സ്ഥിതി രൂക്ഷം; സഹായിക്കാന്‍ തയ്യാര്‍; ഇന്ത്യ‑ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍ ട്രംപ്

Web Desk

വാഷിങ്ടണ്‍

Posted on September 05, 2020, 9:21 am

ഇന്ത്യ‑ചൈന അതിര്‍ത്തി സംഘര്‍ഷത്തില്‍  ഇടപെടാൻ അമേരിക്കയ്ക്ക് താത്പര്യമുണ്ടെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ്‌ ട്രംപ്. ട്രംപ് വൈറ്റ് ഹൗസിൽ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യം വ്യക്തമാക്കിയത് . ഇന്ത്യ ചൈന അതിർത്തിയിലെ സാഹചര്യം രൂക്ഷമാണ്. ഇതിൽ ഇടപെട്ടു സഹായിക്കാൻ അമേരിക്ക താൽപ്പര്യമുണ്ടെന്നും ട്രംപ് പറഞ്ഞു. ചൈനയെയും ഇന്ത്യയെയും സംഘർഷത്തിലേക്ക് നയിക്കുകയാണോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന്, അങ്ങനെ ഉണ്ടാവില്ലെന്നാണ് താൻ പ്രതീക്ഷിക്കുന്നതെങ്കിലും അതിലേക്കാണ് കാര്യങ്ങൾ പോകുന്നതെന്നു ട്രംപ് പറഞ്ഞു.

അതേസമയം, സമാധാനത്തിന്റെ പാതയിലൂടെ ചൈനയുമായുള്ള അതിര്‍ത്തി പ്രശ്‌നം പരിഹരിക്കാന്‍ സന്നദ്ധത പ്രകടിപ്പിക്കുമ്പോഴും അനിതര സാധാരണ സാഹചര്യം ഉടലെടുത്താല്‍ തിരിച്ചടിക്കാന്‍ ഇന്ത്യ സന്നാഹങ്ങളൊരുക്കി. തര്‍ക്കം സംബന്ധിച്ച് അനുകൂല അഭിപ്രായ ഐക്യം രൂപീകരിക്കാനുള്ള നയതന്ത്ര നീക്കങ്ങളും രാജ്യം ശക്തമാക്കി.

ചൈനീസ് ഭാഗത്തുനിന്നും അസാധാരണമായ പ്രകോപനം ഉണ്ടായാല്‍ എല്ലാ അര്‍ത്ഥത്തിലും ശക്തമായ പ്രതിരോധവും തക്കതായ മറുപടിയും നല്‍കുമെന്ന് ഇന്ത്യ സൂചന നൽകി. ഏതാനും ദിവസങ്ങളായി സൈന്യം ഇതിനുള്ള തയ്യാറെടുപ്പിലായിരുന്നു. കാര്യമായ പ്രതിരോധം സൃഷ്ടിക്കാന്‍ പാകത്തിന് ഉയർന്ന മലമുകളില്‍ വ്യോമസേനാ യുദ്ധവിമാനങ്ങളുടെ വിന്യാസങ്ങളും പൂര്‍ത്തിയാക്കിയെന്നാണറിയുന്നത്. റഫാല്‍ വിമാനങ്ങളും ഇന്ത്യന്‍ വ്യോമസേനയ്ക്ക് കൂടുതല്‍ കരുത്തായി.

Eng­lish sum­ma­ry: Amer­i­ca on India chi­na issue
You may also like this video: