Monday
22 Apr 2019

പ്രതീക്ഷയുണര്‍ത്തുന്ന യുഎസ് മധ്യകാല തെരഞ്ഞെടുപ്പ് ഫലങ്ങള്‍

By: Web Desk | Friday 9 November 2018 10:19 PM IST


ഇക്കഴിഞ്ഞ ദിവസങ്ങളില്‍ പുറത്തുവന്ന യുഎസ് മധ്യകാല തെരഞ്ഞെടുപ്പുഫലങ്ങള്‍ ആ രാജ്യത്തിനുമാത്രമല്ല ലോകത്തിനാകെ ആശ്വാസത്തിനും പ്രതീക്ഷയ്ക്കും വക നല്‍കുന്നതാണ്. ജനപ്രതിനിധിസഭയിലും സെനറ്റിലും റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഉണ്ടായിരുന്ന ഭൂരിപക്ഷം ഉപരിസഭയില്‍ മാത്രമായി ഒതുങ്ങി. ഇരു സഭകളിലേക്കുമുള്ള ജനകീയ വോട്ടില്‍ ഡമോക്രാറ്റിക് പാര്‍ട്ടി നേട്ടമുണ്ടാക്കി. സെനറ്റില്‍ മൂന്ന് സീറ്റ് കൂടുതല്‍ നേടാന്‍ റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് കഴിഞ്ഞു. അവരെക്കാള്‍ ഒരു കോടിയിലധികം വോട്ടുകള്‍ സെനറ്റ് സീറ്റുകളില്‍ മാത്രം ഡമോക്രാറ്റുകള്‍ക്ക് നേടാന്‍ കഴിഞ്ഞുവെന്നത് അവഗണിക്കാനാവാത്ത വസ്തുതയാണ്. ജനപ്രതിനിധി സഭയില്‍ ഡമോക്രാറ്റുകള്‍ക്ക് വ്യക്തമായ ഭൂരിപക്ഷം കരസ്ഥമാക്കാനായി. സെനറ്റില്‍ മേല്‍കൈ നിലനിര്‍ത്താനായതിന്റെ പേരില്‍ ഊറ്റംകൊള്ളുമ്പോഴും കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ആസ്വദിച്ചുപോന്നിരുന്ന അനിയന്ത്രിത അധികാരദുര്‍വിനിയോഗവുമായി മുന്നോട്ടുപോകാന്‍ ട്രംപിന് ആവില്ല. ആഗോള രാഷ്ട്രസമൂഹങ്ങള്‍ക്കും ജനതകള്‍ക്കും ലോകസമാധാനത്തിനും പ്രപഞ്ച നിലനില്‍പിനുതന്നെയും ഭീഷണി ഉയര്‍ത്തി തുടര്‍ന്നുവരുന്ന നയസമീപനങ്ങള്‍ ലാഘവബുദ്ധിയോടെ ഇനിയും മുന്നോട്ടുകൊണ്ടുപോകാന്‍ കഴിഞ്ഞേക്കില്ല. ട്രംപ് ഭരണകൂടത്തിന്റെ ഭ്രാന്തന്‍ നയപരിപാടികള്‍ യുഎസ് ജനപ്രതിനിധിസഭയുടെ സൂക്ഷ്മനിരീക്ഷണത്തിലാവും. തെരഞ്ഞെടുപ്പുഫലങ്ങള്‍ ട്രംപ് നേതൃത്വം നല്‍കുന്ന ഏകകക്ഷി ഭരണത്തിനാണ് അന്ത്യംകുറിച്ചിരിക്കുന്നത്. ആരോഗ്യപരിരക്ഷ, കുടിയേറ്റ ജനതകളോടുള്ള ഭരണകൂടസമീപനം, വര്‍ണവിവേചന നയങ്ങളും അതിക്രമങ്ങളും, തൊഴിലാളികള്‍ക്കും സ്ത്രീകള്‍ക്കും ഭിന്നലിംഗക്കാര്‍ക്കും എതിരായ അവകാശ നിഷേധങ്ങള്‍ എന്നിവയെല്ലാം ചോദ്യം ചെയ്യപ്പെടും. മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ വന്‍മതില്‍ നിര്‍മാണ പദ്ധതിയടക്കം പലതും ഇനി സുഗമമായി തുടരാന്‍ കഴിഞ്ഞേക്കില്ല. അധികാരം കയ്യാളുന്ന പ്രസിഡന്റിനെ എതിര്‍ക്കുന്ന പാര്‍ട്ടി പ്രതിനിധിസഭയില്‍ ഭൂരിപക്ഷം നേടുകയെന്നത് അസാധാരണമല്ല. എന്നിരിക്കിലും ലോകത്തെ ഏറെ കരുത്തുറ്റ ഭരണാധികാരിയുടെ മേല്‍ ജനകീയ നിയന്ത്രണമെന്നത് യുഎസ് ജനതയ്ക്കും ലോകത്തിനും ആശ്വാസകരം തന്നെയാണ്.
മധ്യകാല യുഎസ് തെരഞ്ഞെടുപ്പ് ആ രാജ്യത്തിന്റെ ചരിത്രത്തിലെ ഏറ്റവും പുരോഗമനാത്മകമായ ഒന്നായി മാറിയെന്നാണ് ഫലങ്ങള്‍ തെളിയിക്കുന്നത്. 435 അംഗ പ്രതിനിധിസഭയിലേക്കും സെനറ്റിലെ 34 സീറ്റുകളിലേക്കും 34 സംസ്ഥാന ഗവര്‍ണര്‍ പദവികളിലേക്കും ഡസന്‍കണക്കിന് പ്രാദേശിക ഭരണസ്ഥാപനങ്ങളിലേക്കും നടന്ന തെരഞ്ഞെടുപ്പില്‍ 743 ട്രേഡ് യൂണിയന്‍ അംഗങ്ങളെ വിജയിപ്പിക്കാനായി. അത് ആ രാജ്യത്തിന്റെ ചരിത്രത്തില്‍ അഭൂതപൂര്‍വമായ തൊഴിലാളിവര്‍ഗ മുന്നേറ്റമായി വിലയിരുത്തപ്പെടുന്നു. യുഎസ് ജനപ്രതിനിധിസഭയുടെ ചരിത്രത്തില്‍ ആദ്യമായി രണ്ട് മുസ്‌ലിം വനിതകള്‍ അംഗങ്ങളായി തെരഞ്ഞെടുക്കപ്പെട്ടു. ഇരുവരും കുടിയേറ്റ പശ്ചാത്തലമുള്ളവര്‍. ഭിന്ന ലൈംഗികാഭിരുചി പരസ്യമായി പ്രഖ്യാപിച്ച ജറേദ് പോളിസിന്റെ വിജയവും ചരിത്രം സൃഷ്ടിക്കുന്നതായി. ജോര്‍ജിയയുടെ ഗവര്‍ണര്‍ സ്ഥാനത്തേക്ക് മത്സരിച്ച കറുത്ത വര്‍ഗക്കാരി സ്റ്റാസി അബ്രാംസിന്റെ ജനവിധി ലോകം ആകാംക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. അത് ലോകത്തെ ഏറ്റവും പഴക്കമേറിയ ജനാധിപത്യമെന്ന് അഭിമാനിക്കുന്ന യുഎസിന്റെ തെരഞ്ഞെടുപ്പ് വൈകൃതങ്ങളെയും അതില്‍ നടക്കുന്ന ഭരണകൂട ഇടപെടലുകളെയുമാണ് തുറന്നുകാട്ടുന്നത്. ന്യൂയോര്‍ക്ക് നഗരപ്രദേശങ്ങള്‍ ഉള്‍പ്പെടുന്ന മണ്ഡലത്തില്‍ നിന്നും സോഷ്യലിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിച്ച് മത്സരിച്ച അലക്‌സാഡ്രിയ ഒകാസിയോ കോര്‍ട്‌സിന്റെ വിജയം ലോകശ്രദ്ധ പിടിച്ചുപറ്റി. രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പുവരെ യുഎസ് സമൂഹം പാതകമായി കരുതിയിരുന്ന സോഷ്യലിസ്റ്റ് ആശയങ്ങള്‍ക്ക് അവിടെ ലഭിച്ചുവരുന്ന സ്വീകാര്യത യാഥാസ്ഥിതിക അമേരിക്കയെ അമ്പരപ്പിച്ചിരിക്കുന്നു. ഒകാസിയോയുടെ തെക്കേ അമേരിക്കയില്‍ നിന്നുള്ള കുടിയേറ്റ പാരമ്പര്യവും അവര്‍ ജനപ്രതിനിധി സഭയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമാണെന്നുള്ളതും ശ്രദ്ധേയമാണ്. അടിച്ചമര്‍ത്തപ്പെട്ടവര്‍ക്കും അവഗണിക്കപ്പെട്ടവര്‍ക്കും കടന്നുചെല്ലാവുന്ന ഇടമായി യുഎസ് കോണ്‍ഗ്രസ് മാറിയിരിക്കുന്നുവെന്നത് ഒരു യുഗപ്പിറവിയെയാണ് അടയാളപ്പെടുത്തുന്നത്.
ദ്വികക്ഷി രാഷ്ട്രീയം ശക്തമായ യുഎസില്‍ കോര്‍പറേറ്റ് ധനാധിപത്യം വെല്ലുവിളിക്കപ്പെടുന്നുവെന്നതാണ് മറ്റൊരു ഘടകം. കഴിഞ്ഞ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡമോക്രാറ്റിക് സ്ഥാനാര്‍ഥിത്വത്തിനായി രംഗത്തിറങ്ങി അവസാന നിമിഷത്തില്‍ പിന്‍മാറേണ്ടിവന്ന ബേണി സാന്‍ഡേഴ്‌സ് മുന്നോട്ടുവച്ച ‘രാഷ്ട്രീയ വിപ്ലവം’ തെളിച്ച വഴി യുഎസ് രാഷ്ട്രീയത്തില്‍ നിര്‍ണായക പ്രേരണയായി മാറിയിരിക്കുന്നു. അത് യാഥാസ്ഥിതിക ഡമോക്രാറ്റിക് നേതൃത്വത്തിന്റെ അടിത്തറയെ പ്രകമ്പനംകൊള്ളിക്കുന്ന കാഴ്ചയാണ് മധ്യകാല തെരഞ്ഞെടുപ്പിലൂടെ കാണാനായത്. 2020ല്‍ നടക്കുന്ന അടുത്ത പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ തിരനോട്ടമായി ഈ തെരഞ്ഞെടുപ്പിനെ വിലയിരുത്തുന്നവര്‍ ഏറെയാണ്. തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ നിര്‍ണായക സ്വാധീനം ചെലുത്തിയ സാന്‍ഡേഴ്‌സ്, യുഎസ് ട്രേഡ് യൂണിയനുകള്‍, യുഎസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയടക്കം പുരോഗമന പ്രസ്ഥാനങ്ങള്‍ എന്നിവയ്ക്ക് കൂടുതല്‍ ആത്മവിശ്വാസവും പോരാട്ടത്തെ കരുത്തോടെ മുന്നോട്ടുനയിക്കാനുള്ള നിശ്ചയദാര്‍ഢ്യവും പകര്‍ന്നുനല്‍കിയ ഒന്നായി മധ്യകാല തെരഞ്ഞെടുപ്പ്. ട്രംപ് ഭരണകൂടത്തിന്റെ പ്രതിലോമ നയങ്ങള്‍ക്കെതിരായ ആഗോള ചെറുത്തുനില്‍പിന് തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കരുത്തുപകരും.