24 April 2024, Wednesday

കാലാവസ്ഥാ ബില്ലിനെതിരെ അമേരിക്കയിലെ പ്രമുഖ കമ്പനികള്‍

Janayugom Webdesk
വാഷിങ്ടണ്‍
October 3, 2021 2:17 pm

ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ച കാലാവസ്ഥാ ബില്ലിനെതിരെ ആപ്പിള്‍, ഡിസ്നി, ആമസോണ്‍ എന്നിവയുള്‍പ്പെടെ അമേരിക്കയിലെ പ്രമുഖ കമ്പനികള്‍. കാലാവസ്ഥാ പ്രതിസന്ധിയെ നേരിടാന്‍ കുത്തക കമ്പനികള്‍ വിവിധ വാഗ്ദാനങ്ങള്‍ ലോകത്തിനു മുന്നില്‍ അവതരിപ്പിച്ചിരുന്നെങ്കിലും ചരിത്രപരമായ നിയമനിര്‍മ്മാണത്തിനെതിരെ പോരാടുന്ന ബിസിനസ്സ് ഗ്രൂപ്പുകളെ പിന്തുണയ്ക്കുന്നതാണ് ഇവരുടെ ഇരട്ടത്താപ്പ്. കാലാവസ്ഥാ വ്യതിയാനം കുറയ്ക്കുന്നതിന് ഡെമോക്രാറ്റുകള്‍ മുന്നോട്ടുവച്ച 3.5 ട്രില്യൺ ഡോളര്‍ ബജറ്റ് ബില്ലിനെതിരെയാണ് കമ്പനികള്‍ സംഘടിച്ചത്.

കഴിഞ്ഞ യു.എന്‍. ജനറല്‍ അസംബ്ലിയില്‍ കാലാവസ്ഥാ വ്യതിയാനവും ആഗോള താപനവും പ്രധാനചര്‍ച്ചയായിരുന്നു. ആഗോള താപനം കുറയ്ക്കാന്‍ ശക്തമായ നടപടികള്‍ ഉണ്ടാകാത്തതില്‍ ദ്വീപുരാജ്യങ്ങള്‍ കടുത്ത ആശങ്ക പങ്കുവച്ചിരുന്നു. കാലാവസ്ഥാ വ്യതിയാനം തുടര്‍ന്നാല്‍ ഒരു പക്ഷേ തന്റെ രാജ്യം വൈകാതെ അപ്രത്യക്ഷമായേക്കാമെന്ന് യു.എന്‍. ജനറല്‍ അസംബ്ലിയില്‍ ഗയാന പ്രസിഡന്റ് ഇര്‍ഫാന്‍ അലിയും പറഞ്ഞു. അനുരഞ്ജന ബില്ലിനെ അമേരിക്കന്‍ സെനറ്റിലെ ഡെമോക്രാറ്റിക് നേതാവ് ചക്ക് ഷൂമര്‍ ‘കാലാവസ്ഥാ വ്യതിയാനത്തിനെതിരെ നമ്മുടെ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പ്രവര്‍ത്തനം‘എന്നാണ് വിശേഷിപ്പിച്ചിരുന്നത്.

മിക്ക യുഎസ് കോര്‍പ്പറേറ്റുകളും കാലാവസ്ഥാ പ്രതിസന്ധിയില്‍ ഉത്കണ്ഠ പ്രകടിപ്പിക്കുകയോ വിഷ വാതകങ്ങള്‍ കുറയ്ക്കുന്നതിനുള്ള സ്വന്തം ലക്ഷ്യങ്ങള്‍ പ്രഖ്യാപിക്കുകയോ ചെയ്തിട്ടുണ്ട്. കാലാവസ്ഥാ പ്രതിസന്ധിയാണ് നമ്മുടെ ഗ്രഹത്തിന് ഏറ്റവും വലിയ ഭീഷണിയെന്ന് പറഞ്ഞ ലോകത്തിലെ ഏറ്റവും വലിയ പണക്കാരിലൊരാളായ ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസ് 2040 ‑ഓടെ തങ്ങളുടെ ഫാക്ടറികളില്‍ നിന്നും പുറത്തു വിടുന്ന വിഷവാതകങ്ങളുടെ അളവ് പൂജ്യമാക്കി കുറയ്ക്കുമെന്ന് പ്രതിജ്ഞയെടുത്തിരുന്നു. ഒരേ സമയപരിധിക്കുള്ളില്‍ പുനരുല്‍പ്പാദിപ്പിക്കാവുന്ന വൈദ്യുതി മാത്രം ഉപയോഗിക്കാനാണ് ഡിസ്നി ലക്ഷ്യമിടുന്നതെന്നുമായിരുന്നു മറ്റൊരു വാഗ്ദാനം. മൈക്രോസോഫ്റ്റ് ഒരു ദശകത്തിനുള്ളില്‍ ‘കാര്‍ബണ്‍ നെഗറ്റീവ്’ ആയിരിക്കുമെന്നാണ് അവകാശപ്പെട്ടത്.

എന്നാല്‍ നികുതി വര്‍ദ്ധനവ് തടയുന്നതിനും തൊഴില്‍ സാധ്യതകളെ ഇല്ലായ്മ ചെയ്യുന്നതിനും വഴിവെക്കുന്ന അനുരഞ്ജന ബില്‍ നിയമമാകുന്നത് തടയാന്‍ തങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യുമെന്നാണ് യുഎസ് ചേംബര്‍ ഓഫ് കൊമേഴ്സ് പറഞ്ഞത്. കാലാവസ്ഥാ ബില്ലിനെ എതിര്‍ക്കുന്ന പ്രമുഖ ബിസിനസ് ലോബി ഗ്രൂപ്പിന്റെ ബോര്‍ഡില്‍ മൈക്രോസോഫ്റ്റ്, ഇന്റ്യൂട്ട്, യുണൈറ്റഡ് എയര്‍ലൈന്‍സ്, ഡെലോയിറ്റ് എന്നിവയുള്‍പ്പെടെയുള്ള കമ്പനികളില്‍ നിന്നുള്ള എക്സിക്യൂട്ടീവുകള്‍ ഉള്‍പ്പെടുന്നുണ്ട്.
eng­lish summary;Leading U.S. com­pa­nies against cli­mate bill
You may like this video also;

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങള്‍ ജനയുഗം പബ്ലിക്കേഷന്റേതല്ല. അഭിപ്രായങ്ങളുടെ പൂര്‍ണ ഉത്തരവാദിത്തം പോസ്റ്റ് ചെയ്ത വ്യക്തിക്കായിരിക്കും. കേന്ദ്ര സര്‍ക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്‌ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് ഐടി നയപ്രകാരം നിയമനടപടി കൈക്കൊള്ളുന്നതാണ്.

Comments are closed.