏതാണ്ട് അവസാനിച്ചിരുന്നതാണ്. പക്ഷെ, അപ്പോഴും ജപ്പാന്റെ സൈനികമേധാവി ടോജൊ അതിന് തയാറായില്ല. യാഥാര്‍ഥ്യബോധം തൊട്ടുതീണ്ടുകയെങ്കിലും ചെയ്തിരുന്നെങ്കില്‍ ആ ഫാസിസ്റ്റ് ഭീകരന്‍ ഹിറ്റ്‌ലറെപോലെ അതിനു തയാറാകുമായിരുന്നു. അയാളുടെ ആ വിസമ്മതമാണ് ജപ്പാന്റെ സര്‍വനാശത്തിന് കളമൊരുക്കിയത്.
ഇത് ഒരു പൊളിവാക്കാണെന്ന് വിചാരിക്കരുത്. എന്തെന്നാല്‍, അന്ന് അമേരിക്കയുടെ പക്കല്‍ ആറ്റംബോംബുണ്ടായിരുന്നില്ല. കീഴടങ്ങലല്ലാതെ ജപ്പാന്റെ മുന്നില്‍ മറ്റു പോംവഴിയൊന്നുമില്ലെന്ന ധാരണയോടെ സോവിയറ്റ് യൂണിയനും യുഎസ്എയും ഗ്രേറ്റ് ബ്രിട്ടനും ഉള്‍പ്പെടെയുള്ള ചതുരശക്തികള്‍ യുദ്ധാനന്തര ലോകത്തിന്റെ ഭാവിയെപ്പറ്റി ആലോചിക്കാന്‍ കിഴക്കന്‍ ജര്‍മനിയിലെ തുറമുഖത്ത് നങ്കൂരമിട്ടിരുന്ന കപ്പലില്‍ യോഗം ചേരുന്നതിനിടയിലാണ് ആറ്റംബോംബ് വിജയകരമായി പരീക്ഷിച്ചെന്ന രഹസ്യ സന്ദേശം ട്രൂമാന് ലഭിച്ചത്. ഉടനടി തന്നെ ട്രൂമാന്‍ വാഷിങ്ടണിലേക്ക് മടങ്ങുകയും ഓഗസ്റ്റ് ആറിന് ഹിരോഷിമയിലും ഒമ്പതിന് നാഗസാക്കിയിലും ആറ്റംബോംബ് വര്‍ഷിച്ച് പതിനായിരങ്ങളെ ഉടനടിയും ലക്ഷങ്ങളെ ഇഞ്ചിഞ്ചായും കൊന്നൊടുക്കിയത്. ജനറല്‍ ടോജോയുടെ മര്‍ക്കടമുഷ്ടിമൂലം സംഭവിച്ച ഈ സര്‍വനാശത്തിന് ഉത്തരം പറയാന്‍ ടോജൊയും ട്രൂമാനുമല്ലാതെ മറ്റാരുമില്ലല്ലൊ.
കണ്ണില്‍ ചോരയില്ലാത്ത ഈ കൂട്ടക്കൊലയ്ക്ക് ഉപയോഗിച്ച ആറ്റംബോബിന്റെ ബലത്തിലാണ് അമേരിക്കയുടെ പിന്നീടുള്ള ശക്തിപ്രകടനം മുഴുവന്‍.
1776 വരെ ഒരു ബ്രിട്ടീഷ് കോളനി മാത്രമായിരുന്ന യുഎസ്എയുടെ സാമ്രാജ്യത്വത്തിലേക്കുള്ള ഉയര്‍ച്ച ആരംഭിക്കുന്നത് 1945ല്‍ ഹിരോഷിമയില്‍ നടത്തിയ ആറ്റംബോംബിങ്ങിന് ശേഷം മാത്രമാണ്. മറ്റു യൂറോപ്യന്‍ ശക്തികള്‍ ലോകമെങ്ങും കോളനികള്‍ സ്ഥാപിക്കാന്‍ കടുത്ത മത്സരത്തിലേര്‍പ്പെട്ടിരിക്കുമ്പോഴും യുഎസ്എ ആ രംഗത്തുണ്ടായിരുന്നില്ല. 1898ല്‍ സ്‌പെയിനില്‍ നിന്നു കൈമാറിക്കിട്ടിയ ഫിലിപ്പൈന്‍സ് മാത്രമായിരുന്നു അവരുടെ നേരിട്ട് നിയന്ത്രണത്തിലുള്ള ഒരേയൊരു കോളനി. അതും 1946ല്‍ തന്നെ അവര്‍ കയ്യൊഴിഞ്ഞതാണ്.
പക്ഷേ, അപ്പോള്‍തന്നെ കോളനികളില്ലാത്ത ഒരു സാമ്രാജ്യത്തിന് അവര്‍ ശിലാസ്ഥാപനം നടത്തി. അതിനുള്ള അവരുടെ രക്ഷാകവചം ആറ്റം-ഹൈഡ്രജന്‍ ബോംബുകള്‍ ഉള്‍പ്പെട്ട ആണവായുധ ശേഖരമായിരുന്നു. ഹിറ്റ്‌ലര്‍ക്കെതിരായ പോരാട്ടത്തില്‍ സര്‍വതും നഷ്ടപ്പെട്ടിട്ടും പെട്ടെന്നുതന്നെ സാമ്പത്തികമായ പുനര്‍നിര്‍മാണത്തോടൊപ്പം ആണവായുധങ്ങളിലും സ്വയം പര്യാപ്തത നേടിയ സോവിയറ്റ് യൂണിയനെ മുഖ്യ ശത്രുവായി ചിത്രീകരിച്ചുകൊണ്ട് സൃഷ്ടിച്ച ‘നാറ്റൊ’ പോലുള്ള സൈനികസഖ്യങ്ങളിലൂടെയാണ് ഒരു പരോക്ഷ സാമ്രാജ്യത്വം അവര്‍ പടുത്തുയര്‍ത്തിയത്.
ഐക്യരാഷ്ട്രസഭയായിരുന്നു അന്ന് ഇതിനുള്ള അവരുടെ ചട്ടുകം. ലോക സമാധാനപാലനത്തിനായി യുദ്ധം കഴിഞ്ഞയുടന്‍ രൂപീകൃതമായ ഈ സംഘടനയില്‍ അംഗരാഷ്ട്രങ്ങളില്‍ ബഹുഭൂരിപക്ഷവും യുഎസിന്റെ മൂടുതാങ്ങി രാഷ്ട്രങ്ങളായിരുന്നു. ഇത് സാധ്യമായത് വന്‍ കൊളോണിയല്‍ ശക്തികളായിരുന്ന സ്‌പെയിനും പോര്‍ച്ചുഗലും ലാറ്റിന്‍ അമേരിക്കയില്‍ നിന്ന് പിന്‍വാങ്ങിയപ്പോള്‍ അവിടങ്ങളില്‍ രൂപംകൊണ്ട ഏകാധിപത്യ വാഴ്ചകളെല്ലാം നിലനിന്നത് യുഎസ് സംരക്ഷണത്തിലായിരുന്നതുകൊണ്ടാണ്. ഇവയോടൊപ്പം മറ്റു ‘കുട്ടി’ രാജ്യങ്ങളെയും ചൊല്‍പടിക്ക് നിര്‍ത്താന്‍ അമേരിക്കയ്ക്ക് കഴിഞ്ഞിരുന്നു. ഐക്യരാഷ്ട്രസഭയില്‍ നടക്കുന്ന വോട്ടെടുപ്പുകളില്‍ ഇവരെല്ലാം അമേരിക്കയുടെ താളത്തിന് തുള്ളുകയും ചെയ്തിരുന്നു. ആ മൃഗീയ ഭൂരിപക്ഷം ഉപയോഗിച്ചാണ് ലോകജനസംഖ്യയുടെ നാലിലൊന്നുള്ള ജനകീയ ചൈനയെ രക്ഷാസമിതി ഉള്‍പ്പെടെയുള്ള എല്ലാ ഐക്യരാഷ്ട്ര ഏജന്‍സികളില്‍ നിന്നും അവര്‍ ഒഴിവാക്കി നിര്‍ത്തിയത്. എന്നിട്ട് ആ സ്ഥാനം അവര്‍ ഏല്‍പിച്ചുകൊടുത്തത് ചൈനയുടെ ഒരു ദ്വീപുമാത്രമായിരുന്ന ഫോര്‍മോസ (തെയ്‌വാന്‍)യാണ്. 1971ല്‍ ചൈന സോവിയറ്റ് യൂണിയന്റെ ബദ്ധശത്രുവായി മാറിയ സാഹചര്യത്തില്‍ പ്രസിഡന്റ് നിക്‌സന്റെ പ്രതേ്യക അംബാസിഡറായിരുന്ന ഹെന്റി കിസിംഗര്‍ നടത്തിയ രഹസ്യ ദൗത്യത്തിന്റെ ഫലമായി നിക്‌സന്‍ തന്നെ ചൈന സന്ദര്‍ശിക്കുകയും ഇരുരാജ്യങ്ങളും തമ്മില്‍ നയതന്ത്രബന്ധം സ്ഥാപിക്കുകയും ചെയ്തതോടെയാണ് ചൈനയ്ക്ക് ഐക്യരാഷ്ട്രസഭയിലെ അംഗത്വവും മറ്റു അവകാശങ്ങളും ലഭ്യമായത്. ഐക്യരാഷ്ട്രസഭയെകൊണ്ട് അമേരിക്കയുടെ ഇംഗിതപ്രകാരം എന്തു തീരുമാനവും എടുപ്പിക്കാനുള്ള കഴിവാണ് അപ്പോഴെല്ലാം പ്രകടമായത്. ക്യൂബക്കെതിരായ വിലക്കുകള്‍ ഏര്‍പ്പെടുത്താന്‍ കഴിഞ്ഞതും അങ്ങനെതന്നെയാണ്. അരനൂറ്റാണ്ടിനുശേഷവും ആ കൊച്ച് ദ്വീപരാഷ്ട്രത്തിനെതിരായ ഉപരോധം തുടരുകയാണ്. ആ വിലക്കുകള്‍ നീക്കണമെന്ന് ഐക്യരാഷ്ട്രസഭ കഴിഞ്ഞ കുറേ വര്‍ഷങ്ങളായി പ്രമേയം പാസാക്കിക്കൊണ്ടിരിക്കുകയാണെങ്കിലും അമേരിക്ക അതിനെ തൃണവല്‍ഗണിച്ചിരിക്കുകയാണ്. ഐക്യരാഷ്ട്രസഭയിലെ അംഗരാഷ്ട്രങ്ങളുടെ നിലപാടില്‍ വന്നിട്ടുള്ള മാറ്റത്തെയാണ് ഈ പുതിയ വോട്ട് പ്രതിഫലിപ്പിക്കുന്നത്. പക്ഷെ, അമേരിക്ക അവര്‍ക്ക് വേണ്ടപ്പോള്‍ മാത്രമാണ് ഐക്യരാഷ്ട്രസഭാ തീരുമാനങ്ങള്‍ നടപ്പാക്കുന്നതെന്ന് ഇതിനര്‍ഥം.
രണ്ടുകൊല്ലം മുമ്പ് തീവ്ര വലതുപക്ഷക്കാരനായ ഡൊണാള്‍ഡ് ട്രംപ് പ്രസിഡന്റായി സ്ഥാനമേറ്റതോടെ അമേരിക്കയുടെ ധിക്കാരം അതിന്റെ ഉച്ചകോടിയിലെത്തിയിരിക്കുകയാണ്. സാമ്പത്തികമായി ദുര്‍ബലമായിക്കൊണ്ടിരിക്കുന്ന ആ രാജ്യത്തിന്റെ ലോകമേധാവിത്വം നിലനില്‍ക്കുന്നത് ഇപ്പോള്‍ അവരുടെ കറന്‍സിയായ ഡോളര്‍ ലോക കറന്‍സിയായി മാറിയിരിക്കുന്നതുകൊണ്ടു മാത്രമാണ്. രണ്ടു പതിറ്റാണ്ടുകള്‍ മുമ്പ് ജപ്പാന്‍ യുഎസിന്റെ വ്യവസായങ്ങള്‍ വന്‍തോതില്‍ കരസ്ഥമാക്കാന്‍ തുടങ്ങിയപ്പോള്‍ ആ സ്ഥിതിയില്‍ നിന്ന് അമേരിക്ക കരകയറിയത് പല സമ്മര്‍ദങ്ങളും നടത്തിയാണ്. ഇപ്പോള്‍ ആ രംഗത്ത് അമേരിക്കയുടെ പ്രതിയോഗി ആയിരിക്കുന്നത് ചൈനയാണ്.
ചൈനയെ പിടിച്ചുകെട്ടാന്‍ പ്രസിഡന്റ് ട്രമ്പ് ഏര്‍പ്പെടുത്തിയിട്ടുള്ള ഭീമമായ ഇറക്കുമതി ചുങ്ക വര്‍ധനവ് ഒരു ഒറ്റപ്പെട്ട സംഭവമല്ല. കാനഡയും മെക്‌സിക്കൊയും ഉള്‍പ്പെട്ട വാണിജ്യ കരാര്‍ ഏകപക്ഷീയമായി റദ്ദാക്കിക്കൊണ്ടാണ് ലോക മുതലാളിത്തത്തിന്റെ വികസനമന്ത്രമായിരുന്ന ‘കുറ്റമറ്റ മത്സരം’, ‘സ്വതന്ത്രവ്യാപാരം’ തുടങ്ങിയ മൗലികതത്വങ്ങള്‍ അവര്‍ കാറ്റില്‍പറത്തുന്നത്. സഖ്യരാഷ്ട്രങ്ങളുടെ ഇറക്കുമതിക്ക് പോലും അചിന്ത്യമായ തീരുവയാണ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. അങ്ങനെ ആ രാജ്യങ്ങളെ പേടിപ്പിച്ച് നേടിയ ചില്ലറ സൗജന്യങ്ങള്‍ വലിയ നേട്ടമായി പൊക്കിപ്പിടിച്ചുകൊണ്ട് ട്രമ്പ് ഇപ്പോള്‍ ചൈനയ്ക്കും യൂറോപ്യന്‍ യൂണിയനുമെതിരായി തിരിഞ്ഞിരിക്കുന്നത്.
അമേരിക്കക്കാരുടെ രക്തത്തില്‍ അലിഞ്ഞുചേര്‍ന്നിട്ടുള്ള റഷ്യന്‍ വിരോധവും ഇറാന്‍ വിരോധവും ഇസ്‌ലാം വിരോധവും മുതലെടുത്തുകൊണ്ടാണ് ട്രമ്പ് തന്റെ തോന്ന്യാസത്തിന് തുടക്കമിട്ടത്. മുസ്‌ലിം രാജ്യങ്ങളിലെ പൗരന്‍മാര്‍ക്കുള്ള വിസ നിരോധമായിരുന്നു ആദ്യപടി. ഇംഗ്ലണ്ടില്‍ ജീവിച്ചിരുന്ന രണ്ട് റഷ്യന്‍ വിമതര്‍ക്ക് വിഷബാധ ഏല്‍പിച്ചുവെന്ന് പറഞ്ഞ് അമേരിക്ക പുടിന്റെ അടുപ്പക്കാര്‍ക്ക് വിലക്ക് ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു. 1979ല്‍ ഇറാനിലെ അമേരിക്കന്‍ പാവയായിരുന്ന ഷാ ഭരണത്തെ മറിച്ചിട്ട ഖൊമൈനിമാരോട് അമേരിക്കക്കാര്‍ക്ക് ഒരിക്കലും പൊരുത്തപ്പെടാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും പ്രസിഡന്റ് ഒബാമ അവരുമായി ഒരു ആണവായുധ നിര്‍വ്യാപനക്കരാര്‍ ഒപ്പ് വയ്ക്കുകയും മുമ്പ് ഏര്‍പ്പെടുത്തിയിരുന്ന ചില വിലക്കുകള്‍ നീക്കുകയും ചെയ്യുകയുണ്ടായി. പ്രസിഡന്റ് ട്രമ്പ് അതെല്ലാം റദ്ദാക്കിയിട്ട് ഇറാനെതിരായി പുതിയ വിലക്കുകള്‍ക്കും ഉപരോധത്തിനും തുടക്കമിടുകയും ചെയ്തു. ഇറാനില്‍ നിന്ന് എണ്ണ വാങ്ങുന്ന രാജ്യങ്ങള്‍ക്കും ഈ നിരോധനം ബാധകമാക്കി. ഇന്ത്യ ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ക്കും ഈ വിലക്ക് ബാധകമാക്കിയിട്ടുണ്ട്. റഷ്യയില്‍ നിന്ന് എസ്-400 മിസൈലുകള്‍ വാങ്ങുന്നതിലുള്ള നിരോധനം വേറെയുമുണ്ട്. ആത്മമിത്രമായ സൗദി അറേബ്യയും ഈ ഉപരോധ ഭീഷണിയുടെ നിഴലിലാണ് കഴിയുന്നത്.
ഇറാനുമായുള്ള ആണവകരാറില്‍ നിന്ന് മാത്രമല്ല പ്രസിഡന്റ് ഒഴിഞ്ഞുമാറിയിരിക്കുന്നത്. കാലാവസ്ഥ വ്യതിയാനം സംബന്ധിച്ച പാരീസ് ഉടമ്പടിയും അദ്ദേഹം ചവറ്റുകൊട്ടയില്‍ തള്ളിയിരിക്കുകയാണ്.
ഇത്തരം ധിക്കാരപരമായ നടപടികള്‍ ട്രമ്പിന് നാട്ടിനുള്ളില്‍ കൂടുതല്‍ പിന്തുണ നേടിക്കൊടുത്തേക്കാം. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഹിലാരി ക്ലിന്റനെതിരായി ട്രമ്പിന് നേരിയ ഭൂരിപക്ഷമെങ്കിലും നേടിക്കൊടുത്ത ആ യാഥാസ്ഥിതിക വിഭാഗം തുടര്‍ന്നും അദ്ദേഹത്തിന്റെ പിന്നില്‍ ഉറച്ചു നില്‍ക്കുമെങ്കിലും പാശ്ചാത്യ സഖ്യകക്ഷികള്‍ക്കിടയില്‍ പോലും ഇതിനെതിരായ മുറുമുറുപ്പ് ശക്തിപ്രാപിച്ചുവരികയാണ്. ഫ്രഞ്ച് പ്രസിഡന്റ് മാക്രോണ്‍ ആണ് ഈ പ്രതിഷേധത്തിന്റെ മുന്‍പന്തിയില്‍. ഓസ്‌ട്രേലിയയും ഇന്ത്യയും പ്രധാനപ്പെട്ട യൂറോപ്യന്‍ രാജ്യങ്ങളും ഇതില്‍ പങ്കുചേരുന്നുണ്ട്.
‘എല്ലാം അമേരിക്കയ്ക്ക്’ എന്ന മുദ്രാവാക്യം മുറുകെപിടിച്ചിട്ടുള്ള പ്രസിഡന്റ് ട്രമ്പിന്റെ നിലപാട് നിലവിലുള്ള ലോകസമ്പദ്‌വ്യവസ്ഥയെ തകിടംമറിക്കുമെന്നാണ് ഫ്രാന്‍സും മറ്റും ഭയപ്പെടുന്നത്. അമേരിക്കന്‍ പ്രസിഡന്റിന്റെ ഈ പോക്ക് മുതലാളിത്ത വ്യവസ്ഥയുടെ തന്നെ കുളംതോണ്ടുമെന്നും അവര്‍ കരുതുന്നു. മുതലാളിത്തത്തിന്‍ കീഴില്‍ കുത്തകമുതലാളിത്തം വളര്‍ന്നുവന്നതുപോലെ ഒരു കുത്തകസാമ്രാജ്യത്വമാണോ അമേരിക്കന്‍ പ്രസിഡന്റ് ഉന്നം വയ്ക്കുന്നതെന്ന സംശയം ഉയരുന്നത് ഈ സാഹചര്യത്തിലാണ്.